നേപ്പാൾ നൽകുന്ന മുന്നറിയിപ്പ്: മുല്ലപ്പെരിയാറിനെ കേരളം എത്രകാലം അവഗണിക്കും?

• സാബു തൊട്ടിപ്പറമ്പിൽ

ഓഗസ്റ്റ് 26ന് നേപ്പാൾ–ടിബറ്റ് അതിർത്തിയിലുണ്ടായ അതിശക്തമായ പ്രളയം മണിക്കൂറുകൾക്കുള്ളിൽ വലിയ ദുരന്തമായി മാറി. ഹിമപാളി, പാറ, മണ്ണിടിച്ചിൽ എന്നിവയുമായി ബന്ധപ്പെട്ട ജലപ്രവാഹമാണ് ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 469 പേർ മരിക്കുകയും 1,500-ലേറെ പേരെ കാണാതാവുകയും ചെയ്തു. ഏകദേശം 93,000 പേരെ ദുരന്തം ബാധിച്ചതായും റിപ്പോർട്ടുകളുണ്ട്.

നേപ്പാളിലെ ദുരന്തം നൽകുന്ന പ്രധാന പാഠം ഇതാണ് .വെള്ളത്തിന്റെ ശക്തിയെ ഒരിക്കലും ചെറുതായി കാണരുത്. അതുകൊണ്ടുതന്നെ കേരളവും മുല്ലപ്പെരിയാറിനെ വീണ്ടും ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട സമയമാണിത്. അണക്കെട്ട് തകരുമെന്ന് പറയുകയല്ല, അത്തരമൊരു സാഹചര്യം ഉണ്ടായാൽ ഉണ്ടാകാവുന്ന ദുരന്തത്തെ നേരിടാൻ കേരളം തയ്യാറാണോ(?) എന്നതാണ് ചോദ്യം.

വലിയ തോതിലുള്ള വെള്ളം ചുരുങ്ങിയ സമയത്തിനുള്ളിൽ താഴേക്ക് ഒഴുകിയാൽ, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും റോഡുകൾ, പാലങ്ങൾ, വൈദ്യുതി, കുടിവെള്ളം, ആശയവിനിമയ സംവിധാനങ്ങൾ എന്നിവ തകരുകയും ചെയ്യാം. ഏറ്റവും അപകടകരമായത് ലഭ്യമായ സമയം വളരെ കുറവായിരിക്കുമെന്നതാണ്.

2025-ൽ വാഷിങ്ടൺ പോസ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, അണക്കെട്ട് തകരുന്ന സാഹചര്യത്തിൽ കുറഞ്ഞത് 75,000 പേർക്ക് നേരിട്ട് ബാധിക്കപ്പെടാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇത് കൃത്യമായ പ്രവചനമല്ല.അണക്കെട്ട് തകരുന്ന രീതി, ജലനിരപ്പ്, മഴ, ഒഴുക്കിന്റെ വേഗത, മുന്നറിയിപ്പ് ലഭിക്കുന്ന സമയം, ഒഴിപ്പിക്കൽ വേഗത തുടങ്ങിയ ഘടകങ്ങളാണ് യഥാർത്ഥ ആഘാതം നിർണയിക്കുക.

അതിനാൽ വെള്ളപ്പൊക്കവ്യാപന ഭൂപടം, തത്സമയ മുന്നറിയിപ്പ് സംവിധാനം, വ്യക്തമായ ഒഴിപ്പിക്കൽ പദ്ധതി എന്നിവ അനിവാര്യമാണ്. വെള്ളം എവിടെ എത്തും, എത്ര സമയത്തിനുള്ളിൽ എത്തും, ഏത് വഴികളിലൂടെ ജനങ്ങളെ മാറ്റണം, അഭയകേന്ദ്രങ്ങൾ എവിടെയായിരിക്കണം തുടങ്ങിയ ചോദ്യങ്ങൾക്ക് പൊതുജനങ്ങൾക്ക് മനസ്സിലാകുന്ന ഔദ്യോഗിക മറുപടി വേണം.

മുല്ലപ്പെരിയാറിന്റെ സുരക്ഷയെക്കുറിച്ച് കേരളവും തമിഴ്നാടും തമ്മിൽ വർഷങ്ങളായി വ്യത്യസ്ത നിലപാടുകളുണ്ട്. സുപ്രീംകോടതി വിവിധ ഘട്ടങ്ങളിൽ അണക്കെട്ടിന്റെ സുരക്ഷയും ജലനിരപ്പും സംബന്ധിച്ച് ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. 2014ലെ വിധിയിൽ ജലനിരപ്പ് 142 അടിവരെ അനുവദിച്ചിരുന്നു. 2026ലും സുരക്ഷാ പരിശോധനകളും ഭരണപരമായ ചർച്ചകളും തുടരുകയാണ്.

എന്നാൽ പ്രധാന ചോദ്യം ‘അണക്കെട്ട് ഇപ്പോൾ തകരുമോ?’ എന്നതല്ല. അങ്ങനെയൊരു അത്യപൂർവ സാഹചര്യം ഉണ്ടായാൽ നമ്മൾ തയ്യാറാണോ എന്നതാണ്.

മുന്നറിയിപ്പ് സംവിധാനം, പരിശീലനം ലഭിച്ച രക്ഷാപ്രവർത്തക സംഘം, അടയാളപ്പെടുത്തിയ ഒഴിപ്പിക്കൽ മാർഗങ്ങൾ, സജ്ജമായ അഭയകേന്ദ്രങ്ങൾ, വകുപ്പുകൾ തമ്മിലുള്ള ഏകോപനം എന്നിവ ഉറപ്പാക്കണം. ജനങ്ങളിൽ ഭീതി പരത്തുന്നതും അപകടസാധ്യത അവഗണിക്കുന്നതും ഒരുപോലെ തെറ്റാണ്.

നേപ്പാളിലെ ദുരന്തം കേരളത്തിന് ഒരു വാർത്ത മാത്രമാകരുത്; ഒരു മുന്നറിയിപ്പാകണം. മുല്ലപ്പെരിയാർ സുരക്ഷിതമാണെന്ന് തെളിയിക്കപ്പെടട്ടെ. അതോടൊപ്പം, ഏറ്റവും മോശം സാഹചര്യം ഉണ്ടായാലും മനുഷ്യജീവൻ രക്ഷിക്കാൻ കേരളം തയ്യാറാണെന്നും ഉറപ്പാക്കണം.

കാരണം ദുരന്തം സംഭവിച്ചശേഷം തുടങ്ങുന്ന തയ്യാറെടുപ്പ് ദുരന്തനിവാരണമല്ല; അത് ദുരന്താനന്തര പ്രതികരണമാണ്. ജീവൻ രക്ഷിക്കാനുള്ള യഥാർത്ഥ സമയം ദുരന്തം സംഭവിക്കുന്നതിന് മുമ്പാണ്.

സുരക്ഷയെക്കുറിച്ചുള്ള തർക്കം കോടതികളിലും സർക്കാരുകളിലും തുടരാം. പക്ഷേ വെള്ളം ഒരിക്കൽ താഴേക്ക് പാഞ്ഞാൽ അതിന് മുന്നിൽ രാഷ്ട്രീയം, അതിർത്തി, അധികാരം, ഒന്നിനും…ഒന്നും അർത്ഥമുണ്ടാകില്ല.