ദേശീയ തല സൈനിക ക്യാമ്പ് ഫയറിങില്‍ തിളങ്ങി അലീന

മൂവാറ്റുപുഴ: ദേശീയ തല സൈനിക് ക്യാമ്പില്‍ തിളക്കമാര്‍ന്ന വിജയം നേടി നാടിനും വിദ്യാലയത്തിനും അഭിമാനമായി മൂവാറ്റുപുഴ കലൂര്‍ക്കാട് കലൂര്‍ ഐപ്പ് മെമ്മോറിയല്‍ വിദ്യാര്‍ത്ഥിനി അലീന സന്തോഷ്.

ഡല്‍ഹിയില്‍ നടന്ന ക്യാമ്പില്‍ ജൂനിയര്‍ വിങ് വിഭാഗം സര്‍വീസ് ഫയറിങില്‍ മികച്ച നേട്ടമാണ് ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി അലീന സ്വന്തമാക്കിയത്.

കേരളാ-ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ചാണ് അലീന മാറ്റുരച്ചത്. സ്‌കൂളിലെ തന്നെ വിദ്യാര്‍ത്ഥിനി മാളവിക പ്രശാന്ത് കഴിഞ്ഞ വര്‍ഷം ക്യാമ്പില്‍ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച കേഡറുകള്‍ മാറ്റുരയ്ക്കുന്ന ക്യാമ്പ് വേദിയില്‍ സ്‌കൂളിന്റെ സാന്നിധ്യം ഒരിക്കല്‍ക്കൂടി ഉറപ്പിക്കാന്‍ അലീനയിലൂടെ സാധിച്ചത് സ്‌കൂളിന് ഇരട്ട നേട്ടമായി.

ശ്രമകരമായ സെലക്ഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കിയാണ് ദേശീയ ക്യാമ്പിലേക്ക് യോഗ്യത നേടുന്നത്. ഒബ്സ്റ്റക്കിള്‍ ട്രെയിനിങ്, ഫയറിങ്, മാപ്പ് റീഡിങ്, ജെഡിഎഫ് എസ്, ഹെല്‍ത്ത് ആന്‍ഡ് ഹൈജീന്‍ തുടങ്ങിയ കഠിനമായ മിലിട്ടറി മത്സര ഇനങ്ങളിലാണ് ക്യാമ്പില്‍ കേഡറ്റുകള്‍ മാറ്റുരയ്ക്കുന്നത്. കേരളാ-ലക്ഷദ്വീപ് ഡയറക്ടറേറ്റിലെ ഒരു ലക്ഷത്തില്‍ അധികം കേഡറ്റുകളില്‍ നിന്നും ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളില്‍ എട്ട് പേരാണ് ഫയറിങ് ടീമില്‍ ഇടം നേടിയിട്ടുള്ളത്.

തൊടുപുഴ, ഏഴല്ലൂര്‍ ന്യൂലൈഫ് ക്രിസ്ത്യന്‍ ചര്‍ച്ചിലെ ശുശ്രൂഷകനായ പാസ്റ്റര്‍ സന്തോഷ് ചെന്നിത്തലയുടെയും അമ്പിളി സന്തോഷിന്റെയും മകളാണ് അലീന. 18 കേരള ബറ്റാലിയന്‍ കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ ആര്‍എസ്ആര്‍ കൃഷ്ണന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ലഫ്‌നല്‍ കേണല്‍ അജയ് കുമാര്‍, പിഐ സ്റ്റാഫ്, സ്‌കൂള്‍ എന്‍സിസി ഓഫീസര്‍ ജിയോ റെജി എന്നിവരുടെ നേതൃത്വത്തിലുള്ള പരിശീലനമാണ് അലീനയെ നേട്ടത്തിന് അര്‍ഹയാക്കിയത്.