പത്തനംതിട്ട:വിദേശരാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യൻ വംശജരായ വിദ്യാർഥികൾക്ക് കേരളത്തിൽ ഇനി എം.ടെക്കിനു ചേരാം. ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ), പേഴ്സൺ ഓഫ് ഇന്ത്യൻ ഒറിജിൻ (പിഐഒ) കാർഡുള്ളവരെ പ്രവേശന നടപടികളിൽ ഇന്ത്യൻ പൗരന്മാർക്ക് തുല്യമായി പരിഗണിക്കാൻ സർക്കാർ തീരുമാനിച്ചു.
ഈ അധ്യയന വർഷത്തെ എം.ടെക് പ്രവേശന പ്രോസ്പെക്ടസിലാണ് പുതിയ വ്യവസ്ഥ ഉൾപ്പെടുത്തിയത്.
വിവിധ രാജ്യങ്ങളിൽനിന്നു വിദ്യാർഥികൾ എത്തുന്നതോടെ രാജ്യാന്തര അക്കാദമിക ഇടപെടലുകൾക്കും അറിവു കൈമാറ്റത്തിനും കൂടുതൽ സാധ്യതയുണ്ടാകുമെന്നാണു വിലയിരുത്തൽ. എന്നാൽ, ഇവർക്കു ഫീസ് ഇളവോ സംവരണമോ ലഭിക്കില്ല.
നിലവിലെ എം.ടെക് പ്രവേശന പ്രോസ്പെക്ടസിൽ ഇന്ത്യൻ വംശജരായ വിദ്യാർഥികൾക്കു പ്രവേശനം നൽകുന്നതിനു വ്യവസ്ഥ ഉണ്ടായിരുന്നില്ല. അതേസമയം കീ പ്രോസ്പെക്ടസിൽ സമാന വ്യവസ്ഥ നിലവിലുണ്ടായിരുന്നു. 2 പ്രവേശന രീതികളിലും ഏകീകൃത സ്വഭാവം വേണമെന്ന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശത്തെ തുടർന്നാണ് പുതിയ വ്യവസ്ഥ ഉൾപ്പെടുത്തിയത്.




