25 മണിക്കൂർ നീണ്ട ശസ്ത്രക്രിയ; തലയോട്ടി ഒട്ടിച്ചേർന്ന എത്യോപ്യൻ ഇരട്ടക്കുട്ടികളെ വിജയകരമായി വേർപ്പെടുത്തി

ന്യൂഡല്‍ഹി:അമേരിക്കയിലെ സെന്റ് ലൂയിസിൽ തലയോട്ടിയുടെ മുകൾഭാഗത്ത് പരസ്പരം ഒട്ടിച്ചേർന്ന നിലയിൽ ജനിച്ച എത്യോപ്യൻ ഇരട്ട പെൺകുട്ടികളെ 25- മണിക്കൂര്‍ നീണ്ട അതീവ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി വേർപ്പെടുത്തിയതായി ‘ന്യൂയോര്‍ക്ക് പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ട് വയസുകാരായ ഹിയാബിനെയും വുഹ്ബ്തോയെയും എസ്.എസ്.എം ഹെൽത്ത് കാർഡിനൽ ഗ്ലെന്നൻ ചിൽഡ്രൻസ് ആശുപത്രിയിലെ വിദഗ്ധ സംഘമാണ് വേർപ്പെടുത്തിയത്.

ഈ അപൂർവ ശസ്ത്രക്രിയ നടന്നത് 2026 ഫെബ്രുവരി 24 മുതൽ 25 വരെയാണ്. എന്നാൽ ശസ്ത്രക്രിയയുടെ വിശദാംശങ്ങൾ ആശുപത്രി അധികൃതർ ഔദ്യോഗികമായി പുറത്തുവിട്ടത് 2026 സെപ്റ്റംബർ 16 നാണ്.

എത്യോപ്യയിൽ ജനിച്ച ഇരട്ടകൾ 2025 മാർച്ചിൽ, ഒന്നാം പിറന്നാളിന് തൊട്ടുമുമ്പാണ് അമേരിക്കയിലെ സെന്റ് ലൂയിസിൽ എത്തിയത്. വേർപെടുത്തൽ ശസ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പിനായി പിന്നീട് ഒരു വർഷത്തോളം വിവിധ ഘട്ടങ്ങളിലുള്ള ചികിത്സയും ശസ്ത്രക്രിയകളും നടത്തി. അന്തിമ വേർപെടുത്തലിന് മുമ്പ് ഏകദേശം 300 മണിക്കൂർ നീണ്ട ആസൂത്രണവും തന്ത്രപരമായ തയ്യാറെടുപ്പുകളും നടത്തിയതായി ആശുപത്രി അറിയിച്ചു.

അന്തിമ ശസ്ത്രക്രിയ ഫെബ്രുവരി 24ന് രാവിലെ എട്ടിന് ആരംഭിച്ചു. അന്ന് ഉച്ചയ്ക്ക് ഒന്നിന് ആദ്യ മുറിവുണ്ടാക്കി. ഫെബ്രുവരി 25ന് പുലർച്ചെ 2.31നാണ് ഇരുവരെയും പൂർണമായി വേർപ്പെടുത്തിയത്. തുടർന്ന് ഇരുകുട്ടികൾക്കും പ്രത്യേകം തലയോട്ടി പുനർനിർമാണ നടപടികൾ ഉൾപ്പെടെയുള്ള ചികിത്സ നൽകി.

രാവിലെ 7.30ഓടെ ഇരുവരെയും ഓപ്പറേഷൻ തിയറ്ററിൽ നിന്ന് രണ്ട് പ്രത്യേക കിടക്കകളിലായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
തലയോട്ടിയിൽ ചേർന്ന ഇരട്ടകളെ വേർപ്പെടുത്തുന്നത് അത്യപൂർവമായ ശസ്ത്രക്രിയയാണ്. ആശുപത്രിയുടെ കണക്കനുസരിച്ച്, ലോകത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള 69 ക്രാനിയോപാഗസ് ഇരട്ടകളിൽ 62 വേർപെടുത്തൽ ശ്രമങ്ങൾ മാത്രമാണ് നടന്നിട്ടുള്ളത്.

തലയിൽ ചേർന്ന ഇരട്ടകൾ ഏകദേശം 25 ലക്ഷം പ്രസവങ്ങളിൽ ഒന്നിൽ മാത്രമാണ് ഉണ്ടാകുന്നതെന്നും ആശുപത്രി പറയുന്നു.
ശസ്ത്രക്രിയയിൽ 30ലേറെ ശസ്ത്രക്രിയാ വിദഗ്ധർ ഉൾപ്പെടെ നിരവധി വിഭാഗങ്ങളിലെ ആരോഗ്യപ്രവർത്തകർ പങ്കെടുത്തു. ആകെ 100-ലേറെ ജീവനക്കാർ കുട്ടികളുടെ പരിചരണ സംഘത്തിന്റെ ഭാഗമായിരുന്നു. ആശുപത്രിയുടെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ആൻഡ്രൂ ജെ. വൈറ്റ് പറഞ്ഞു. പങ്കാളിത്തവും സഹകരണവും വൈദഗ്ധ്യവുമാണ് ഈ നേട്ടത്തിന്റെ അടിത്തറ. ഇത്തരമൊരു വേർപെടുത്തൽ ശസ്ത്രക്രിയയ്ക്ക് അതീവ കൃത്യതയും സൂക്ഷ്മമായ ആസൂത്രണവും വിവിധ മെഡിക്കൽ വിഭാഗങ്ങൾ തമ്മിലുള്ള സങ്കീർണമായ ഏകോപനവും ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശസ്ത്രക്രിയയ്ക്കുശേഷം കുട്ടികൾക്ക് സാധാരണയായി ചെയ്യാൻ കഴിയാത്ത പല കാര്യങ്ങളിലും ഇപ്പോൾ പരിശീലനം നൽകുന്നുണ്ട്. ഇരിക്കാനും പിന്നീട് നിൽക്കാനും നടക്കാനും ഭക്ഷണം കഴിക്കാനും സംസാരിക്കാനും മറ്റു കുട്ടികളുമായി ഇടപഴകാനും കളിക്കാനുമുള്ള പുനരധിവാസ ചികിത്സയാണ് പുരോഗമിക്കുന്നത്.

കുട്ടികൾ ഇപ്പോൾ മിസൗറിയിലെ റാങ്കൻ ജോർഡൻ പീഡിയാട്രിക് ബ്രിഡ്ജ് ആശുപത്രിയിൽ പുനരധിവാസവും തീവ്രമായ തുടർചികിത്സയും സ്വീകരിക്കുകയാണ്. എത്യോപ്യയിൽ നിന്ന് അമേരിക്കയിലെത്തിക്കുന്നതിലും തുടർപരിചരണത്തിലും വേൾഡ് പീഡിയാട്രിക്സ്, ലോല ചിൽഡ്രൻസ് ഹോം, റൊണാൾഡ് മക്‌ഡൊണാൾഡ് ഹൗസ് ചാരിറ്റീസ്, എത്യോപ്യൻ എയർലൈൻസ് തുടങ്ങിയ നിരവധി സ്ഥാപനങ്ങൾ സഹകരിച്ചു.

ആശുപത്രി പ്രസിഡന്റ് ഡോ. ഹൊസൈൻ മറാണ്ടിയുടെ അഭിപ്രായത്തിൽ, ഈ വേർപെടുത്തൽ ഒരു വൈദ്യശാസ്ത്ര നേട്ടം മാത്രമല്ല; കുട്ടികൾക്കും കുടുംബങ്ങൾക്കും പ്രതീക്ഷയും ഒരിക്കൽ അസാധ്യമെന്ന് കരുതിയിരുന്ന പുതിയ സാധ്യതകളും നൽകുന്നതിന്റെ ഉദാഹരണം കൂടിയാണ്. “അസാധാരണമായ വൈദ്യശാസ്ത്ര വൈദഗ്ധ്യവും കരുതലും നവീകരണവും ഒരുമിച്ചുചേർന്നാൽ എന്തെല്ലാം സാധ്യമാകുമെന്ന് ഈ യാത്ര തെളിയിക്കുന്നു” എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.