സണ്ണി മഴുക്കീർ, മനോരമയുടെ മനസറിഞ്ഞ് കൂടെ നിന്നത് ആറ് പതിറ്റാണ്ട്

ആറു പതിറ്റാണ്ടു നീണ്ട പത്ര വിതരണം. നാടിന്റെ വികസന സ്വപ്നങ്ങളും നാട്ടുകാരുടെ ആവശ്യങ്ങളും ബുദ്ധിമുട്ടുകളും പുറം ലോകത്തെ അറിയിക്കാൻ വിശ്രമമില്ലാത്ത ജീവിതം. അതായിരുന്നു മഴുക്കീർ വെള്ളവന്താനത്ത് സണ്ണി എന്ന മാത്തുക്കുട്ടി ഏബ്രഹാം.

നാട്ടുകാർക്കിടയിലും പുറത്തും സണ്ണി മഴുക്കീറായും സണ്ണിച്ഛായനായും മാറിയതു കലാകാലങ്ങളിൽ സൃഷ്ടിച്ചെടുത്ത സൗഹൃദങ്ങൾ കൊണ്ടായിരുന്നു.
​ആലപ്പുഴ, പത്തനംതിട്ട ജില്ലാ അതിർത്തിയിലായിരുന്നു സണ്ണിയുടെ പത്ര വിതരണം. കുറ്റൂർ, പാണ്ടനാട്, തിരുവൻവണ്ടൂർ പഞ്ചായത്തുകളിലെ ഭൂരിഭാഗം വീടുകളിലും ഒരുകാലത്ത് പത്രം എത്തിച്ചിരുന്നത് സണ്ണിയായിരുന്നു. ​ഒരുകാലത്ത് 700 വീടുകളിൽ പത്രവിതരണം നടത്തിയിരുന്നു.
ആദ്യകാലങ്ങളിൽ നടന്നും പിന്നീട് സൈക്കിളിലും സ്കൂട്ടറിലുമായിരുന്നു വിതരണം.

​വെള്ളപ്പൊക്ക കാലത്തു പമ്പാനദിയുടെ തീരങ്ങളിൽ വെള്ളം കയറുമ്പോഴും സണ്ണി പത്ര വിതരണം മുടക്കിയിരുന്നില്ല. വളളത്തിലെത്തിയാണ് സണ്ണി വെള്ളപ്പൊക്ക കാലത്തും പത്രം എത്തിച്ചിരുന്നതെന്നു നാട്ടുകാർ ഓർത്തെടുക്കുന്നു. പ്രാദേശിക വാർത്തകൾ തയ്യാറാക്കി പത്ര ഓഫിസുകളിലും എത്തിച്ചിരുന്നു. ശാരീരിക ക്ഷീണത്തെ തുടർന്നു കുറേക്കാലമായി വിശ്രമത്തിലായിരുന്നു. എന്നാലും നാടിന്റെ പ്രശ്നങ്ങൾ വാർത്തകളിലൂടെ പുറംലോകത്തെ അറിയിക്കാൻ ശ്രമിച്ചിരുന്നു.

​ആറു പതിറ്റാണ്ടു മുൻപ് 1960കളിലാണ് സണ്ണി മലയാള മനോരമ ഏജന്റാകുന്നത്. അന്നു സ്കൂൾ വിദ്യാർഥിയായിരുന്നു. സഹോദരൻ വി.എ. ജോസിന് നാഷണൽ പൊലീസ് അക്കാദമിയിൽ ജോലി ലഭിച്ചതിനെ തുടർന്ന് ജോസിന്റെ ഏജൻസി സണ്ണി ഏറ്റെടുക്കുകയായിരുന്നു. ഇപ്പോൾ മൂത്തമകൻ ബിനു മാത്യുവാണ് മലയാള മനോരമ ഏജൻസി നടത്തിവരുന്നത്. ഇളയ മകൻ നിബു വെള്ളവന്താനം യുഎസിൽ മാധ്യമപ്രവർത്തകനാണ്.

​സഭാ പ്രവർത്തനങ്ങളിലും സണ്ണി മഴുക്കീർ സജീവമായിരുന്നു. ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ (കേരള സ്റ്റേറ്റ്) മീഡിയ സെക്രട്ടറിയും പിആർഓയുമായി പ്രവർത്തിച്ചു. തിരുവല്ലയിൽ നടക്കുന്ന ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ജനറൽ കൺവൻഷന്റെ പ്രധാന സംഘാടകരിലൊരാളായി ദീർഘകാലം പ്രവർത്തിച്ചു.