വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ ചൈനയോ റഷ്യയോ നിലവിൽ പങ്കാളികളാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ റഷ്യയോ ചൈനയോ സംഘർഷത്തിൽ ഇടപെട്ടാൽ ഗുരുതമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
‘യാതൊരു സാഹചര്യത്തിലും ഇറാനിലേക്ക് ആയുധങ്ങൾ നൽകുകയോ വിൽക്കുകയോ ചെയ്യില്ലെന്ന് അടുത്തിടെ ബെയ്ജിങ്ങിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രസിഡന്റ് ഷി ജിൻപിംഗ് എന്നോട് വ്യക്തമായി പറഞ്ഞതാണ്. ആ ഉറപ്പ് ചൈനീസ് കമ്പനികൾക്കും ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു’ എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ വ്യക്തമാക്കിയിരിക്കുന്നത്.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഇറാനിലേക്ക് ആയുധങ്ങൾ വിൽക്കില്ലെന്ന് അറിയിച്ചിരുന്നു. അതിനാൽ ചൈനയും റഷ്യയും ഇറാൻ സംഘർഷത്തിൽ നേരിട്ട് പങ്കാളികളല്ലെന്നാണ് തന്റെ വിശ്വാസമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചിട്ടുണ്ട്. ‘അവർ ഈ യുദ്ധത്തിൽ ഇടപെടുകയാണെങ്കിൽ അതിന്റെ പ്രത്യാഘാതം വളരെ ഗുരുതരമായിരിക്കും. അത് തീർച്ചയായും അവരുടെ താൽപര്യങ്ങൾക്ക് അനുകൂലമാകില്ലെന്നും ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇറാൻ അമേരിക്ക യുദ്ധത്തിനിടെ ഗൾഫ് മേഖലയിലെ സിഐഎ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ, റഷ്യ ഇറാന് ലക്ഷ്യനിർണയ വിവരങ്ങളോ ഡ്രോൺ സാങ്കേതികവിദ്യയോ കൈമാറിയിട്ടുണ്ടോ എന്ന കാര്യം അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം പരിശോധിച്ചുവരികയാണെന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുമായി ബന്ധപ്പെട്ട നാല് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
ഇതുസംബന്ധിച്ച റിപ്പോർട്ടുകളോട് പ്രതികരിക്കാൻ റഷ്യ വിസമ്മതിച്ചതായും റിപ്പോർട്ട്. ഇറാന് ആയുധങ്ങൾ സ്വന്തമാക്കാൻ സഹായിച്ചെന്നാരോപിച്ച് നേരത്തെ റഷ്യയിലെയും ചൈനയിലെയും ചില വ്യക്തികൾക്കും കമ്പനികൾക്കും അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു.




