കോടാലി നഷ്ടപ്പെട്ടകോടാലികൾ!

പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്

ആയുധം ധരിച്ച വില്ലാളി യുദ്ധത്തിൽ പിന്തിരിഞ്ഞു പോകുന്നു. സർവ്വായുധ വർഗം ധരിക്കേണ്ടവർ സകലവിധ കലാപരിപാടികളും അവതരിപ്പിച്ച് സായൂജ്യമടയുന്നു. പോർക്കളത്തിൽ പേരിനും പ്രമാണിത്വത്തിനും പ്രസക്തിയില്ല. പാരമ്പര്യത്തിനും പരിചയത്തിനും മുമ്പിൽ ശത്രു ഭയപ്പെടുകയില്ല.

ഇന്ന് പെന്തക്കോസ്തിൻ്റെ വേദികൾ കളർഫുളാണ്. കൈകളിൽ നിന്ന് ആയുധം എവിടെയോ വഴുതിപ്പോയിരിക്കുന്നു. ഒരിക്കൽ കൃപകളും കൃപാവരങ്ങളും ജ്വലിച്ചിരുന്നു. വചനത്തിൻ്റെ ശക്തി വാളുപോലെ ഹൃദയങ്ങളെ തുളച്ചിരുന്നു. മാനസാന്തരവും വീണ്ടും ജനനവും പാപബോധവും കേൾവിക്കാരിൽ ജനിചിരുന്നു. അനുതാപത്തിൻ്റെയും അനുസരണത്തിൻ്റെയും വഴിയിലേക്ക് അവർ തന്നത്താൻ താഴ്ത്തിക്കൊടുത്തു. ഇന്നലയുടെ ദിനങ്ങളിൽ ഇത് വഴിമാറി. ഇന്ന് അനുതാപവും ക്രിസ്തുയേശുവിലെ ഭാവവും പുറമ്പോക്കിലാണ്.

പെന്തക്കോസ്ത് കേവലം അധികാരത്തിൻ്റെയും അംഗീകാരത്തിൻ്റെയും അനുഗ്രഹത്തിൻ്റെയും വേദികൾ ആയി മാറി. പെന്തക്കോസ്തിൻ്റെ ശക്തി വെറും കയ്യടിയിൽ അവസാനിക്കുന്നുവെങ്കിൽ നാം മുഴങ്ങുന്ന ചെമ്പും ചിലമ്പുന്ന താളവുമത്രേ.

നമ്മുടെ പോരാട്ടം ജഡരക്തങ്ങളോടല്ല. ആയതിനാൽ നമ്മുടെ പോരിൻ്റെ ആയുധങ്ങൾ ജഡീകങ്ങളും അല്ല. കോട്ടകളെ ഇടിക്കുന്ന അത്യന്ത ശക്തി യത്രേ. ഈ നാളുകളിൽ ഒന്ന് തിരിഞ്ഞ് നോക്കൂ! നമ്മുടെ ആയുധത്തിൻ്റെ മൂർച്ചയും കോടാലിയും
നഷ്ടപ്പെട്ടുവോ? ഇപ്പോൾ കൈകളിൽ പണമുണ്ട് പദവിയുണ്ട് പ്രശസ്തിയുണ്ട്.

മനം പുരട്ടുന്ന വമ്പൻ പുകഴ്ത്തലുകളും മുഖ്യാസനവും മുമ്പിലുണ്ട്. എന്നാൽ ദൈവകൃപ ചോർന്നു പോയി. പൗലോസിനോടു കൂടെ യാത്ര തിരിച്ച ദേമാസിൻ്റെ കോടാലി നഷ്ടപ്പെട്ടു കഴിഞ്ഞപ്പോൾ അവൻ സുവിശേഷ വേലയിൽ വെറും ഒരു കോടാലിയായി മാറി. ഹുമനയോസും അലെക്സന്തരും പൗലോസിൻ്റെ ശുശ്രൂഷയിൽ തലവേദന സൃഷ്ടിച്ച കോടാലികൾ ആയിരുന്നു.

യേശുവിൻ്റെ ശിഷ്യന്മാരിൽ ഒരുവനായ യൂദാ പിശാച് അവനിൽ കടന്നു കഴിഞ്ഞപ്പോൾ ഒരു കോടാലിയായി മാറി. അബ്ശാലോം വിദഗ്ധനാണ് സുന്ദരനാണ്. എന്നാൽ അഹങ്കാരം അകത്തുകയറിയപ്പോൾ ഈ കോടാലി ഇപ്പോൾ കരുവേലകത്തിൽ തൂങ്ങി കിടക്കുകയാണ്. ഏലിയുടെ മക്കൾ ദൈവഭയം നഷ്ടപ്പെട്ട കോടാലികൾ ആയി ആലയത്തിൽ തഴയ്യ്ക്കുകയാണ്. മോശയുടെയും അഹരോൻ്റെയും ശുശ്രൂഷയെ വെല്ലുവിളിച്ച കോരഹ്, ദാദാൻ, അഭിരാം സഭയിൽ കോടാലികൾ ആയി മാറിയപ്പോൾ സമുദ്രത്തിൻ്റെ ആഴത്തിലേക്ക് ടൈറ്റാനിക് കുപ്പുകുത്തിയത് പോലെ ഭൂമിയുടെ ആഴങ്ങളിലേക്ക് ഒരിക്കലും പൊങ്ങി വരാത്ത വണ്ണം കുപ്പുകുത്തി.

ഉസിയാവിൽ നിഗളത്തിൻ്റെ ഇളക്കം തുടങ്ങിയപ്പോൾ അധികാരം നഷ്ടപ്പെട്ട കോടാലിയായി പുറത്തുപോയി.

കോടാലിയൂരി വെള്ളത്തിൽ പോകുവാൻ കാരണം എന്തേ? ഒരു പരിശോധന നടത്തുവാൻ സമയം ചിലവഴിച്ചില്ല. ഇളക്കം തോന്നിയപ്പോൾ ഒരു നിമിഷം നിൽക്കുവാനോ ഒന്ന് നോക്കുവാനോ തുനിഞ്ഞില്ല, എന്നും തിരക്കോട് തിരക്ക്. പ്രവാചക ശിഷ്യൻ വീണ്ടും വീണ്ടും വെട്ടിക്കൊണ്ടിക്കുന്നു. എന്നാൽ വീണത്
യോർദാൻ്റെ കാട്ടിലെ വൻ മരമല്ല കോടാലിയത്രേ . അതൊരു വൻ വീഴ്ചയായിരുന്നു.

ഇന്നയുടെ ദിനങ്ങളിൽ പോർക്കളത്തിലെ പടയാളി ഒരു ആത്മ പരിശോധന നടത്തിയിട്ട് എന്താണ് നഷ്ടപ്പെട്ടത് എന്ന് ചിന്തിച്ച് അതിനെ മടക്കി എടുക്കുവാൻ ഇറങ്ങിത്തിരിക്കണം. വിശ്വാസത്തിലും കൃപയിലും നിൽക്കുന്നുവോ എന്ന ചിന്തിക്കുന്നത് നന്നായിരിക്കും. ഒരിക്കലായി ഭരമേൽപ്പിച്ച അതി വിശുദ്ധ വിശ്വാസത്തിന് ഇളക്കം സംഭവിച്ചുവോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. ദൈവ സ്നേഹത്തിൻ്റെയും അനുതാപത്തിൻ്റെയും അനുസരണത്തിൻ്റെയും ആയുധം ഇളകി ഈ ഓട്ടക്കളത്തിൽ വീണുപോയോ? എങ്കിൽ നാം കോടാലി നഷ്ടപ്പെട്ട വെറും കോടാലികളും ഫെലിസ്ത്യരുടെ മുമ്പിൽ വെറും കളിപ്പാട്ടങ്ങളും മാത്രം ആയി മാറും.

ആകയാൽ നിൽക്കുന്നു എന്ന് തോന്നുന്നവൻ വീഴാതിരിപ്പാൻ സൂക്ഷിച്ചു കൊള്ളുക (1 കൊരി 10: 12)

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി