സ്പെഷ്യല്‍ കറസ്പോണ്ടന്‍റ്
(സി സി ന്യൂസ്)
ആറളം ഫാമിനെ വർഷങ്ങളായി വിറപ്പിച്ച ആ പേടിസ്വപ്നം ഒടുവിൽ മുത്തങ്ങയിലേക്ക് വഴിമാറുകയാണ്. വനംവകുപ്പിന്റെ കണക്കിൽ മാത്രം ഒമ്പത് ജീവനുകളെടുത്ത, ‘കണ്ണൂർ മഖ്ന-1’ എന്ന് ഡിപ്പാർട്ട്മെന്റ് വിളിക്കുന്ന ആ വമ്പൻ മോഴയാനയുടെ കഥയിൽ സംഭവബഹുലമായ ഒരു അധ്യായത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്.
2008 മുതൽ ആറളത്ത് ഭീതിയുടെ വിത്തുപാകിയ ആനക്കൂട്ടത്തിലെ ഏറ്റവും അപകടകാരിയായിരുന്നു അവൻ.
കഴിഞ്ഞവർഷം ഫെബ്രുവരി 23-ന് ബ്ലോക്ക് 13-ൽ വെച്ച് വെള്ളി-ലീല ദമ്പതികളെ ദാരുണമായി കൊലപ്പെടുത്തിയതോടെയാണ് മോഴയുടെ സമയം തെറ്റുന്നത്. പിന്നാലെ, ആറുമാസത്തിനുള്ളിൽ അതേ ബ്ലോക്കിലെ തന്നെ അനീഷിനെയും സ്വന്തം വീട്ടുമുറ്റത്തുവെച്ച് അടിച്ചുകൊന്നതോടെ വനംവകുപ്പ് കടുപ്പിച്ചു.

ജൂലൈ 25-ന് അന്നത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുകഴേന്തി ആനയെ മയക്കുവെടി വെച്ച് പിടികൂടി മാറ്റാൻ ഉത്തരവിട്ടു. തൊട്ടടുത്ത ദിവസം തന്നെ ഓപ്പറേഷനുള്ള നീക്കങ്ങളും തുടങ്ങി.
പക്ഷേ, സംഗതി അത്ര എളുപ്പമായിരുന്നില്ല! തനിക്കെതിരെ വലമുറുകുന്നത് തിരിച്ചറിഞ്ഞതുപോലെ മോഴ പിന്നെ വനംവകുപ്പിന് പിടികൊടുക്കാതെ ‘മുങ്ങിയും പൊങ്ങിയും’ കളിച്ചു. ഓണത്തിന് മുൻപ് അവസാനിപ്പിക്കാൻ പ്ലാൻ ചെയ്ത ദൗത്യം അങ്ങനെ രണ്ടുമാസത്തോളം നീണ്ടുപോയി.
ഇടയ്ക്കൊന്ന് ഉൾവനത്തിലേക്ക് വലിഞ്ഞ അവൻ വല്ലപ്പോഴും മാത്രം ഫാമിൽ തലകാട്ടുന്ന അതിഥിയായി. എന്നാൽ, കഴിഞ്ഞദിവസം കല്ലേരിക്കൊമ്പനും സുന്ദരിയെന്ന പിടിയാനയ്ക്കുമൊപ്പം അവൻ വീണ്ടും ആറളം പുനരധിവാസ മേഖലയിലേക്ക് തിരിച്ചെത്തി. സമയം കളയാതെ വനംവകുപ്പ് ദൗത്യം ദ്രുതഗതിയിലാക്കി.
മുത്തങ്ങയിൽ നിന്ന് മൂന്ന് കരുത്തരായ കുങ്കിയാനകളെയും ലൊക്കേഷനിൽ എത്തിച്ചു.
സാധാരണ ഒറ്റയ്ക്ക് നടക്കാറുള്ള മോഴ, പക്ഷേ അവസാന രണ്ടുദിവസം കൂട്ടുകാരുടെ കൂട്ടത്തിലായിരുന്നു! ബുധനാഴ്ച ദൗത്യം നടക്കാതിരുന്നതും ഈ കൂട്ടാളികളുടെ സാന്നിധ്യം കൊണ്ടാണ്.
വ്യാഴാഴ്ച പുനരധിവാസമേഖലയിലെ ഓടച്ചാലിൽ മോഴയെ കണ്ടെത്തുമ്പോൾ അവനൊപ്പം ഒന്നല്ല, ആറ് കൊമ്പന്മാരാണ് വീണ്ടും കാവലുണ്ടായിരുന്നത്! രണ്ടാം ദിനവും ദൗത്യം പാളുമെന്ന അവസ്ഥ.
പക്ഷേ, ദൗത്യസംഘം വിട്ടുകൊടുത്തില്ല. ആനക്കൂട്ടത്തിന്റെ സഞ്ചാരപാതയിൽ നാലുഭാഗത്തുമായി നിലയുറപ്പിച്ച അവർ, കൂട്ടാളികളെ ഓരോരുത്തരെയായി പുകച്ചും മാറ്റിയും ഒടുവിൽ മോഴയെ ഒറ്റയ്ക്കാക്കി.
തുടർച്ചയായി മയക്കുവെടിയേറ്റിട്ടും വീര്യം ചോരാതെ നിന്ന ആ വമ്പനെ മണിക്കൂറുകൾ നീണ്ട കഠിനപ്രയത്നത്തിനൊടുവിലാണ് ദൗത്യസംഘം തളച്ചതും വരുതിയിലാക്കിയതും.




