വാഹനം മോഷണം പോയാലോ? എന്നാല്‍ പിന്നേ, പാര്‍ക്കിംങ് വീടിന്റെ ടെറസില്‍ തന്നേ!

സാബു തൊട്ടിപ്പറമ്പില്‍

ഏറെ ആഗ്രഹിച്ച് വാങ്ങുന്ന വാഹനങ്ങള്‍ ഏതെങ്കിലും തരത്തില്‍ നഷ്ടപ്പെട്ടാല്‍ അത് വലിയ മനോവേദനയ്ക്ക് കാരണമായി തീരും. അപ്പോള്‍ കൃത്യതയോടെ സുരക്ഷിത നിര്‍മ്മിതികള്‍ ഉണ്ടാക്കും. വാഹനങ്ങള്‍ അത്തരം കേന്ദ്രങ്ങളില്‍ സൂക്ഷിക്കപ്പെടുകയും ആണ് പതിവ്.

എന്നാല്‍ അമിതമായ ആശങ്ക എങ്ങനെ മനുഷ്യനെ ചിന്തിപ്പിക്കുമെന്നുള്ള അസാധാരണ പ്രവര്‍ത്തിയാണ് ബിഹാറില്‍ നിന്ന് പുറത്ത് വരുന്ന ഒരു വാര്‍ത്ത.

മോഷണം പോകുമെന്ന ഭയത്തിൽ പുതിയ മഹീന്ദ്ര സ്‌കോർപിയോ എസ്‌യുവി വീടിന്റെ ടെറസിൽ കയറ്റിയിരിക്കുകയാണ് വാഹന ഉടമ. 13.37 മുതല്‍ 17.40-ലക്ഷം വരെ വില വരുന്നതാണ് ഈ വാഹനം.

ബിഹാറിലെ ഗോപാൽഗഞ്ചിലാണ് വാഹനമോഷണം തടയാൻ അസാധാരണ മാർഗ്ഗം സ്വീകരിച്ച സംഭവം ശ്രദ്ധ നേടുന്നത്. പുതിയ മഹീന്ദ്ര സ്‌കോർപിയോ ക്ലാസിക് ക്രെയിൻ ഉപയോഗിച്ചാണ് രണ്ടുനില വീടിന്റെ മുകളിലെ ടെറസിലേക്ക് ഉയർത്തിയത്. വാഹനത്തെ ക്രെയിനിൽ തൂക്കി ഉയർത്തി ടെറസിൽ സുരക്ഷിതമായി ഇറക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ഗോപാൽഗഞ്ചിലെ മാഞ്ചാ മേഖലയിലെ മീരാ ടോളയിലാണ് സംഭവം നടന്നതെന്നാണ് ‘ഇന്ത്യ ടു ഡേ’യുടെ റിപ്പോർട്ട്.

മനോജ് യാദവ് എന്നയാളുടേതാണ് വാഹനം. യാദവ് ഇസ്രായേലിൽ ജോലി ചെയ്യുകയാണ്. വിദേശത്തേക്ക് പോയപ്പോൾ പുതിയ സ്‌കോർപിയോ ഒരു ഡ്രൈവറുടെ സംരക്ഷണത്തിലായിരുന്നു. എന്നാൽ പിന്നീട് ഡ്രൈവർ ജോലി ഉപേക്ഷിച്ചതോടെ വാഹനം വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കുന്നതിനെക്കുറിച്ച് കുടുംബത്തിന് ആശങ്കയുണ്ടായി.

ഇതോടെയാണ് മോഷണം ഒഴിവാക്കാൻ വാഹനം വീടിന്റെ ടെറസിൽ തന്നെ സൂക്ഷിക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് ക്രെയിൻ എത്തിച്ച് ഏകദേശം രണ്ടുനില ഉയരത്തിലേക്ക് വാഹനം ഉയർത്തുകയായിരുന്നു. വൈറലായ വീഡിയോയിൽ കൂറ്റൻ ക്രെയിനിൽ എസ്‌യുവിയെ കെട്ടി പതുക്കെ ഉയർത്തി വീടിന്റെ ടെറസിലേക്ക് എത്തിക്കുന്നതും പിന്നീട് ശ്രദ്ധാപൂർവം താഴെയിറക്കുന്നതും കാണാം. വീടിന്റെ മുകളിൽ സ്‌കോർപിയോ നിർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയായി.

അതേസമയം, ഇത്രയും ഭാരമുള്ള ഒരു എസ്‌യുവി ടെറസിൽ നിർത്താൻ കെട്ടിടത്തിന് ആവശ്യമായ ശേഷിയുണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ടെറസിന്റെ ഘടനാപരമായ സുരക്ഷ സംബന്ധിച്ചും അധികൃതരുടെ വിശദീകരണം പുറത്തുവന്നിട്ടില്ല. അതിനാൽ മോഷണം തടയാനുള്ള ഉടമയുടെ അസാധാരണ ശ്രമം എന്ന നിലയിലാണ് സംഭവം വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. വാഹനമോഷണത്തെക്കുറിച്ചുള്ള ആശങ്കയെ തുടർന്ന് സാധാരണ സുരക്ഷാ സംവിധാനങ്ങൾക്ക് പകരം പുതിയ സ്‌കോർപിയോ തന്നെ ക്രെയിൻ ഉപയോഗിച്ച് വീടിന്റെ മുകളിലെത്തിച്ച സംഭവം ഇപ്പോൾ കൗതുകവാർത്തയായി മാറിയിരിക്കുകയാണ്.