സഭാ-സംഘടന അവഗണിച്ചവരുടെ മക്കളുടെ പിന്നാലെ വാഴ്ത്തുപാട്ടുമായി നേതാക്കൾ

ഷാജി ആലുവിള

ഷാജി ആലുവിള

സുവിശേഷ വേല പെന്തക്കോസ്തുകാർക് ദൈവനിയോഗം ആണ്. അതിന് ദൈവവിളിയും സമർപ്പണവും ആവശ്യമാണ്. അങ്ങനെ പ്രേഷിത പ്രവർത്തനത്തിന് ഇറങ്ങിയ ഒട്ടനവധി ദൈവദാസന്മാർ പലയിടത്തും അവഗണിക്കപ്പെടാറുമുണ്ട്. ഇന്നേക്ക് അമ്പത് വർഷം മുമ്പ് സുവിശേഷവേലചെയ്ത ശുശ്രൂഷകന്മാർ പട്ടിണിയും പ്രയാസവും പരിഹാസവും ഒറ്റപ്പെടലും അനുഭവിച്ചാണ് മുന്നേറിയത്. നേതാക്കന്മാർ എന്ന് പറയുന്ന പലരും ഇങ്ങനെ സാധുക്കളായ ദൈവദാസന്മാരുടെ പ്രതിസന്ധികൾ അറിയാറില്ല. അവരുടെ മക്കൾക്ക് നല്ല വിദ്യാഭ്യാസമോ ജീവിത ചുറ്റുപാടുകളോ ചെയ്ത് കൊടുക്കുവാൻ സാധിച്ചിട്ടില്ല.

അന്നും ഇന്നും ഒരുപോലെ അവഗണന അവരുടെ മുമ്പിൽ നിലനിൽക്കുന്നു. മുൻഗണന ഉണ്ടാകുമ്പോൾ ആണ് ഒരാളുടെ ജീവിതത്തിൻ്റെ എല്ലാ മേഖലകളും ശരിയാകുന്നത്. പലർക്കും സുവിശേഷ വേല- നേട്ടങ്ങൾക്കായിരുന്നു എങ്കിൽ ചിലർക്ക് ക്രിസ്തുവിൻ്റെ ക്രൂശായിരുന്നു അത്. ചിലർ നേതാവും, വാഗ്മിയായും ആയി തിളങ്ങിയപ്പോൾ പാവപ്പെട്ട ദൈദസൻമാർ ക്രിസ്തുവിൻ്റെ ക്രൂശും ഏന്തി പട്ടിണിയും പ്രയാസവുമായി വേല ചെയ്തു, സഭകൾ സ്ഥാപിച്ചു, ആത്മാക്കളെ നേടി. എന്നിട്ടും നേതൃത്വം അവരിൽ പലർക്കും നല്ലൊരു സഭയോ സ്ഥാനമോ കൊടുത്തില്ല. ഒരാവശ്യത്തിനും ആരുടെയും മുന്നിൽ കൈ നീട്ടാതെ പട്ടിണിയുടെ നിഴലിൽ പാർത്തു വേല ചെയ്തു. അന്ന് ആരും പുകഴ്തുവാൻ ഇല്ലായിരുന്നു. വേണ്ട ഒരു ആശ്വാസ വാക്ക് പോലും കൊടുത്തിട്ടില്ല. അവർ അന്ന് സുവിശേഷത്തിനായി ജീവിച്ചു, ഇന്ന് ജീവിക്കാനുള്ള മാർഗമായി സുവിശേഷ കൊണ്ട് മുന്നേറുന്നു.

ആ ദൈവദാസന്മാരുടെ കഷ്ടതയും, സുവിശേഷ വേലയിലെ തീക്ഷ്ണതയും, ഇല്ലായ്മയും കണ്ട് ചില ദൈവമക്കളും മറ്റ് ചിലരും ചെയ്ത ചെറിയ ചെറിയ സഹായം കൊണ്ട് മക്കളെ ഒരുവിധം പഠിപ്പിച്ചു. കര്യങ്ങൾ നടത്തി. അതിനിടയിൽ സംഘടനാ നേതൃത്വം കാലാ കാലങ്ങളിൽ സ്ഥലമാറ്റവും കൊടുത്തുകൊണ്ടേയിരുന്നു. അതും സഭയെന്ന് പേര് മാത്രമുള്ള സഭയിലേക്ക്. അവിടെ സ്ഥലമോ കെട്ടിടമോ ഉണ്ടായെന്ന് വരില്ല. പെയ്തിറങ്ങുന്ന മഴയത്തും, ചുട്ടുപൊള്ളുന്ന വെയിലത്തും, മഞ്ഞുമാസത്തെ തണുപ്പത്തും കുടുംബമായി പിഞ്ചുമക്കളെയും കൊണ്ട് ദാരിദ്ര്യത്തിൽ ആ ദൈവദാസന്മാർ പലയിടത്തും പ്രവർത്തിച്ചു. അത് സഭാ നേതാക്കന്മാർ അറിഞ്ഞില്ല. അവരെ പരിഗണിച്ചില്ല.
കഴിവ് ഉണ്ടായിട്ടും അവഗണന കൊണ്ട് ശുശ്രൂഷയിൽ പാപ്പരായ സുവിശേഷ വേലക്കാർ ധാരാളമുണ്ട്. അന്ന് കൂടെ നിന്ന കൂട്ട് സ്നേഹിതർ പോലും അകലം വിട്ട് യാത്ര ചെയ്തു. ഒന്നുമില്ലാത്ത അവസ്ഥയിലും വിശ്വസ്തതയോടെ അവരുടെ വേല തികച്ചു.
ആരോടും പരിഭവമില്ലാതെ രോഗങ്ങൾക്ക് അടിമയായി അവർ മണ്മറഞ്ഞു. അവരുടെ മക്കളുടെ അവസ്ഥകളൊന്നും കാണാൻ പല ദൈവദാസന്മാർക്കും സാധിച്ചില്ല. അതിൽ ചിലരുടെ മക്കൾ ശുശ്രൂഷകരായി. മറ്റു ചിലർ പഴ്‌സനേജിലെ ദുരവസ്ഥ കണ്ട് ആത്മീയതയിൽ തളർന്നു പോയി.

പക്ഷേ ദൈവം തൻ്റെ നീതി അവരുടെ തലമുറകൾക്കായി കരുതിയിരുന്നു. ആ കുഞ്ഞുങ്ങളെയോ അവരുടെ അവസ്ഥയെയോ ഒരു നേതാവിനോ വിശ്വാസികൾക്കോ, സ്വന്തക്കാർക്കോ അറിയില്ലായിരുന്നു. ചില ദൈവദാസന്മാരുടെ മക്കൾ പത്താം ക്ലാസും പ്രീഡിഗ്രിയും കഷ്ടപ്പെട്ട് പഠിച്ച് ജയിച്ചു. തുടർന്ന് ആ മക്കൾ ട്യൂഷൻ എടുത്തും പാറ പൊട്ടിച്ചും, മൈക്കാട് പണികൾ ചെയ്തും ഉപരിപഠനം നടത്തി. അങ്ങനെ ഉന്നത വിജയം നേടി. എന്നിട്ടും പ്രസ്ഥാന നേതാക്കളും കൂട്ടുവേലക്കാരും അതൊന്നും അറിയാതെ പോയി. അപ്പനെന്ന വേലക്കാരനുള്ള(പാസ്റ്റർ) വിലയല്ലേ അവരുടെ മക്കൾക്കും കിട്ടുകയുള്ളൂ.

കാലങ്ങൾ കടന്നു പോയി. മക്കൾ വിദേശരാജ്യങ്ങളിൽ പോയി ഉന്നത ജോലികൾ നേടി. അവർ ദൈവത്തിൻ്റെ നീതി അനുഭവിച്ചു തുടങ്ങി. നന്മയുടെയും കരുണയുടെയും കലവറ കർത്താവ് അവർക്കായി തുറന്നു.

കാലത്തിൻ്റെ ഒരു കാവ്യനീതി അവർക്ക് വേണ്ടി ഉണ്ടായിരുന്നു. ആ കുഞ്ഞുങ്ങൾ അനേകർക്ക് സഹായഹസ്തം ചെയ്തു തുടങ്ങി. അവർക്ക് നല്ല ബോധ്യമുണ്ട് ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും പണ്ട് അനുഭവിച്ച ഒറ്റപ്പെടൽ, പാടും പ്രയാസവും കഷ്ടതയും, പട്ടിണിയുമൊക്കെ. അത് കൊണ്ടൊന്നും അവർ സുവിശേഷ വേലയെ ആക്ഷേപിച്ചില്ല. ആരെയും കുറ്റം പറഞ്ഞില്ല. എല്ലാം ഉള്ളിലൊതുക്കി മുന്നേറി. ചിലപ്പോൾ അവർ ഉള്ളിൽ ചിന്തിച്ചിട്ടുണ്ട് ഇത് എന്ത് സഭ? ഇത് എന്ത് നീതി? കോരന് കഞ്ഞി കുമ്പിളിൽ തന്നെ….

ഒരിക്കൽ ആരും അറിയില്ലായിരുന്നു അവരെ. അവരുടെ കഷ്ടപ്പാടുകൾ എന്തെന്ന് ആരുമറിഞ്ഞിട്ടില്ല, അറിയിച്ചിട്ടില്ല. നേതൃത്വം പ്രവർത്തനത്തിനായി എവിടെ അയച്ചുവോ എല്ലാം സഹിച്ച് അവർ പ്രവർത്തിച്ചു. നേതൃത്വത്തെ അനുസരിച്ച് നിന്നു.

ഇന്ന് ആ മക്കളെ തിരക്കി അവർ ആയിരിക്കുന്ന രാജ്യത്തും വീട്ടിലും ചെല്ലുവാൻ നേതാക്കൾ ഉൾപ്പടെ അനേകരുണ്ട്. സഭയുടെ പ്രോജക്ടുകൾ നിരത്തിവെച്ചു ഫണ്ട് സ്വീകരിക്കാറുണ്ട്.
അന്ന് ഒരു അംഗീകാരവും കൊടുക്കാത്ത ആ പാവം ദൈവദാസന്മാരെ പൊതുവേദിയിൽ പുകഴ്തുവാൻ ഇന്ന് നേതാക്കന്മാർ ഉൾപ്പടെ എല്ലാവരുമുണ്ട്. അന്ന് കണ്ടില്ലെന്ന് നടിച്ചവർ ഇന്ന് അവരെ പുകഴ്തുമ്പോൾ അവരുടെ ആത്മാവ് ഇത് കണ്ട് ഊറി ഊറി ചിരിക്കുന്നുണ്ടായിരിക്കും. അതിന് വേദിയാകുന്നത് വിവാഹവും ശവ സംസ്കാരവും, പുതിയ വീടിൻ്റെ സമർപ്പവുമൊക്കെയാണ്.

ബൈബിൾ പറയുന്നത് പോലെ എല്ലാറ്റിനും ഒരു കാലം ഉണ്ട്. ദൈവം ഏല്പിച്ച ഒരു ചുമതലയും ദൗത്യവുമാണ് സുവിശേഷകാനായി പ്രവർത്തിക്കുക എന്നതായിരുന്നു ആ ത്യാഗികളുടെ കാഴ്ചപ്പാട്. അതിൽ അവർ വിജയിച്ചു. ദൈവം അവരെ ഉപയോഗിച്ചു.

സാധുക്കളെ അവഗണിക്കുന്നവർ ഒന്നോർക്കണം “ദൈവം ആർക്കും കടക്കാരനല്ല”

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി