ജൊഹാനസ്ബര്‍ഗില്‍ 9 യുവതികളുടെ കൊലപാതകം; പ്രതിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കൂട്ടയോട്ടവുമായി പ്രതിഷേധം

ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗില്‍ രണ്ട് മാസത്തിനിടെ ഒമ്പത് യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.

കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഒരേ വ്യക്തിയാണെന്ന സംശയം ഉയർന്നതോടെ പ്രതിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വിവിധ സർവകലാശാലകളിലെ വിദ്യാർഥികളും നാട്ടുകാരും ചേർന്ന് കൂട്ടയോട്ടം സംഘടിപ്പിച്ചു. വ്യായാമത്തിനായി വീട്ടില്‍ നിന്ന് ഓടാനിറങ്ങിയ എലിസബത്ത് മോസെല്‍ക്ഗോമോയെ കാണാതായതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം റോഡരികില്‍ ഇവരുടെ മൃതദേഹം കണ്ടെത്തി. ഇതിന് പിന്നാലെയാണ് സമാന സാഹചര്യങ്ങളില്‍ കൂടുതല്‍ യുവതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എകുർഹുലേനി മുനിസിപ്പാലിറ്റി പരിധിയിലാണ് രണ്ട് മാസത്തിനിടെ ഒമ്പത് കൊലപാതകങ്ങള്‍ റിപ്പോർട്ട് ചെയ്തത്.

20നും 30നും ഇടയില്‍ പ്രായമുള്ളവരാണ് കൊല്ലപ്പെട്ട യുവതികള്‍. എല്ലാവരും ലൈംഗികമായി പീഡിപ്പിക്കപ്പെട്ട ശേഷമാണ് കൊല്ലപ്പെട്ടതെന്നാണ് അന്വേഷണത്തില്‍ പുറത്തുവന്ന വിവരം. കൊലപാതകങ്ങളിലെ സമാനതകളാണ് ഒരേ കുറ്റവാളിയാകാമെന്ന സംശയത്തിന് പിന്നില്‍. എന്നാല്‍ ഒമ്പത് കൊലപാതകങ്ങള്‍ക്കും പിന്നില്‍ ഒരാള്‍ തന്നെയാണെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

കെംപ്ടൻ പാർക്ക് പൊലീസ് സ്റ്റേഷനു മുന്നില്‍ നിന്നാണ് പ്രതിഷേധവും കൂട്ടയോട്ടവും ആരംഭിച്ചത്. വിവിധ സർവകലാശാലകളില്‍നിന്നുള്ള വിദ്യാർഥികള്‍ ഉള്‍പ്പെടെ നിരവധി പേർ പ്രതിഷേധത്തില്‍ പങ്കെടുത്തു. സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും സംഭവങ്ങള്‍ക്ക് പിന്നിലുള്ളവരെ ഉടൻ കണ്ടെത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കുറ്റകൃത്യങ്ങളെക്കുറിച്ച്‌ വിവരം നല്‍കുന്നവർക്ക് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പൊലീസിലെ അഴിമതിയും അന്വേഷണത്തിലെ വീഴ്ചകളുമാണ് കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകുന്നതെന്ന് ചില പ്രതിഷേധക്കാർ ആരോപിച്ചു. അതേസമയം, എന്തുവിലകൊടുത്തും കുറ്റവാളിയെ കണ്ടെത്തുമെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറില്‍ റാമഫോസ പ്രഖ്യാപിച്ചതായി റിപ്പോർട്ടുണ്ട്.