ടിയാനൻമെൻ കൂട്ടക്കൊല അനുസ്മരിക്കുന്നത് കുറ്റം; ഹോങ്കോംഗില്‍ മൂന്നു പേര്‍ക്ക് തടവുശിക്ഷ

ഹോങ്കോംഗ്: ഹോങ്കോംഗ് നഗരത്തില്‍ വർഷങ്ങളോളം ടിയാനൻമെൻ കൂട്ടക്കൊലാ അനുസ്മരണം സംഘടിപ്പിച്ചിരുന്ന മൂന്ന് ആക്ടിവിസ്റ്റുകള്‍ക്ക് കോടതി അഞ്ചു മുതല്‍ ഏഴു വരെ വർഷം തടവുശിക്ഷ വിധിച്ചു.

ലീ ച്യൂക്ക് യാൻ, ചൗ ഹാംഗ് തുംഗ്, ആല്‍ബർട്ട് ഹോ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ജനാധിപത്യ പ്രവർത്തനങ്ങള്‍ അടിച്ചമർത്താൻ ചൈന ഹോങ്കോംഗില്‍ നടപ്പാക്കിയ ദേശീയ സുരക്ഷാ നിയമം അനുസരിച്ചാണ് ഇവരെ വിചാരണ ചെയ്തത്.

2021 സെപ്റ്റംബറില്‍ അറസ്റ്റിലായ മൂന്നു പേരും വർഷങ്ങളായി കസ്റ്റഡിയിലായിരുന്നു. അട്ടിമറി, വിധ്വംസക കുറ്റങ്ങളാണ് ഇവർക്കെതിരേ കോടതിയില്‍ തെളിഞ്ഞത്.

ഹോങ്കോംഗിലെ പ്രമുഖ ജനാധിപത്യവാദി കൂടിയായ കർദിനാള്‍ ജോസഫ് സെൻ അടക്കമുള്ളവർ വിധിപ്രഖ്യാപനം കേള്‍ക്കാൻ കോടതിയിലെത്തിയിരുന്നു.