കാട്ടുപോത്തിന്‍റ ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം

കൊല്ലം: കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ മരിച്ചു. കുളത്തൂപ്പുഴ സ്വദേശി ബഷീര്‍ (68)ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കുളത്തൂപ്പുഴ ജംഗ്ഷനിലേക്ക് നടന്നുപോകുന്നതിനിടെയാണ് ബഷീറിനെ കാട്ടുപോത്ത് ആക്രമിച്ചത്.

ഗുരുതരമായി പരിക്കേറ്റ ബഷീർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും സ്ഥലത്തെത്താൻ വൈകിയെന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് മൃതദേഹം മാറ്റാൻ നാട്ടുകാർ ആദ്യം അനുവദിച്ചില്ല.

ഏറെ നേരത്തെ ചർച്ചകൾക്ക് ശേഷമാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയത്. ബഷീറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കുമെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. ഇതിൽ അഞ്ച് ലക്ഷം രൂപ അടിയന്തര സഹായമായി ഉടൻ നൽകുമെന്നും ബാക്കി തുക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിരന്തരമായ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാത്തപക്ഷം ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി.ഇതിനിടെ, ഇന്നലെ രാത്രി തിരുവനന്തപുരം പാലോട്–മൈലമൂട് മേഖലയിൽ വീണ്ടും കാട്ടുപോത്ത് കൂട്ടത്തെ കണ്ടതായി നാട്ടുകാർ അറിയിച്ചു. ഇതോടെ പ്രദേശത്ത് ആശങ്കയും ജാഗ്രതയും തുടരുകയാണ്.

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി