ഇസ്ലാമാബാദ്: പാകിസ്താനിൽ റാലിക്കിടെ ഉണ്ടായ സ്ഫോടനത്തിൽ ഏഴുപേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരിക്കേറ്റു. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലാണ് സംഭവം. പാകിസ്താന് പൊലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. സ്വാത് ജില്ലയില്‍ നടന്ന ‘സമാധാന റാലി’ക്കിടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനം ചാവേറാക്രമണം ആണെന്നാണ് സംശയം. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
കുറച്ചു കാലമായി സുരക്ഷാ സാഹചര്യങ്ങള്‍ വഷളായിക്കൊണ്ടിരിക്കുന്ന മേഖലയില്‍ സമാധാനം ആവശ്യപ്പെട്ട് പ്രാദേശിക ഗോത്രവര്‍ഗ സമിതിയായ ‘സ്വാത് അമന് ജിര്‍ഗ’ സംഘടിപ്പിച്ച റാലിക്കിടെയാണ് സ്ഫോടനമുണ്ടായത്. രക്ഷാപ്രവര്‍ത്തകര്‍ ഉടൻ തന്നെ പരിക്കേറ്റവരെ അടുത്തുളള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.




