എഡിറ്റോറിയലിന്റെ ഉത്തരവാദിത്വം വ്യക്തിക്കോ, മാധ്യമത്തിനോ?

• സാബു തൊട്ടിപ്പറമ്പിൽ

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ ‘സുപ്രഭാത’ത്തിൽ പ്രസിദ്ധീകരിച്ച ‘മര്യാദയ്ക്ക് സംസാരിക്കണം’ എന്ന ലേഖനം ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

പിന്നാലെ പത്രത്തിന്റെ ഭാഗത്തുനിന്നുണ്ടായ വിശദീകരണവും . ചോദ്യങ്ങൾ ഉയർത്തുന്നതാണ്.
ലേഖനം പത്രത്തിന്റെ എഡിറ്റോറിയൽ നിലപാടല്ലെന്നും, അത് ‘വ്യക്തിവിചാരം’ . കോളത്തിൽ പ്രസിദ്ധീകരിച്ച ലേഖനമാണെന്നുമാണ് വിശദീകരണം. സാധാരണ എഡിറ്റോറിയൽ പ്രത്യക്ഷപ്പെടുന്ന സ്ഥാനത്ത് വ്യക്തിവിചാരം വന്നതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമെന്നും വ്യക്തമാക്കുന്നു.

ഇവിടെയാണ് ഒരു സാധാരണ വായനക്കാരന്റെ മനസ്സിൽ ചില ചോദ്യങ്ങൾ ഉയരുന്നത്.
ഒരു ലേഖനം പത്രം സ്വീകരിക്കുന്നു. പത്രത്തിൽ പ്രസിദ്ധീകരിക്കുന്നു. തലക്കെട്ട് നൽകുന്നു. വായനക്കാരിലെത്തിക്കുന്നു. പിന്നീട് അത് വിവാദമാകുമ്പോൾ “ഇത് പത്രത്തിന്റെ അഭിപ്രായമല്ല, എഴുത്തുകാരന്റെ വ്യക്തിപരമായ അഭിപ്രായമാണ്” എന്ന് വിശദീകരിക്കേണ്ട സാഹചര്യം ഉണ്ടായത് എന്തുകൊണ്ടാണ്?

എഡിറ്റോറിയൽ എന്നത് പത്രത്തിന്റെ ഔദ്യോഗിക നിലപാട് അവതരിപ്പിക്കുന്ന ഇടമാണ്. വ്യക്തിവിചാരം എന്നത് എഴുത്തുകാരന്റെ അഭിപ്രായമാണ്. രണ്ടും തമ്മിലുള്ള വ്യത്യാസം വായനക്കാരന് വ്യക്തമായി മനസ്സിലാകേണ്ടതാണ്.
അത് വ്യക്തമാകാതെ പോയിട്ടുണ്ടെങ്കിൽ, ഈ അവതരണത്തിൽ പത്രത്തിന്റെ എഡിറ്റോറിയൽ സംവിധാനത്തിനും എന്തെങ്കിലും ഉത്തരവാദിത്വമുണ്ടോ എന്ന ചോദ്യം സ്വാഭാവികമായും ഉയരും.

ഇവിടെ മുഖ്യമന്ത്രിയെ വിമർശിച്ചതാണ് പ്രശ്നമെന്ന് പറയാനാവില്ല. ഒരു മാധ്യമത്തിന് മുഖ്യമന്ത്രിയെയും സർക്കാരിനെയും രാഷ്ട്രീയ നേതാക്കളെയും വിമർശിക്കാനുള്ള അവകാശമുണ്ട്. അധികാരത്തെ ചോദ്യം ചെയ്യുക എന്നത് മാധ്യമങ്ങളുടെ പ്രധാന ദൗത്യങ്ങളിലൊന്നുമാണ്.
പക്ഷേ വിമർശിക്കാനുള്ള അവകാശത്തോടൊപ്പം അത് പ്രസിദ്ധീകരിക്കുന്നതിനുള്ള ഉത്തരവാദിത്വവും ഉണ്ടാകണം.

ഒരു ലേഖനത്തിലെ അഭിപ്രായം എഴുത്തുകാരന്റേതായിരിക്കാം. എന്നാൽ അത് പ്രസിദ്ധീകരിക്കണമോ വേണ്ടയോ എന്ന തീരുമാനവും അത് എങ്ങനെ അവതരിപ്പിക്കണം എന്നതും പത്രത്തിന്റെ എഡിറ്റോറിയൽ സംവിധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.
അതുകൊണ്ടുതന്നെ ‘വ്യക്തിവിചാരം’ എന്ന പേരിൽ പ്രസിദ്ധീകരിക്കുന്ന ഒരു ലേഖനത്തിന്റെ കാര്യത്തിലും പത്രത്തിന്റെ പ്രസിദ്ധീകരണ ഉത്തരവാദിത്വത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ടതില്ലേ എന്ന ചോദ്യം പ്രസക്തമാണ്.
പ്രത്യേകിച്ച്, ഒരു ലേഖനം എഡിറ്റോറിയലായി വായിക്കപ്പെടുകയും അതിന്റെ പേരിൽ രാഷ്ട്രീയ ചർച്ചകൾ ഉണ്ടാകുകയും ചെയ്ത സാഹചര്യത്തിൽ, അതിന്റെ സ്വഭാവവും ഉത്തരവാദിത്വവും സംബന്ധിച്ച് കൂടുതൽ വ്യക്തത നൽകേണ്ടതുണ്ടോ എന്നതും ആലോചിക്കേണ്ട വിഷയമാണ്.
വിവാദമാകുന്നതിന് മുമ്പുതന്നെ അത് ‘വ്യക്തിവിചാരം’ ആണെന്ന് വായനക്കാരന് വ്യക്തമായി മനസ്സിലാകുന്ന തരത്തിൽ അവതരിപ്പിക്കേണ്ടത് പത്രത്തിന്റെ ഉത്തരവാദിത്വമായിരുന്നില്ലേ?
ഇതാണ് ഈ സംഭവത്തിൽ പ്രധാനമായി ഉയരുന്ന ചോദ്യം.

മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. അതുപോലെ തന്നെ മാധ്യമങ്ങളുടെ വിശ്വാസ്യതയും സംരക്ഷിക്കപ്പെടണം.
ഒരു പത്രത്തിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ അഭിപ്രായങ്ങളും പത്രത്തിന്റെ ഔദ്യോഗിക നിലപാടായിരിക്കണമെന്നില്ല. എന്നാൽ അത് വാർത്തയാണോ, വ്യക്തിയുടെ അഭിപ്രായമാണോ, പത്രത്തിന്റെ ഔദ്യോഗിക നിലപാടാണോ എന്നത് വായനക്കാരന് വ്യക്തമായി മനസ്സിലാകണം.
വാർത്തയെ അഭിപ്രായമായും, അഭിപ്രായത്തെ പത്രത്തിന്റെ നിലപാടായും തെറ്റിദ്ധരിക്കുന്ന സാഹചര്യം മാധ്യമങ്ങൾ ഒഴിവാക്കേണ്ടതാണ്.

ഇതിനിടെ മുഖ്യമന്ത്രിക്ക് പിന്തുണയുമായി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയതോടെ വിഷയത്തിന് രാഷ്ട്രീയ നിറവും കൈവന്നിട്ടുണ്ട്. എന്നാൽ അതിനപ്പുറം ഈ സംഭവത്തെ കാണേണ്ടത് ഒരു മാധ്യമധാർമ്മികതയുടെ ചോദ്യമായാണ്.
പത്രധർമ്മം എന്നത് ആരെ പിന്തുണയ്ക്കണം, ആരെ വിമർശിക്കണം എന്നതിൽ മാത്രം ഒതുങ്ങുന്നതല്ല.
വസ്തുതയെ വസ്തുതയായും, അഭിപ്രായത്തെ അഭിപ്രായമായും, പത്രത്തിന്റെ ഔദ്യോഗിക നിലപാടിനെ അതായും വായനക്കാരന് തിരിച്ചറിയാൻ കഴിയുന്ന സുതാര്യത ഉറപ്പാക്കുന്നതാണ് നല്ല മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാനം.

സുപ്രഭാതത്തിന് മുഖ്യമന്ത്രിയെ വിമർശിക്കാം. അതിൽ തെറ്റില്ല. എന്നാൽ അത്തരമൊരു വിമർശനം പ്രസിദ്ധീകരിക്കുമ്പോൾ അതിന്റെ സ്വഭാവവും ഉത്തരവാദിത്വവും വായനക്കാരന് വ്യക്തമായി മനസ്സിലാകുന്ന തരത്തിലുള്ള അവതരണം ഉറപ്പാക്കേണ്ടതുണ്ടോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം.
എഴുതിയത് പത്രത്തിൽ.
വായിച്ചത് ജനങ്ങൾ.
അപ്പോൾ ഉത്തരവാദിത്വത്തെക്കുറിച്ചുള്ള ചോദ്യം മാത്രം വ്യക്തിയിലൊതുക്കേണ്ടതുണ്ടോ?