ഫെയ്‌സ് ബുക്കിൽ ലൈവ്വാക്കി സഹപാഠിയെ വെടിവെച്ച് കൊന്നു ; പിന്നെ ജീവനൊടുക്കി

മനില (ഫിലിപ്പീൻസ്) ∙ പിതാവിന്റെ തോക്കുകളുമായി സ്‌കൂളിലെത്തിയ ഒൻപതാംക്ലാസ് വിദ്യാർഥി സഹപാഠിയെ വെടിവച്ചു കൊന്നു.ക്ലാസ്‌ മുറികളിലേക്കു തുരുതുരാ വെടിയുതിർത്തു. ദൃശ്യങ്ങൾ തത്സമയം സമൂഹമാധ്യമത്തിൽ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു ആക്രമണം. അധ്യാപകനുനേരെയും സഹപാഠികൾക്കുനേരെയും വെടിയുതിർത്ത്, സ്വയം വെടിവച്ച ശേഷം അഞ്ചാംനിലയിൽനിന്നു ചാടി ജീവനൊടുക്കി.

ശരീരത്തിൽ ഘടിപ്പിച്ച ക്യാമറ ഉപയോഗിച്ചാണു ഫെയ്സ്‌ബുക്കിൽ ലൈവ് സ്ട്രീമിങ് നടത്തിയത്. അക്രമിയുടെ ഗെയിമിങ്, ചാറ്റ് വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. ഫിലിപ്പീൻസിലെ സ്‌കൂളുകളിൽ രണ്ട് മാസത്തിനിടെ വിദ്യാർഥികൾ നടത്തുന്ന രണ്ടാമത്തെ വെടിവയ്‌പാണിത്.

സാമ്പോവാങ്ക നഗരത്തിലെ അറ്റിനിയോ ഡി സാമ്പോവാങ്ക സർവകലാശാല ക്യാംപസിലെ ഹൈസ്കൂളിലാണ് 2 പിസ്റ്റളുകളുമായി മുഹമ്മദ് മെൽ ജലാനി എന്ന വിദ്യാർഥിയെത്തിയത്. സ്കൂളിന്റെ പടികയറുമ്പോൾ തന്നെ ലൈവ് സ്ട്രീമിങ് തുടങ്ങി. ക്ലാസിൽ കയറി അധ്യാപകനുനേരെ വെടിയുതിർത്തെങ്കിലും കൊണ്ടില്ല. തുടർന്ന് അടുത്ത ക്ലാസിലേക്കു കയറി തുരുതുരാ വെടിവച്ചു. നാലാം നിലയിലേക്കു കയറി പത്താം ക്ലാസ് വിദ്യാർഥിയെ വെടിവച്ചു കൊന്നേശഷം അഞ്ചാംനിലയിലെത്തി ജീവനൊടുക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് വിദ്യാർഥികൾക്കു പരുക്കേറ്റു. നൂറുകണക്കിനു വിദ്യാർഥികളെ ഒഴിപ്പിച്ചതിനാൽ വൻദുരന്തം ഒഴിവായി.

കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്ന പിതാവിന്റെ തോക്കുകളാണ് ഉപയോഗിച്ചതെന്നു പൊലീസും വ്യക്തമാക്കി. ‌ജൂണിൽ ടാക്ലോബൻ നഗരത്തിലെ സ്കൂളിൽ വിദ്യാർഥി മൂന്ന് സഹപാഠികളെ വെടിവച്ചു കൊന്നിരുന്നു. പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ അന്വേഷണം പ്രഖ്യാപിച്ചു.