വിനോദയാത്ര ദുരന്തമായി; മഹാരാഷ്ട്രയില്‍ കടലില്‍ മുങ്ങി 8 വിദ്യാര്‍ഥികള്‍ മരിച്ചു

റായ്ഗഡ്: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലുള്ള ദിവീഗർ ബീച്ചില്‍ വിനോദസഞ്ചാരത്തിനെത്തിയ 8 വിദ്യാർഥികള്‍ കടലില്‍ മുങ്ങിമരിച്ചു.

പൂണെ ജില്ലയിലെ അലാന്തിയിലുള്ള സ്വകാര്യ കോച്ചിങ് അക്കാദമിയിലെ 11, 12 ക്ലാസുകളിലെ വിദ്യാർഥികളാണ് അപകടത്തില്‍പ്പെട്ടത്. തിരച്ചിലിനൊടുവില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വീണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

ദിഗി കോസ്റ്റല്‍ പൊലീസ് സ്റ്റേഷൻ പരിധിയില്‍ നിരവധി വിനോദസഞ്ചാരികള്‍ എത്തുന്ന ബീച്ചിലാണ് അപകടമുണ്ടായത്. അലന്തിയിലുള്ള വിന്നേഴ്‌സ് അക്കാദമി എന്ന കോച്ചിങ് സെന്ററിലെ 25 ആണ്‍കുട്ടികളും 17 പെണ്‍കുട്ടികളും 6 അധ്യാപകരും അടങ്ങുന്ന 48 അംഗ സംഘമാണ് വിനോദയാത്രയുടെ ഭാഗമായി ബീച്ചിലെത്തിയത്.

ഇവരില്‍ എട്ട് വിദ്യാർഥികള്‍ കടലിലിറങ്ങുകയും വെള്ളത്തിന്റെ ഒഴുക്കും ആഴവും കണക്കാക്കാൻ കഴിയാതെ തിരമാലയില്‍പെട്ട് മുങ്ങിപ്പോവുകയുമായിരുന്നു.

തൻമയ് ദത്താത്രയ് വാഹിലെ, സുമിത് ഭരത് അഹിരെ, പ്രണവ് രാംദാസ് ബൻസോഡെ, കൈവല്യ സതീഷ് വസങ്കർ, രാജ്‌വീർ യുവരാജ് വാഹിലെ, യാഷ് കിരണ്‍ വാങ്കഡെ, സോഹം തുക്കാറാം ഭണ്ഡ്‌വാള്‍ക്കർ, കൗസ്തുഭ് സന്ദീപ് ദൗണ്ട് എന്നിവരാണ് മരിച്ചത്. വിവരമറിഞ്ഞതിനെ തുടർന്ന് സ്ഥലത്തെത്തിയ തിരച്ചില്‍-രക്ഷാപ്രവർത്തന സംഘങ്ങളാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

അപകടത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അനുശോചനം രേഖപ്പെടുത്തി. സംഭവം അങ്ങേയറ്റം ദാരുണവും ഹൃദയഭേദകവുമാണെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.