വീണ്ടും ഇടുക്കിയില്‍ കാട്ടാന ആക്രമണം; പൂപ്പാറയില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു; കലഞ്ഞൂർ കരിമ്പുലി ഭീതിയിൽ

ഇടുക്കി: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. ഇടുക്കി പൂപ്പാറ പന്തടിക്കളം സ്വദേശി വിജയന്‍ പി വി(47) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചയാണ് സംഭവം. ചക്കകൊമ്പന്‍ എന്ന് വിളിപ്പേരുള്ള കാട്ടാനയാണ് ആക്രമിച്ചത് എന്ന് നാട്ടുകാര്‍ പറഞ്ഞു.

നാല് മാസത്തിനിടെ മേഖലയില്‍ കാട്ടാന ആക്രമണത്തില്‍ മരിക്കുന്ന നാലാമത്തെ ആളാണ് വിജയന്‍. പണി സ്ഥലത്തെ ഷെഡില്‍ നിന്ന് രാവിലെ വീട്ടിലേക്ക് പോകുന്ന വഴിയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. സംഭവസ്ഥലത്തുവെച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പാണ് ഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ അതിഥി തൊഴിലാളിക്ക് ജീവന്‍ നഷ്ടമായത്. റോഡിലൂടെ നടന്ന് പോവുകയായിരുന്ന യുവാവിനെയാണ് കാട്ടാന ആക്രമിച്ചത്. ജോലിക്ക് ശേഷം താമസ സ്ഥലത്തേക്ക് പോകവെ കാട്ടാന ആക്രമിക്കുകയായിരുന്നു.

പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാനക്കലിയില്‍ വിനോദ സഞ്ചാരിക്കാണ് ജീവന്‍ നഷ്ടമായത്. അട്ടപ്പാടി പരിപ്പന്തറയില്‍ ഭവാനിപ്പുഴയുടെ തീരത്ത് വെച്ചായിരുന്നു സംഭവം. നായാടിക്കുന്ന് സ്വദേശി 52കാരിയായ ബൂഷറയാണ് മരിച്ചത്. ഭവാനിപുഴയുടെ തീരത്ത് ബന്ധുക്കളുടെ ഒപ്പം നില്‍ക്കുമ്പോഴായിരുന്നു ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. താവളത്തെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ട് 4 മണിയോടെയായിരുന്നു മരണം സംഭവിച്ചത്.

പത്തനംതിട്ട കലഞ്ഞൂരിൽ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി. കലഞ്ഞൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽപ്പെട്ട എലിക്കോട് ഇരുക്കുഴി ഭാഗത്ത് ജനവാസമേഖലയ്ക്ക് സമീപം കരിമ്പുലിയെ കണ്ടത്. ഇന്നലെ രണ്ടു തവണയായിട്ടാണ് നാട്ടുകാർ കരിമ്പുലിയെ ഈ പ്രദേശത്ത് കണ്ടത്.

രാവിലെ റബ്ബർ ടാപ്പിങ് തൊഴിലാളികളാണ് ആദ്യം കരിമ്പുലിയെ കാണുന്നത്. പിന്നീട് വൈകീട്ട് അഞ്ചു മണിയോടെ പ്രദേശവാസികളായ നാട്ടുകാരും ഈ പ്രദേശത്ത് കരിമ്പുലിയുടെ സാന്നിധ്യം കാണുകയായിരുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഒമ്പതാം വാർഡ് മെമ്പർ പ്രസന്നകുമാരി വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചു. തുടർന്ന് വനംവകുപ്പ് പ്രദേശത്ത് കരിമ്പുലിയുടെ
സാന്നിധ്യം നിരീക്ഷിക്കുന്നതിനായി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.