ബർലിൻ: യു.എസിലെ അരിസോണയിൽവെച്ച് കാമുകിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം കടന്നുകളയാൻ ശ്രമിച്ച ഇന്ത്യൻ പൗരൻ ജർമനിയിൽ പിടിയിൽ. അരിസോണ സർവകലാശാലയിൽ ബിസിനസ് അനലറ്റിക്സ് വിദ്യാർഥിയായ വരുൺ ബാച്ചിഗരിയെയാണ് അറസ്റ്റുചെയ്തത്.
19-കാരിയായ കാമുകി ജുലീസ റൂബി സലാസറിനെയാണ് ഇയാൾ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. ജർമനിവഴി ഇന്ത്യയിലേക്ക് കടക്കാനായിരുന്നു ഇയാളുടെ ശ്രമമെന്ന് അധികൃതർ അറിയിച്ചു.
അരിസോണ സർവകലാശാലയ്ക്ക് സമീപമുള്ള അപ്പാർട്ട്മെന്റിൽ വ്യാഴാഴ്ചയാണ് വിദ്യാർഥിനിയായ ജുലീസയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ജുലീസയെക്കുറിച്ച് വിവരമൊന്നുമില്ലാതെ ആശങ്കയിലായ കുടുംബം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അപ്പാർട്ട്മെന്റിലെത്തിയ പോലീസ്, ശരീരത്തിൽ പരിക്കേറ്റ നിലയിൽ ജുലീസയെ കണ്ടെത്തി. വരുണിൽനിന്ന് ക്രൂരമായ ലൈംഗികാതിക്രമങ്ങളും ഉപദ്രവങ്ങളും നേരിട്ട ജുലീസ, ഇയാളുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നതായി വിവരമുണ്ട്.
അന്വേഷണത്തിൽ വരുണാണ് പ്രതിയെന്ന് പോലീസ് കണ്ടെത്തി. കൊലപാതകത്തിനുശേഷം ജുലീസയുടെ ഫോണും ക്രെഡിറ്റ് കാർഡുകളും വരുൺ കൈക്കലാക്കിയിരുന്നു. കാമുകിയുടെ അമ്മയ്ക്ക് ഇതേ ഫോണിൽനിന്ന് സന്ദേശങ്ങൾ അയച്ചു. സംഭവദിവസം ജുലീസയുടെ മുറിയിൽനിന്ന് ഉച്ചത്തിലുള്ള നിലവിളി കേട്ടതായി തൊട്ടടുത്ത മുറിയിലെ താമസക്കാരും പോലീസിനോട് പറഞ്ഞു. എന്നാൽ, പിന്നീട് ജുലീസയ്ക്ക് ഇതുസംബന്ധിച്ച് ചോദിച്ച് മെസേജ് അയച്ചപ്പോൾ അതൊരു സാധാരണ തർക്കംമാത്രമായിരുന്നെന്ന് മറുപടി ലഭിച്ചു. മറുപടി ജുലീസയുടെ ഫോണിൽനിന്നുതന്നെയായിരുന്നതിനാൽ പിന്നീട് അവർ അതേക്കുറിച്ച് അന്വേഷിച്ചില്ല.
കൊലപാതകത്തിനുശേഷം വരുൺ ഹൂസ്റ്റണിലേക്കും തുടർന്ന് ബെർലിനിലേക്കും വിമാനമാർഗം രക്ഷപ്പെടുകയായിരുന്നു. യു.എസ്. പോലീസും ഫെഡറൽ ഏജന്റുകളും ചേർന്നുനടത്തിയ നീക്കത്തിനൊടുവിൽ ജർമനിയിലെത്തിയ പ്രതിയെ കസ്റ്റഡിയിലെടുത്തു. വൈകാതെത്തന്നെ ഇയാളെ അരിസോണയിലേക്ക് നാടുകടത്തും. പിമ കൗണ്ടി കോടതിയിൽ ശാരീരിക ഉപദ്രവത്തിനും ലൈംഗിക പീഡനത്തിനും ഇയാൾക്കെതിരേ മറ്റു രണ്ടു കേസുകളുണ്ട്.
വരുണിനെ മുൻപ് നടന്നൊരു വഴക്കിനെത്തുടർന്ന് കോളേജിൽനിന്ന് പുറത്താക്കിയതാണ്. ഇയാൾക്ക് അടുത്തിടെ ജോലിനഷ്ടപ്പെടുകയും ചെയ്തു. ഇത് വാടക നൽകുന്നതിനെ ബാധിക്കുകയും യു.എസിലെ ഇമിഗ്രേഷൻ പദവി അപകടത്തിലാക്കുകയും ചെയ്തിരുന്നു.




