ചക്കുവള്ളി ചിറയെ നീന്തിത്തോൽപ്പിക്കാൻ പന്തയം വെച്ചിറങ്ങിയ ബാബു മുങ്ങി മരിച്ചു

കൊല്ലം: ശൂരനാട്, ചക്കുവള്ളി ചിറയിൽ നീന്താനിറങ്ങി കാണാതായ പള്ളിശ്ശേരിക്കൽ ചിറയുടെ തെക്കതിൽ ബാബുവിന്റെ മൃതദേഹം ഒടുവിൽ കൊല്ലത്തുനിന്നെത്തിയ ഫയർഫോഴ്സിന്റെ സ്കൂബാ ഡൈവിംഗ് സംഘം കണ്ടെടുത്തു.

​ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു നാടിനെയാകെ ഭീതിയിലാഴ്ത്തിയ സംഭവം നടന്നത്.

സുഹൃത്തുക്കളുമായി പന്തയം വെച്ച് ചിറ നീന്തി അക്കരെ പോയി തിരികെ വരാം എന്ന് ബാബു അവകാശപ്പെടുകയായിരുന്നു. സുഹൃത്തുക്കളുമായി വെച്ച ഒരു ചെറിയ പന്തയം ഒടുവിൽ കലാശിച്ചത് നാടിനെ നടുക്കിയ മഹാദുരന്തത്തിൽ.

വെള്ളത്തിലിറങ്ങി നീന്തിത്തുടങ്ങിയ ബാബു കുറച്ചുദൂരം മുന്നോട്ട് പോയെങ്കിലും പെട്ടെന്ന് പ്രതീക്ഷിക്കാത്ത രീതിയിൽ വെള്ളത്തിൽ താഴ്ന്നുപോവുകയായിരുന്നു.

ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിനായി ചിറയിലേക്ക് ചാടിയിറങ്ങിയെങ്കിലും ബാബുവിനെ കണ്ടെത്താനായില്ല.

​തുടർന്ന് ഫയർഫോഴ്സിൽ വിവരമറിയിക്കുകയും വൈകിട്ട് മുതൽ തന്നെ തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.
എന്നാൽ രാത്രിയോടെ തിരച്ചിൽ അവസാനിപ്പിക്കേണ്ടി വന്നു.

ഒടുവിൽ ഇന്നലെ 28/7/2026) രാവിലെ ആറ് മണിയോടെ കൊല്ലത്തുനിന്നെത്തിയ ഫയർഫോഴ്സിന്റെ പ്രത്യേക സ്കൂബ ടീം നടത്തിയ തീവ്രമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്.

പോലീസ് ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾക്ക് ശേഷം മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

​പന്തയങ്ങൾക്കായി ജീവൻ പണയം വെക്കരുത്.

​സൗഹൃദങ്ങളുടെ പേരിലോ വെറുമൊരു വാശിയുടെ പുറത്തോ ഇത്തരം അപകടകരമായ പന്തയങ്ങളിൽ ഏർപ്പെടുന്നത് സ്വന്തം ജീവൻ വച്ച് കളിക്കുന്നതിന് തുല്യമാണ്.

​വെള്ളം എപ്പോഴും അപകടകാരിയാണ്. എത്ര നന്നായി നീന്തൽ അറിയാവുന്ന ആളാണെങ്കിൽ പോലും വെള്ളത്തിൽ എന്തും സംഭവിക്കാം. പ്രത്യേകിച്ച് ചിറയുടെ അടിത്തട്ട് ചെളി പൂണ്ട് കിടന്നാൽ അപകട സാധ്യത വളരെ ഏറെയാണ്.

പെട്ടെന്നുണ്ടാകുന്ന രക്തസമ്മർദ്ദ വ്യതിയാനങ്ങൾ, മസിലുകൾ കയറിപ്പോകുകയോ കാൽ കുഴയുകയോ ചെയ്യൽ, വലിവുകൾ എന്നിവ ഉണ്ടായാൽ അടിയൊഴുക്കിൽ പെട്ട് ജീവൻ നഷ്ടപ്പെടാം.
സാഹസികത കാണിക്കാൻ തുനിയുമ്പോൾ, കൃത്യമായ സുരക്ഷാ സാമഗ്രികളോ പെട്ടെന്ന് രക്ഷിക്കാൻ ശേഷിയുള്ള വിദഗ്ധരോ കൂടെയുണ്ടെന്ന് ഉറപ്പാക്കണം.

​ കൂട്ടുകാരുമായി വെക്കുന്ന ഒരു പന്തയത്തിൽ ജയിച്ചാൽ കിട്ടുന്ന താൽക്കാലിക സന്തോഷത്തേക്കാൾ വലുതാണ് നിങ്ങളുടെ ജീവൻ.

ദുരന്തം സംഭവിച്ചാൽ കൂട്ടുകാർ പിന്നീട് അവരുടെ വഴിയേ പോകും, എന്നാൽ ആ നഷ്ടവും സഹിച്ചു ജീവിക്കേണ്ടി വരുന്നത് നിങ്ങളുടെ പ്രിയപ്പെട്ട കുടുംബം മാത്രമായിരിക്കും.

​ഇത്തരം ബുദ്ധിമോശങ്ങളും അനാവശ്യ വാശികളും കാണിക്കാതിരിക്കുക, സ്വന്തം ജീവന് ആയുസ്സിൻ്റെ വിലകൽപ്പിക്കുക


വാർത്ത: ഷാജി ആലുവിള

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി