യു എസ് വിസ നിയമങ്ങളിൽ മാറ്റം; വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി ഹാർവാർഡ് സർവകലാശാല

വാഷിങ്ടണ്‍:യു.എസ്. വിസ നിയമങ്ങളിൽ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരാനിരിക്കെ, സെപ്റ്റംബർ 15-ന് മുൻപായി രാജ്യത്തേക്ക് തിരിച്ചെത്താൻ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും സ്കോളർമാർക്കും ഹാർവാർഡ് സർവകലാശാല മുന്നറിയിപ്പ് നൽകി.

യു.എസ്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) കൊണ്ടുവരുന്ന പുതിയ വിസ നിബന്ധനകൾ വിദ്യാർത്ഥികളുടെ രാജ്യത്തെ താമസത്തെയും പഠന പ്രവേശനത്തെയും ബാധിച്ചേക്കാമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ നിർദേശം. F-1, J-1 വിസ ഉടമകൾക്കായി നിലവിലുള്ള ‘ഡ്യൂറേഷൻ ഓഫ് സ്റ്റാറ്റസ്’ (D/S) രീതിക്ക് പകരം നിശ്ചിത താമസ കാലാവധി (Fixed Period of Stay) കൊണ്ടുവരാനാണ് അമേരിക്ക നീക്കം നടത്തുന്നത്. ഇതനുസരിച്ച് വിദ്യാർത്ഥികളുടെ ഫോം I-94-ൽ രാജ്യത്ത് തുടരാൻ സാധിക്കുന്ന കൃത്യമായ തീയതി രേഖപ്പെടുത്തും. സെപ്റ്റംബർ 15-ന് ശേഷം വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തുന്ന വിദ്യാർത്ഥികൾക്ക് പുതിയ നിയമങ്ങൾ ബാധകമായേക്കാം എന്നതിനാൽ ഈ തീയതിക്ക് അടുപ്പിച്ച് അന്താരാഷ്ട്ര യാത്രകൾ ആസൂത്രണം ചെയ്യുന്നത് ഒഴിവാക്കാനോ ശ്രദ്ധിക്കാനോ സർവകലാശാല ആവശ്യപ്പെടുന്നു.

കൂടാതെ പഠനം പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമായി വരുന്നവർ ഇനി പ്രത്യേക അപേക്ഷയിലൂടെ ഔദ്യോഗികമായി അനുമതി വാങ്ങേണ്ടി വരും. ഇത് വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ കാലാവധി.
പഠനത്തിന് ശേഷം അമേരിക്കയിൽ താത്കാലികമായി ജോലി ചെയ്യാൻ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന OPT (ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗ്), ശാസ്ത്ര-സാങ്കേതിക കോഴ്‌സുകൾ പൂർത്തിയാക്കിയവർക്കുള്ള STEM OPT എക്സ്റ്റൻഷൻ എന്നിവയുടെ നിബന്ധനകളെയും പുതിയ വിസ മാറ്റങ്ങൾ ബാധിക്കാൻ സാധ്യതയുണ്ട്.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികളെ ഈ തീരുമാനം ബാധിക്കാൻ സാധ്യതയുള്ളതിനാൽ, വിദേശയാത്രകൾക്ക് മുൻപ് ഫോം I-20, DS-2019, I-94 തുടങ്ങിയ രേഖകൾ കൃത്യമായി പരിശോധിക്കാനും സർവകലാശാലയുടെ ഇന്റർനാഷണൽ ഓഫീസുമായി ബന്ധപ്പെടാനും നിർദേശമുണ്ട്.

നിലവിൽ ഈ പുതിയ നയത്തിനെതിരെ ഉന്നത വിദ്യാഭ്യാസ-തൊഴിൽ സംഘടനകൾ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും, ഔദ്യോഗിക ഉത്തരവുകൾ വരുന്നതുവരെ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്ന് സർവകലാശാല അറിയിച്ചു.