ഭൂതവും ദൂതനും; പിന്നെ വിശ്വാസിയും!

പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്

ഭൂതത്തെ ദൂതനെന്നും ദൂതനെ ഭൂതം എന്നും വിളിക്കുന്ന കാലം. ഇവർ തമ്മിൽ പ്രവർത്തിയിലോ പ്രസംഗത്തിലോ ഒരു ബന്ധവുമില്ല. ഇവർ ഇരുവരും ഇന്ന് ലോകത്തിൽ ഉണ്ട്. തിരിച്ചറിയുവാൻ കഴിയുമോ? കഴിയും. എന്നാൽ ദുഃഖത്തോടെ പറയട്ടെ ഭേദാഭേദങ്ങളെ തിരിച്ചറിയാതെ പലരും നട്ടം തിരിയുകയാണ്.

വചനത്തിൻ്റെ സത്യങ്ങൾ തുറക്കപ്പെടുമ്പോൾ വിവേചനത്തിൻ്റെ ഹൃദയം ദൈവം നമുക്ക് നൽകും. ഭൂതം മധുരമായി സംസാരിക്കും, പുകഴ്ത്തും, അഭിനന്ദിക്കും. കേൾക്കുമ്പോൾ നമ്മെ കോൾമയിർ കൊള്ളിക്കുന്ന രീതിയിൽ അഭിസംബോധന ചെയ്യും. ആത്മ നിറവിൽ
പ്രാർത്ഥനാ സ്ഥലത്തേക്ക് നടന്നു ചെല്ലുന്ന അപ്പോസ്തോലന്മാർ വഴിമധ്യേ ഒരു ബാല്യക്കാരിത്തിയുമായി കൂട്ടിമുട്ടുന്നു.

കാശു കൊടുക്കാതെ നല്ലൊരു പരസ്യം അവൾ വിളിച്ചു പറയുന്നു. ഈ മനുഷ്യർ അത്യുന്നതനായ ദൈവത്തിൻ്റെ ദാസന്മാർ! ഒരുപക്ഷേ നാം ചിന്തിക്കും അവൾ പറയുന്നതിൽ തെറ്റ് എന്ത്? നല്ല കാര്യമല്ലേ പറയുന്നത്. എന്തുകൊണ്ട് അടുത്ത സ്റ്റേജിൽ അവളെയും കൂടെ കൊണ്ടുപോയി പ്രസംഗകരെ പരിചയപ്പെടുത്തുന്ന ആ പ്രധാന ചുമതല ഏൽപ്പിച്ചു കൂടാ?

എന്ത് പറയുന്നു എന്നതിലുപരിയായി ഏത് ആത്മാവിൽ പറയുന്നു എന്നുള്ളതിന് വലിയ പ്രാധാന്യം ഉണ്ട്. ഇവിടെ സ്തുതിപാടകരെ അപ്പോസ്തോലന്മാർക്ക് വേണ്ട അനുസരിക്കുന്നവരെ മതി. ഇതുതന്നെയല്ലേ നമുക്കും ഇന്ന് ആവശ്യം. പരിശുദ്ധാത്മാവുള്ള ജീവിതങ്ങൾ കേൾക്കുന്ന ശബ്ദങ്ങൾ എല്ലാം ദൈവത്തിൽ നിന്നോ അതോ ഭൂതാത്മാവിൽ നിന്നോ പുറത്തു വരുന്നത് എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.

എല്ലാ തുള്ളലും പുകഴ്ത്തലും അന്യഭാഷയും ദൈവത്തിൽ നിന്നുള്ളതല്ല. ചിലതൊക്കെ ഭൂതത്മാവിലാണ് എന്നുള്ള തിരിച്ചറിവ് വിശ്വാസി പ്രാപിക്കണം.

പരിശുദ്ധാത്മാവ് പേക്കിനാവ് കാണിക്കില്ല. കണ്ടത് ദൈവത്തിൻ്റെ ദൂതനെയോ അതോ ഭൂതത്തെയോ എന്നുള്ള അറിവും നാം പ്രാപിക്കണം. ഇവിടെ പരിശുദ്ധാത്മാവ് സകല സത്യത്തിലും നമ്മെ വഴി നടത്തുന്നു. സാത്താൻ താനും വെളിച്ച ദൂതൻ്റെ വേഷം ധരിച്ചു ദൈവ ജനത്തെ വഞ്ചിക്കുവാൻ കടന്നുവരുമ്പോൾ ഓർക്കുക, ചില വ്യക്തികളിൽ വ്യാപരിക്കുന്ന ആത്മാവ് പരിശുദ്ധാത്മാവ് അല്ല, അത് ഭൂതാത്മാവും ദുരാത്മാവും അത്രേ.

ഇന്നുള്ള ഭൂതത്തെ തിരിച്ചറിയുവാൻ കണ്ണുകളിൽ വില കൊടുത്ത് വാങ്ങിയ ലേബം പുരട്ടേണ്ടത് ആവശ്യമാണ്. റീലുകളിൽ ദൂതനായും റീയൽ ജീവിതത്തിൽ ഭൂതമായും ജീവിക്കുന്നവരെ വിട്ടകന്ന് മാറുവിൻ. ഈ അഭിനയ വീരന്മാരിൽ വ്യാപരിക്കുന്ന ആത്മാവ് ഭൂതാത്മാവ് അത്രേ. ലൈറ്റും സൗണ്ടും മൈക്കും സ്റ്റേജും ഇവരുടെ കളിക്കളമാണ്.

ദൈവത്തിൻ്റെ ദൂതൻ തൻ്റെ ജനത്തിനു വേണ്ടി കല്ലുകൾ ഉരുട്ടി മാറ്റുമ്പോൾ ഭൂതം കല്ലെടുത്ത് എറിയും. ഭൂതം അലറും. എന്നാൽ ദൂതൻ അനുസരിക്കാത്തവനെ അടിക്കും. ദൂതൻ കാരാഗ്രഹത്തിൻ്റെ വാതിൽ തുറക്കുമ്പോൾ ഭൂതം കാരാഗ്രഹത്തിൽ നമ്മെ എത്തിക്കും. ഭൂതം ചാടി വീഴുമ്പോൾ ദൂതൻ ചാടി ഇറങ്ങും. ഭൂതം തള്ളിയിടും എന്നാൽ ദൂതൻ വീഴാതെ നമ്മെ താങ്ങും. ദൈവത്തിൻ്റെ ദൂതൻ കുളം കലക്കും എന്നാൽ ഭൂതം ഭവനം കലക്കും.

ഭൂതാത്മാവ് ബാധിച്ചവൻ കല്ലറയിൽ കിടക്കുന്നു. ദൂതന്മാർ സ്വർഗ്ഗത്തിൽ വസിക്കുന്നു. ദൂതൻ സദ് വർത്തമാനവുമായി കടന്നുവരുമ്പോൾ ഭൂതം കപട സന്ദേശവുമായി വരുന്നു. ഭൂതം ചിതറിക്കുന്നു. ദൂതൻ ഭൂമിയുടെ ഒരറ്റം മുതൽ മറ്റേ അറ്റംവരെ ശേഖരിക്കുന്നു.

വാഴ്ത്തപ്പെട്ടവനായ കർത്താവ് മരുഭൂമിയിൽ പരീക്ഷിക്കപ്പെടുമ്പോൾ ശിഷ്യന്മാർ ആരും അരികിൽ ഇല്ലായിരുന്നു. എന്നാൽ വചനം പറയുന്നു ദൂതന്മാർ അവനെ ശുശ്രൂഷിച്ചു (മർക്കോസ് 1: 13). ഭൂതം ഒരിക്കലും ശുശ്രൂഷിക്കുകയില്ല ഉപദ്രവിക്കുകയത്രേ ചെയ്യുന്നത്. യേശു താൻ സ്നേഹിച്ച ശിഷ്യന്മാരുടെ അടുക്കലേക്ക് ആ രാത്രിയിൽ കടലിനു മുകളിലൂടെ നടന്നടുക്കുമ്പോൾ ശിഷ്യ ഗണങ്ങൾക്കൊരു സംശയം അത് ഭൂതമാണോ എന്ന്? ഉയർത്തെഴുന്നേറ്റ യേശുവിനെ കണ്ടപ്പോഴും ഇതേ സംശയം അവരുടെ ഉള്ളിൽ വന്നു, അത് ഭൂതമായിരിക്കും.

അശൂർ പാളയത്തിൽ അന്ന് രാത്രി യഹോവയുടെ ദൂതൻ ഇറങ്ങിയപ്പോൾ 185000 ആയുധധാരികൾ ശവങ്ങളായി നിലത്ത് വീണു. ഗദരയിൽ ഭൂതം ഒരുവനിൽ നിന്ന് ഇറങ്ങിയപ്പോൾ രണ്ടായിരത്തോളം പന്നികൾ വീർപ്പുമുട്ടി കടലിൽ ചാടി ആത്‌മഹത്യ ചെയ്തു. ഭൂതം ഒരുവനെ തീയിലും വെള്ളത്തിലും തള്ളിയിട്ടു കൊല്ലുവാൻ ശ്രമിക്കുമ്പോൾ യഹോവയുടെ ദൂതൻ ലോത്തിനെയും കുടുംബത്തെയും ന്യായവിധിയുടെ തീയിൽ നിന്ന് വലിച്ച് പുറത്താക്കി രക്ഷിക്കുകയാണ് ചെയ്തത്.

വചനം പറയുന്നു ദൂതന്മാർ ശുശ്രൂഷയ്ക്ക് അയക്കപ്പെടുന്ന സേവകാത്മക്കളല്ലയോ (എബ്രായർ 1: 14).

ഇരുട്ടിനെ വെളിച്ചമാക്കുകയും സത്യത്തെ വളച്ചൊടിച്ച് വികലമാക്കി പ്രസ്താവിക്കുന്ന ഈ കാലഘട്ടത്തിൽ കേൾക്കുന്ന എല്ലാ ശബ്ദത്തിനും ചെവി കൊടുക്കരുത്. കാണുന്നതിൽ എല്ലാം വിശ്വസിക്കരുത്. ദൈവജനം ജ്ഞാനത്തിൻ്റെയും പരിജ്ഞാനത്തിൻ്റെയും ആത്മാവിനെ പ്രാപിച്ചുകൊണ്ട് ഇത് ദൈവത്തിൽ നിന്നുള്ളതോ ഭൂതത്തിൽ നിന്നുള്ളതോ എന്ന് വിശുദ്ധ വചനവുമായി വിലയിരുത്തുക. ഇല്ല എങ്കിൽ നാം ചതിയിലും കുടുക്കിലും അകപ്പെടും.