ചണ്ഡീഗഡ്: വിദ്യാർത്ഥിനി ലൈംഗികാതിക്രമത്തിന് ഇരായായെന്ന സോഷ്യല്‍ മീഡിയ പോസ്റ്റിന് പിന്നാലെ പഞ്ചാബിലെ സ്വകാര്യ സർവകലാശാലയില്‍ വൻ സംഘർഷം.
ലവ്‌ലി പ്രൊഫഷണല്‍ സർവകലാശാലയിലാണ് ഇന്ന് പുലർച്ചെയോടെ സംഘർഷം ആരംഭിച്ചത്. ക്യാമ്പസിനുള്ളില്‍ പാർക്ക് ചെയ്‌തിരുന്ന നിരവധി വാഹനങ്ങള്‍ക്ക് വിദ്യാർത്ഥികള്‍ തീയിടുകയും ക്യാമ്പസിലെ പല ഭാഗങ്ങളും അടിച്ചുതകർക്കുകയും ചെയ്‌തു.
ക്യാമ്പസ് ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന തരത്തിലുള്ള പോസ്റ്റുകള്‍ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലൊരു വാർത്ത പ്രചരിച്ചിട്ടും സർവകലാശാലയുടെ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണം ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥികള്‍ സംഘർഷമുണ്ടാക്കിയത്. ക്യാമ്പസിലെ വസ്‌തുവകകള്‍ അടിച്ചുതകർത്തതിനുശേഷം ഭഗ്വാഡ- ജലന്തർ ദേശീയ പാതയിലേക്കിറങ്ങിയ വിദ്യാർത്ഥികള്‍ മണിക്കൂറുകളോളം ഗതാഗത തടസമുണ്ടാക്കി. തുടർന്ന് പൊലീസും സർവകലാശാല അധികൃതരും സ്ഥലത്തെത്തിയാണ് വിദ്യാർത്ഥികളെ ശാന്തരാക്കിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് വിദ്യാർത്ഥികള്‍ക്ക് ഉറപ്പ് നല്‍കി.
എന്നാല്‍ ഈ വിഷയത്തില്‍ ഔദ്യോഗികമായ പരാതി ലഭിക്കാത്തതിനെ തുടർന്നാണ് അന്വേഷണം ഉണ്ടാകാത്തതെന്നാണ് സർകലാശാല പറയുന്നത്. തെറ്റായ പ്രചരണങ്ങളില്‍ വീഴരുതെന്ന് വിദ്യാർത്ഥികള്‍ക്ക് അധികൃതർ മുന്നറിയിപ്പും നല്‍കുന്നുണ്ട്.




