​ഹസീനയുടെ ഡൽഹി പരിപാടി; ഉഭയകക്ഷി ബന്ധം വഷളാകുമെന്ന് ബംഗ്ലാദേശ്

ന്യൂഡല്‍ഹി: മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഡല്‍ഹിയിലെ പൊതു പരിപാടിയില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി ബംഗ്ലാദേശ്. ഇന്ത്യയില്‍ നിന്നുള്ള ഹസീനയുടെ രാഷ്ട്രീയ പ്രവര്‍ത്തനം ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നാണ് ബംഗ്ലാദേശ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ബംഗ്ലാദേശ് പ്രധാനമന്ത്രി താരീക്ക് റഹ്‌മാന്റെ വിദേശകാര്യ ഉപദേഷ്ടാവ് ഹുമയുന്‍ കൊബിര്‍ ആണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്.

ഫോറിന്‍ കറസ്‌പോണ്ടേഴ്‌സ് ക്ലബ് ഓഫ് സൗത്ത് ഏഷ്യ സംഘടിപ്പിക്കുന്ന പരിപാടിയെ ചൊല്ലിയാണ് വിവാദം. നാളെ നടക്കുന്ന പരിപാടിയില്‍ ഓണ്‍ലൈന്‍ ആയാണ് ഷെയ്ഖ് ഹസീന പങ്കെടുക്കുന്നത്. ഇന്ത്യന്‍ ഹൈകമ്മീഷ്ണര്‍ ദിനേശ് ത്രിവേദിയുമായാണ് ധാക്കയില്‍ ബംഗ്ലാദേശ് പ്രതിനിധി കൂടിക്കാഴ്ച നടത്തിയത്. ഹസീന അടക്കം ആര്‍ക്കും ബംഗ്ലാദേശിനെ അനിശ്ചിതത്വത്തിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇന്ത്യന്‍ മണ്ണ് വിട്ടുകൊടുക്കരുതെന്നാണ് ബംഗ്ലാദേശ് ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തില്‍ ഇന്ത്യയോട് വിശദീകരണം തേടിയതായി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി അറിയിച്ചു. ഹസീനയുടെ പരിപാടിയില്‍ ഇന്ത്യ നിലപാട് വ്യക്തമാക്കണമെന്നും ബംഗ്ലാദേശ് ആവശ്യപ്പെട്ടിട്ടുണ്ട്.

രാഷ്ട്രീയ അട്ടിമറിക്ക് പിന്നാലെ 2024 ഓഗസ്റ്റ് 5നാണ് ധാക്കയില്‍ നിന്നും ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തത്. പിന്നാലെ നിലവിലെ ബംഗ്ലാദേശ് ഭരണകൂടം ഇവര്‍ക്ക് വധശിക്ഷയും വിധിച്ചിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ബംഗ്ലാദേശിലേക്ക് മടങ്ങാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് കഴിഞ്ഞ മൂന്ന് മാസത്തിനിടെ പലതവണ ഫോണിലൂടെയും ഇമെയില്‍ വഴിയും അവര്‍ അഭിമുഖങ്ങള്‍ നല്‍കിയിരുന്നു. ഞായറാഴ്ചയാണ് ഷെയ്ഖ് ഹസീനയുടെ ഓഡിയോ സന്ദേശം ഉള്‍പ്പെടുന്ന മാധ്യമ പരിപാടി ഓഗസ്റ്റ് 5ന് നടക്കുമെന്ന് ഫോറിന്‍ കറസ്‌പോണ്ടേഴ്‌സ് ക്ലബ് അറിയിച്ചത്. ‘ഷെയ്ഖ് ഹസീനയുടെ മടങ്ങിവരവ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയില്‍ അവരുടെ മകന്‍ സാജീബ് വാസെദ് ജോയിയും അവാമി ലീഗിലെ പ്രമുഖ നേതാക്കളും പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു.

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി