നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരുമായി ചർച്ച പൂർത്തിയാക്കി സിജെപി പ്രതിനിധി സംഘം.
തങ്ങളുടെ രണ്ട് ആവശ്യങ്ങളോട് കേന്ദ്ര സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതായി ചർച്ചയ്ക്ക് ശേഷം സിജെപി അറിയിച്ചു. എന്നാല്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി സംബന്ധിച്ച് തീരുമാനം ആയിട്ടില്ല. ഇക്കാര്യത്തില്‍ കേന്ദ്രസർക്കാർ സമയം തേടിയിട്ടുണ്ടെന്നും നാളെ വീണ്ടും ചർച്ച നടക്കുമെന്നും സിജെപി പ്രതിനിധികള്‍ പറഞ്ഞു. മന്ത്രി രാജി വെയ്ക്കാത്തെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും നേതാക്കള്‍ ആവർത്തിച്ചു.
ഇന്ന് കേന്ദ്രസർക്കാരുമായി രണ്ടാം ഘട്ട ചർച്ചയാണ് നടന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ, മന്ത്രി ജിതേന്ദ്ര സിംഗ് എന്നിവരാണ് ചർച്ച നടത്തിയത്. സിജെപി ദേശീയ വക്താക്കളായ സൌരവ് ദാസ്, അഷുതോഷ് റാങ്ക എന്നിവരാണ് സിജെപിയെ പ്രതിനീധികരിച്ച് ചർച്ചയില്‍ പങ്കെടുത്തത്.
വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക, മരിച്ച വിദ്യാർഥികളുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, പ്രതിഷേധക്കാർക്കെതിരായ എഫ്‌ഐആർ പിൻവലിക്കുക തുടങ്ങിയ മൂന്ന് ആവശ്യങ്ങളാണ് സിജെപി പ്രതിനിധികള്‍ ചർച്ചയില്‍ ഉന്നയിച്ചത്. ഇതില്‍ പ്രധാൻ്റെ രാജി ഒഴികെയുള്ള രണ്ട് ആവശ്യങ്ങളും കേന്ദ്രസർക്കാർ അംഗീകരിച്ചുവെന്ന് സിജെപി വ്യക്തമാക്കി. അതേസമയം പ്രധാൻ്റെ രാജിയാണ് പ്രധാനമെന്നും ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നും പ്രതിനിധികള്‍ പറഞ്ഞു. മാത്രമല്ല പ്രധാൻ രാജിവെച്ചില്ലെങ്കില്‍ സമരം കൂടുതല്‍ വ്യാപിപ്പിക്കുമെന്നും സിജെപി മുന്നറിയിപ്പ് നല്‍കി.




