തെലങ്കാനയില്‍ സ്കൂള്‍ പ്രിൻസിപ്പലിന്റെ കൊലപാതകത്തിന് പിന്നില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഹൈദരാബാദ്: തെലങ്കാനയിലെ നല്‍ഗൊണ്ടയില്‍ സ്കൂള്‍ പ്രിൻസിപ്പലിനെ 27 തവണ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പത്താം ക്ലാസ് വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.

പണത്തിനും ആഡംബര ജീവിതത്തിനുമായി നടത്തിയ ആസൂത്രിത കൊലപാതകമാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട കല്ലു രൂപ റെഡ്ഡി നല്‍ഗൊണ്ടയിലെ കൊണ്ടമല്ലേപ്പള്ളി നാഗാർജുന പബ്ലിക് സ്കൂളിന്റെ പ്രിൻസിപ്പലും ഡയറക്ടറുമായിരുന്നു.

ഓഗസ്റ്റ് 12നാണ് രൂപ റെഡ്ഡിയെ വീട്ടിനുള്ളില്‍ 27 കുത്തേറ്റ നിലയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹൈദരാബാദിലായിരുന്ന ഭർത്താവ് പലതവണ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. ഇവർ പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് അഞ്ച് പ്രത്യേക സംഘങ്ങളെ നിയോഗിച്ച്‌ സിസിടിവി ദൃശ്യങ്ങള്‍, വിരലടയാളങ്ങള്‍, ഫോറൻസിക് തെളിവുകള്‍, സാങ്കേതിക വിവരങ്ങള്‍ എന്നിവ പരിശോധിക്കുകയും 80ലേറെ പേരെ ചോദ്യം ചെയ്യുകയും ചെയ്തു.

രൂപ റെഡ്ഡി മരണത്തിന് തൊട്ടുമുമ്പ് അമ്മായിയുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് കേസില്‍ നിർണായക വഴിത്തിരിവായത്. ഫോണ്‍ സ്വിച്ച്‌ ഓഫ് ആകുന്നതിന് മുമ്പ് അവർ പറഞ്ഞ അവസാന വാക്ക് ‘ബാബു’ എന്നായിരുന്നു. ഈ വാക്ക് ആരെ ഉദ്ദേശിച്ചാണെന്ന് അന്വേഷിച്ച പൊലീസ് ഒടുവില്‍ സ്കൂളിലെ വിദ്യാർഥികളിലേക്കാണ് എത്തിയത്. തുടർന്ന് വിദ്യാർഥികളെ ഓരോരുത്തരായി ചോദ്യം ചെയ്തപ്പോള്‍, പത്താം ക്ലാസിലെ അഞ്ച് വിദ്യാർഥികള്‍ സ്കൂളില്‍ ഹാജരാകാത്തതായി കണ്ടെത്തി. ഇവരില്‍ രണ്ട് വിദ്യാർഥികള്‍ അടുത്ത ദിവസങ്ങളില്‍ അമിതമായി പണം ചെലവഴിക്കുന്നതായും സുഹൃത്തുക്കള്‍ക്കായി പാർട്ടികള്‍ നടത്തുന്നതായും പൊലീസ് കണ്ടെത്തി. ഇതോടെ സംശയം ശക്തമായതിനെ തുടർന്ന് ബുധനാഴ്ച രാവിലെ ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനിടെ രൂപ റെഡ്ഡിയെ കൊലപ്പെടുത്തിയതായി ഇരുവരും സമ്മതിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ശരത് ചന്ദ്ര പവാർ അറിയിച്ചു.

പ്രിൻസിപ്പല്‍ നേരത്തെ ഈ വിദ്യാർഥികളെ ശാസിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. അവരുടെ ഹോസ്റ്റല്‍ ബാഗുകളില്‍ പണവും മൊബൈല്‍ ഫോണും കണ്ടെത്തിയതിനെ തുടർന്ന് രൂപ റെഡ്ഡി മാതാപിതാക്കളെ വിവരം അറിയിക്കുകയും വിദ്യാർഥികളെ ഹോസ്റ്റലില്‍ നിന്ന് മാറ്റി ഡേ-സ്കോളർ ആക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നുണ്ടായ വിരോധം കൊലപാതകത്തിനുള്ള കാരണങ്ങളിലൊന്നായിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം.
കൊലപാതകത്തിന് അഞ്ച് ദിവസം മുമ്പ് തന്നെ വിദ്യാർഥികള്‍ പദ്ധതി തയ്യാറാക്കി രൂപ റെഡ്ഡിയുടെ വീട്ടില്‍ നിരീക്ഷണം നടത്തിയിരുന്നു. തിരിച്ചറിയാതിരിക്കാൻ കയ്യുറകളും കത്തിയും വാങ്ങി. സംഭവദിവസം ഇവരില്‍ ഒരാള്‍ കയ്യുറയും മങ്കി ക്യാപ്പും ധരിച്ച്‌ വീട്ടില്‍ കയറി. കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന 2.50 ലക്ഷം രൂപ കണ്ടെത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മങ്കി ക്യാപ്പ് ഊരിവീണു. തന്നെ തിരിച്ചറിഞ്ഞതോടെ പ്രതി ഭയന്ന് രൂപ റെഡ്ഡിയെ കത്തി ഉപയോഗിച്ച്‌ 27 തവണ കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

കൊലപാതകത്തിന് ശേഷം രക്തം പുരണ്ട വസ്ത്രങ്ങളും മങ്കി ക്യാപ്പും കുഴിച്ചുമൂടി തെളിവുകള്‍ നശിപ്പിക്കാൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. മോഷ്ടിച്ച പണം ഉപയോഗിച്ച്‌ ഇരുവരും ഗോവയിലേക്ക് യാത്ര പോയതായും അന്വേഷണത്തില്‍ കണ്ടെത്തി. പ്രതികളില്‍ നിന്ന് 1.54 ലക്ഷം രൂപ, അവർ വാങ്ങിയ ഐഫോണ്‍, രൂപ റെഡ്ഡിയുടെ മൊബൈല്‍ ഫോണ്‍ എന്നിവ പൊലീസ് കണ്ടെടുത്തു. കൊലപാതകത്തിന് മുമ്പ് വേഗത്തില്‍ പണം സമ്പാദിക്കാനുള്ള മാർഗങ്ങള്‍ സംബന്ധിച്ച വീഡിയോകളും പ്രതികള്‍ ഓണ്‍ലൈൻ വീഡിയോ പ്ലാറ്റ്‌ഫോമില്‍ തിരഞ്ഞിരുന്നതായി പൊലീസ് അറിയിച്ചു. പണത്തോടുള്ള ആഗ്രഹം, പ്രിൻസിപ്പലിനോടുള്ള വിരോധം, മുൻകൂട്ടി നടത്തിയ ആസൂത്രണം എന്നിവ ഒത്തുചേർന്നാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.