വാഷിങ്ടണ്‍: എച്ച്-1ബി വിസ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനുള്ള പദ്ധതിയുമായി ട്രംപ് ഭരണകൂടം. എച്ച്-1 ബി വിസക്കാര്‍ക്കുള്ള 60 ദിവസത്തെ ഗ്രേസ് പിരീഡ് നിര്‍ത്തലാക്കാനാണ് തീരുമാനം. എച്ച്-1ബി വിസയുള്ള ജീവനക്കാര്‍ക്ക് ജോലി നഷ്ടമായാല്‍ പുതിയ തൊഴില്‍ കണ്ടെത്താനും മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാനും രണ്ട് മാസത്തെ സാവകാശം നല്‍കുന്ന ചട്ടം അവസാനിപ്പിക്കാനാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അഞ്ച് ലക്ഷത്തിലേറെ ഇന്ത്യക്കാരെ ബാധിക്കുന്ന തീരുമാനമാണിത്. ചട്ടഭേദഗതിക്ക് അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വിഭാഗം രൂപം നല്‍കിയിട്ടുണ്ട്. എച്ച്1 ബി വിസയ്ക്കും മറ്റു താല്‍ക്കാലിക തൊഴില്‍ വിസകള്‍ക്കും ഇത് ബാധകമായിരിക്കും. കുടിയേറ്റ നയങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനായി ട്രംപ് സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് ഇതിനെ വിലയിരുത്തുന്നത്.
നിയമം പ്രാബല്യത്തില്‍ വരുന്നതോടെ താത്കാലിക തൊഴില്‍ വിസയിലുള്ളവര്‍ ജോലി നഷ്ടമായാല്‍ ഉടന്‍ തന്നെ അമേരിക്ക വിടേണ്ട സാഹചര്യമുണ്ടാകും. ഇന്ത്യക്കാരില്‍ തന്നെ ഐടി പ്രൊഫഷണലുകളെയാണ് ഈ തീരുമാനം ഏറ്റവും പ്രതികൂലമായി ബാധിക്കുക. 2017 മുതല്‍ നിലവില്‍ വന്ന ചട്ടത്തിലാണ് ഭേദഗതി വരുന്നത്. എച്ച് -1ബി വിസ അപേക്ഷ ഫീസ് കുത്തനെ വര്‍ധിപ്പിച്ച നടപടിക്ക് പിന്നാലെയാണ് അടുത്ത നീക്കം ട്രംപ് നടത്തിയിരിക്കുന്നത്.
അമേരിക്കന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തില്‍ വന്‍തോതില്‍ വിദേശ തൊഴിലാളികളെ ആശ്രയിക്കുന്ന യുഎസിലെ ഐടി കമ്പനികളെയും ഈ തീരുമാനം ബാധിക്കും. വിദേശ സാങ്കേതിക വിദഗ്ധരുടെ എണ്ണത്തില്‍ കുറവ് വരുന്നത് ഇത്തരം കമ്പനികളുടെ പ്രവര്‍ത്തനങ്ങളെ തന്നെ അവതാളത്തിലാക്കും.




