ന്യൂഡൽഹി: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ലോകബാങ്കിന്റെ കീഴിലുള്ള ആർബിട്രേഷൻ കോടതി പുറപ്പെടുവിച്ച വിധി തള്ളി ഇന്ത്യ. നിയമവിരുദ്ധമായി രൂപവത്കരിച്ച കോടതിക്ക് ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ ഇടപെടാൻ അധികാരമില്ലെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.
കോടതിയുടെ ഇത്തരം പ്രഖ്യാപനങ്ങൾ ഇന്ത്യ നടപ്പിലാക്കുന്ന പദ്ധതികളെ ഒരുതരത്തിലും ബാധിക്കില്ലെന്നും സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിൽ മാറ്റമില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സിന്ധു നദീജല കരാറിന്റെ വ്യവസ്ഥകൾ പൂർണമായി ലംഘിച്ചുകൊണ്ടാണ് ലോകബാങ്ക് ഈ കോടതി രൂപീകരിച്ചിട്ടുള്ളത്. അതിനാൽ ഈ കോടതിയുടെ നിയമപരമായ നിലനിൽപ്പ് ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ല. കോടതിയുടെ രൂപീകരണംതന്നെ കരാറിന്റെ ഗുരുതരമായ ലംഘനമാണെന്നാണ് ഇന്ത്യയുടെ നിലപാട്. ഇതുകൊണ്ടുതന്നെ ഇന്ത്യ ഈ കോടതിക്ക് മുന്നിൽ ഹാജരാകുകയോ പ്രഖ്യാപനങ്ങൾ പരിഗണിക്കുകയോ ചെയ്തിട്ടില്ല.
ജമ്മു കശ്മീരിലെ കിഷൻഗംഗ, റാറ്റിൽ എന്നീ ജലവൈദ്യുത പദ്ധതികളെക്കുറിച്ചുള്ള ആർബിട്രേഷൻ കോടതിയുടെ മുൻ വിധികൾ ഇന്ത്യ നേരത്തെതന്നെ തള്ളിക്കളഞ്ഞിരുന്നു.
2025 ഏപ്രിലിൽ നടന്ന പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെച്ചത്. എന്നാൽ, സിന്ധു നദീജല കരാർ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും കരാർ നിർത്തിവെക്കാനോ റദ്ദാക്കാനോ ഉള്ള ഇന്ത്യയുടെ കാരണങ്ങൾ ന്യായീകരിക്കാൻ സാധിക്കാത്തതാണെന്നുമാണ് ഹേഗ് ആസ്ഥാനമായുള്ള ആർബിട്രേഷൻ കോടതി വിശദീകരിച്ചത്. ഇന്ത്യയുടെ പരമാധികാര തീരുമാനങ്ങളിൽ വിധി പറയാൻ ഈ കോടതിക്ക് യാതൊരു അവകാശവുമില്ലെന്ന് ഇന്ത്യ മുൻപും വ്യക്തമാക്കിയിരുന്നു.




