ഉപവാസ യജ്ഞങ്ങൾ വെറും പ്രഹസനമോ?

ഷാജി ആലുവിള

ഉപവാസം എന്നാൽ ഭക്ഷിക്കാതിരിക്കുക, നോമ്പ് എന്നൊക്കെ ആണ് അർത്ഥം എങ്കിലും ആത്മീയ നിലയിൽ ദൈവത്തോടൊപ്പം വസിക്കുന്നതിനെ ആണ് ഉപവാസം എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. മതപരമായി ചിന്തിച്ചാൽ ദൈവത്തിനു വേണ്ടി, പ്രാർത്ഥനയുടെ ഭാഗമായി ഭക്ഷണം ഉപേക്ഷിക്കുക. മനസും, ശരീരവും,ആത്മാവും ശുദ്ധമാക്കാൻ ആഹാരം വെടിഞ്ഞിരുന്നു പ്രാർത്ഥിക്കുന്നതിനെയാണ് ഉപവാസം എന്ന് ചിന്തിക്കേണ്ടത്.

ഭിക്ഷ കൊടുക്കണ്ടതിനെക്കുറിച്ചും പ്രാർത്ഥനയെ കുറിച്ചും യേശുക്രിസ്തു പറഞ്ഞതിന് ശേഷം മത്തായി: 6: 16 മുതൽ 19 വരെയുള്ള വാഖ്യത്തിൽ ഉപവാസത്തെ കുറിച്ചു പറയുന്നു. ലൂക്കോസ് 18: 12 ൽ പറയും പോലെ പരീശന്മാർ ആഴ്ചയിൽ രണ്ടു പ്രാവശ്യം ഉപവസിച്ചിരുന്നു. ഭക്തരെന്ന് നടിച്ചിരുന്ന പരീശന്മാർ മുടി ചീകാതെയും കുളിക്കാതെയും ദേഹത്ത് ചാരം പൂശിയും മുഖത്ത്, ചാരം വെള്ളത്തിൽ കലക്കി തേച്ചും വികൃതമായി ഭക്തി നടിച്ച് നടക്കാറുണ്ട്.

ഉപവാസങ്ങൾ സന്തോഷത്തിനും സമാധാനത്തിനും പ്രാർത്ഥനക്കുമുള്ള അവസരങ്ങൾ ആകണം. ശരിയായ ഉപവാസത്തിന്റെ മാതൃക നിനവെക്കാർ അനുഷ്ഠിച്ചതായി യോന: 3: 5 മുതൽ 10 വരെ യുള്ള വാക്യത്തിൽ പറയുന്നു. പാപത്താൽ ദൈവത്തിൽ നിന്നും അകന്നു പോയ ജനത്തെ അതുമൂലം വരുവാൻ പോകുന്ന ശിക്ഷാവിധിയിൽ നിന്നും രക്ഷിക്കണ്ടതിനുവേണ്ടിയും ദൈവത്തിങ്കലേക്ക് ജനത്തെ അടുപ്പിക്കണ്ടതിനും ദൈവം തന്റെ ദാസന്മാരായ പ്രവാചകൻമാരിലൂടെ ജനത്തോട് സംസാരിച്ചിരുന്നു.

വസ്ത്രങ്ങളെ അല്ല ഹൃദയങ്ങളെ തന്നെ കീറി അനുതാപതോടെ ദൈവത്തിങ്കലേക്ക് അവർ ഉപവാസത്തോടെ അടുത്തു ചെന്നതുകൊണ്ട് ദൈവീക ശിക്ഷ അവരിൽ നിന്നും മാറിയതായി പ്രവചന പുസ്തകങ്ങളിൽ നമുക്ക് കാണുവാൻ സാധിക്കുന്നു. അനുതാപത്തോട് ദൈവസന്നിധിയിലേക്ക് അടുത്തു ചെല്ലുന്ന ആരെയും കർത്താവ് ഉപേക്ഷിക്കയില്ല. സാത്താന്റെ പരീക്ഷയിൽ നിന്നും നമുക്ക് രക്ഷപ്രാപിക്കണമെങ്കിൽ ഉപവാസവും പ്രാർത്ഥനയും അനിവാര്യമെന്ന് യേശുക്രിസ്തുവിന്റെ നാൽപ്പതു ദിവസത്തെ ഉപവാസത്തിൽ നിന്നും നമുക്ക് മനസിലാകുന്ന വസ്തുത ആണ്.

ദൈവീക ശബ്ദം കേൾക്കാനും ദൈവസാന്നീധ്യം അനുഭവിക്കുവാനും ഉപവാസം അവശ്യമാണ് എന്ന് മോശയുടെ നാൽപ്പതു ദിവസങ്ങളിലെ ഉപവാസവും നമ്മെ പഠിപ്പിക്കുന്നു. ഒരു ദേശത്തിന്റെ നാശം മാറുവാൻ ഉപവാസം ആവശ്യം ആയിരുന്നു എന്ന് നിനവെക്കാർ നമ്മെ പഠിപ്പിക്കുന്നു. ചുരുക്കിപറഞ്ഞാൽ ക്രിസ്തീയസഭകളുടെ വളർച്ചക്കും ഉയർച്ചക്കും കാരണം ആയതും പൂർവ്വപിതാക്കന്മാരുടെ ഉപവാസവും പ്രാർത്ഥനയും ആയിരുന്നു. ഇന്നും ദൈവസഭയുടെ നിലനിൽപ്പും വിജയവും വിശ്വാസികളുടെയും ദൈവദാസന്മാരുടെയും ഉപവാസവും പ്രാർത്ഥനയും ആണ്.

കഴിഞ്ഞുപോയ കൊറോണയുടെയും, ജലപ്രളയത്തിൻ്റെയും, നാളുകളിൽ ദൈവജനത്തിന്റെ ഉപവാസവും പ്രാർത്ഥനയും വിലയേറിയതായി നമുക്ക് കാണുവാൻ സാധിച്ചു.
ആഹാരം വെടിഞ്ഞു ഉപവാസത്തിൻ്റെ പേരിൽ എത്രദിവസം മുട്ടുമടക്കി ഇരുന്നാലും ദൈവത്തിനൊപ്പം അല്ലങ്കിൽ സമൂഹത്തെ കാണിക്കുവാൻ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ മാത്രമാണ് അത്. അനുതാപ ഹൃദയത്തോടെ ദൈവത്തോട് അടുത്ത് ചെന്നു ദൈവശബ്ദത്തിനായി കാത്തിരിക്കുന്നതാകണം ഉപവാസം. അങ്ങനെ എങ്കിൽ നമ്മൾ വിപ്ലവകരമായ ആത്മീയ അനുഭവങ്ങൾക്ക് സാക്ഷികളും.

പഴയനിയമ നേതാക്കന്മാരും പ്രവാചകരും രാജാക്കന്മാരും അങ്ങനെയാണ് വിജയംവരിച്ചത്.
വീട്ടിൽ കലഹവും, സഭയിൽ ബഹളവും, പ്രസ്ഥാനത്തിൽ ഭിന്നതയും വെച്ചുകൊണ്ട് എത്ര ഉപവാസ പരമ്പര നടത്തിയാലും അതൊക്കെ വെറും ശബ്ദ കോലാഹലങ്ങളും ആൾക്കൂട്ടവും മാത്രമാണ്.

ഭവനത്തിൽ സമാധാനം കൊടുക്കാതെ ഭർത്താവിനെ തല്ലിയും, ഭാര്യയെ മർദ്ദിച്ചും, മക്കൾക്ക് സ്വസ്ഥത കൊടുക്കാതെ മരുമക്കളോടും വഴക്കും നടത്തി ആത്മീയം അഭിനയിച്ച് ഉപവസിച്ചാലോ, ആരാധിച്ചാലോ അതൊക്കെ വെറും പ്രകകടനവും ഭക്തിയുടെ വേഷവും മാത്രമാണ്. ആത്മീയ സമ്പൂർണ്ണതയുടെ ബന്ധമാണ് സ്നേഹം. അതില്ലാത്ത പ്രാർഥനയും ഉപവാസവും വെറും പ്രഹസനം മാത്രം. അധികാരത്തിനും സ്ഥാനത്തിനും വേണ്ടി ഉപവസിക്കുന്നത് വെറും കാപട്യമാണ്. അവിടെയുമിടെയും അപവാദം പറഞ്ഞിട്ട് അവസരവാദികളായി ഉപവാസിക്കുന്നതും പ്രാർത്ഥിക്കുന്നതും ദൈവം കേൾക്കുമോ?

എല്ലാവരെയും സ്നേഹിക്കുകയും എളിയവരെ ആദരിക്കയും, ക്ഷമിക്കേണ്ടത് ക്ഷമിക്കുകയും, ചെയ്തിട്ട് വേണം ഉപവാസം അനുഷ്ടിക്കേണ്ടത്.

ദൈവവത്തിനു നമ്മോട് പ്രസാദം ഉള്ളതായിരിക്കട്ടെ നമ്മുടെ ഉപവാസം. ദൈവമക്കൾക്ക് ദൈവത്തോടുള്ള കൂട്ടായ്മ ആയിരിക്കണം ഉപവാസം. നമ്മുടെ ഉപവാസത്താൽ സഭ പണിയപ്പെടട്ടെ, ദൈവജനം അനുഗ്രഹിക്കപ്പെടട്ടെ, ഭവനവും, കുടുംബവും സമാധാനം പ്രാപിക്കണം, ദേശം വിടുവിക്കപ്പെടുകയും നമ്മൾ ദൈവശബ്ദം കേൾക്കുവാൻ ഇടയാകുകയും ചെയ്യട്ടെ. സാത്താന്റെ പരീക്ഷകളിൽ നിന്നും ദൈവം നമ്മെ രക്ഷിക്കുന്നതിനും, ജീവിതരൂപീകരണത്തിനും സ്നേഹത്തിൻ്റെ ഐക്യതയിൽ പരസ്പ്പരമൊന്നായി തീരുന്നതിനും ആയിരിക്കട്ടെ നമ്മുടെ ഉപവാസവും പ്രാർത്ഥനയും!!!