ലഖ്‌നൗ: ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷമാകുന്നു. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ മാത്രം 56 പേര്‍ക്കാണ് കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ജീവന്‍ നഷ്ടപ്പെട്ടത്. അമ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് ദിവസത്തിനിടെ വിവിധ ജില്ലകളിലായി 2,254 വീടുകള്‍ തകര്‍ന്നു. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 45.1 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. സാധാരണ 1.8 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്ര ശക്തമായ മഴ പെയ്തതാണ് സ്ഥിതിഗതികള്‍ രൂക്ഷമാക്കിയത്. വിവിധ ജില്ലകളിലായി 17,000ത്തില്‍ അധികം പേരെ മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു. നദികളിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളപ്പൊക്ക ഭീഷണിയിലാണ്. അടിയന്തര സാഹചര്യം കണക്കിലെടുക്ക് ദുരന്തബാധിതര്‍ക്ക് അടിയന്തര ദുരിതാശ്വാസവും സഹായവും നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു.
കനത്തമഴയും വെള്ളപ്പൊക്കവും മൂലം ഒഡീഷയില്‍ ഒരു ലക്ഷത്തോളം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ഛത്തീസ്ഗഡില്‍ ദേശീയപാതകളില്‍ വെള്ളക്കെട്ടുണ്ടായതോടെ, ഗതാഗതം തടസ്സപ്പെട്ടു. ബസ്തര്‍ മേഖലയില്‍ നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 16 പേരെ വ്യോമസേന എയര്‍ലിഫ്റ്റ് ചെയ്തു.
അതേസമയം കോര്‍നാഥിലുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പടെയുള്ളവരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ മലയാളി സംഘം സീതാപൂരിലെത്തി. പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും സഹായത്തോടെയാണ് മലയാളികള്‍ പുറത്തെത്തിയത്. കേദാര്‍നാഥ് സന്ദര്‍ശിച്ച് സംഘം കാല്‍നടയായി മടങ്ങുമ്പോഴായിരുന്നു മണ്ണിടിച്ചില്‍ ഉണ്ടായത്. 55 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവര്‍ സംഘത്തിലുണ്ടായിരുന്നു.




