മണിപ്പൂരിൽ വീണ്ടും ആക്രമണം; രണ്ട് നാഗാ വിഭാഗക്കാർ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ സേനാപതി ജില്ലയിലെ കലന്‍ജാങ് ഗ്രാമത്തിലുണ്ടായ വെടിവെപ്പില്‍ രണ്ട് നാഗാ വിഭാഗക്കാർ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചൗവൈനാമേയി ഗ്രാമത്തില്‍നിന്നുള്ള റോക്കി മാവോ, ലായി ഷിറാഫി സ്വദേശിയായ കുമാര്‍ പൗമായി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ രണ്ടുപേരും നാഗാ വിഭാഗത്തില്‍പെട്ടവരാണ്. പരിക്കേറ്റവരെ ചികിത്സക്കായി സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സേനാപതി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

കലന്‍ജാങ് ഗ്രാമത്തലവന്റെ വീട്ടിനുള്ളിലായിരുന്ന നാഗാ പൗരന്മാര്‍ക്കുനേരെയാണ് വെടിവെയ്പ്പ് ഉണ്ടായതെന്നും അജ്ഞാതരായ ആയുധധാരികളാണ് ആക്രമണം നടത്തിയതെന്നും പൊലീസ് പറയുന്നു. ആക്രമണം നടന്ന സമയത്ത് രണ്ട് നാഗാ യുവാക്കള്‍ എങ്ങനെയാണ് കുക്കി ഗ്രാമത്തലവന്റെ വസതിയില്‍ ഉണ്ടായിരുന്നത് എന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുക്കി ഗോത്രത്തില്‍പ്പെട്ടവരാണ് ആക്രമണം നടത്തിയതെന്നാണ് പ്രാദേശിക വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ മണിപ്പൂര്‍ മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിംഗ് അപലപിച്ചു. ‘ഭീരുത്വപരമായ അക്രമം’എന്നാണ് സംഭവത്തെ വിശേഷിപ്പിച്ചത്.

കലന്‍ജാങ് ആക്രമണത്തിന് രണ്ട് ദിവസം മുമ്പ് കാംജോങ് ജില്ലയിലെ പിലോങ് ഗ്രാമത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യ -മ്യാന്‍മര്‍ അതിര്‍ത്തിക്ക് സമീപം നടന്ന വെടിവെപ്പില്‍ നാല് താങ്ഖുല്‍ നാഗാ വിഭാഗത്തില്‍പ്പെട്ടവര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഇതോടെ രണ്ട് ദിവസത്തിനിടെ ആറ് നാഗാ പൗരന്മാരാണ് വ്യത്യസ്ത ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഈ രണ്ട് സംഭവങ്ങളും സംസ്ഥാനത്തെ നാഗാ നിവാസികളുടെ സുരക്ഷയെച്ചൊല്ലി നാഗാ സിവിൽ സൊസൈറ്റി സംഘടനകൾക്കിടയിലുള്ള ആശങ്ക വർദ്ധിപ്പിച്ചിരിക്കുകയാണ്.

സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി യുമ്നം ഖേംചന്ദ് സിംഗ് ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും മണിപ്പൂരിലെ അക്രമം തുടരുകയാണ്. സംഘര്‍ഷഭരിതമായ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായി, സിംഗ് വിവിധ ജില്ലകള്‍ സന്ദര്‍ശിക്കുകയും കുക്കി-സോ, നാഗ വിഭാഗങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.