4 മാസം കൊണ്ട് 10 കേസുകളിലായ് 22 പേർക്ക് വധശിക്ഷ; ജഡ്ജിയിൽനിന്ന് 100 കൊലപാതക കേസുകൾ മാറ്റി

മുസാഫർനഗർ (ഉത്തർപ്രദേശ്) : നാലുമാസത്തിനിടെ പത്തു കേസുകളിലായി 22 പേർക്ക് വധശിക്ഷ വിധിച്ച ജഡ്ജിയിൽ നിന്നും അദ്ദേഹത്തിന്റെ പരിഗണനയിൽ ഉണ്ടായിരുന്ന നൂറോളം കേസുകൾ മാറ്റി എന്ന കൗതുകകരമായ വാർത്തയാണ് ഉത്തർപ്രദേശിൽനിന്നും പുറത്തുവരുന്നത്. ഉത്തർപ്രദേശിലെ മുസാഫർനഗറിലുള്ള ഫാസ്റ്റ് ട്രാക്ക് കോടതിയിലെ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി രവികുമാർ ദിവാകറിൽ നിന്നാണ് കേസുകൾ മാറ്റിയിരിക്കുന്നത്.

വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന നൂറോളം കേസുകളാണ് ദിവാകറിൽനിന്നും ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി വീരേന്ദ്ര കുമാർ സിങ്ങിന്റെ കോടതിയിലേക്ക് മാറ്റിയിരിക്കുന്നത് എന്ന് ഒരു സർക്കാർ അഭിഭാഷകനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. കടുത്ത വിധികളിലൂടെയാണ് അദ്ദേഹം മിക്കപ്പോഴും വാർത്തകളിൽ നിറഞ്ഞുനിന്നിട്ടുള്ളത്.

ദിവാകർ പരിഗണിച്ചാൽ ഈ 100 കേസുകളിലും പ്രതികൾക്ക് കോടതി വധശിക്ഷ വിധിക്കാനുള്ള സാധ്യതയെക്കുറിച്ച് അഭിഭാഷകർക്കും കക്ഷികൾക്കുമിടയിൽ ആശങ്കയുണ്ടായിരുന്നതായി ഡിസ്ട്രിക്റ്റ് ബാർ അസോസിയേഷൻ പ്രസിഡന്റ് പ്രമോദ് ത്യാഗി വ്യക്തമാക്കി. 2022-ൽ വാരണാസിയിലെ ഗ്യാൻവാപി സമുച്ചയത്തിൽ വീഡിയോഗ്രഫി സർവേ നടത്താൻ ഉത്തരവിട്ടതിലൂടെ നേരത്തെ വാർത്തകളിൽ നിറഞ്ഞയാളാണ് ജഡ്ജി രവികുമാർ ദിവാകർ.

ലഖ്നൗ സ്വദേശിയായ ഈ 46-കാരൻ 2009-ൽ അസംഗഢിൽ അഡീഷണൽ സിവിൽ ജഡ്ജിയായാണ് സർവീസ് ആരംഭിച്ചത്. തുടർന്ന് 2015 മെയ് മാസത്തിൽ സുൽത്താൻപുരിൽ സിവിൽ ജഡ്ജിയായും അഞ്ച് മാസത്തിന് ശേഷം ജുഡീഷ്യൽ മജിസ്ട്രേറ്റായും അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിച്ചു.

ബികോം, എൽഎൽഎം ബിരുദങ്ങളുള്ള ജഡ്ജി ദിവാകർ 2025 നവംബർ മുതൽ മുസാഫർനഗറിലെ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജിയായി സേവനമനുഷ്ഠിച്ചുവരികയാണ്. ഇക്കഴിഞ്ഞ നാലുമാസത്തിനുള്ളിൽ 10 കേസുകളിലായി 22 വധശിക്ഷകളാണ് ദിവാകർ പ്രതികൾക്ക് വിധിച്ചത്.