തുടർച്ചയായി മൂന്നാം വർഷവും ആഗോള ദാരിദ്ര്യം കുറഞ്ഞതായി ഐക്യരാഷ്ട്ര സഭാ റിപ്പോർട്ട്. 2025ലെ ആഗോള ദാരിദ്ര്യക്കണക്കാണ് യുഎൻ അവസാനം പുറത്തു വിട്ടത്.
മുൻ വർഷങ്ങളെക്കാള്‍ ആഗോള ദാരിദ്ര്യം എല്ലാ ഭൂഖണ്ഡങ്ങളിലും കുറഞ്ഞതായി ഈ റിപ്പോർട്ട് പറയുന്നു.
എന്നാല്‍ കാലാവസ്ഥാ ആഘാതങ്ങളില്‍ നിന്നും വ്യാപാര തടസങ്ങളില്‍ നിന്നുമുള്ള വർധിച്ചു വരുന്ന അപകടസാധ്യതകള്‍ കൂടുതല്‍ പുരോഗതിക്കു ഭീഷണിയാകുമെന്നും ഈ റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ 2025ല്‍ ദാരിദ്ര്യം ലോകമെമ്പാടും ദാരിദ്ര്യം അനുഭവിച്ചത് ഏകദേശം 645 ദശലക്ഷം ആളുകളാണ്. ഇത് ലോക ജനസംഖ്യയുടെ 7.8ശതമാനം പേരാണ്.
2024ല്‍ ഇത് 8.1 ശതമാനവും 2022ല്‍ 8.6 ശതമാനവും ആയിരുന്നു. അഞ്ചു യുഎൻ ഏജൻസികള്‍ സംയുക്തമായി തയാറാക്കിയ സ്റ്റേറ്റ് ഒഫ് ഫുഡ് സെക്യൂരിറ്റി ആൻഡ് ന്യുട്രീഷൻ ഇൻ ദ വേള്‍ഡ് റിപ്പോർട്ടിലാണ് 2025ലെ കുറഞ്ഞ ദാരിദ്ര്യ ശതമാനം ഉള്ളത്.
ഇതില്‍ ഏഷ്യയിലെ, പ്രത്യേകിച്ചും ഇന്ത്യയിലെയും ലാറ്റിൻ അമെരിക്കയിലെയും കരീബിയനിലെയും നേട്ടങ്ങളാണ് ഈ പുരോഗതിയിലേയ്ക്കു പ്രധാനമായും നയിച്ചത്. ചില ആഫ്രിക്കൻ രാജ്യങ്ങളും വർഷങ്ങളുടെ തകർച്ചയെ മറികടക്കാൻ തുടങ്ങി.
എങ്കിലും ലോകത്തിലെ ഏറ്റവും വലിയ പോഷകാഹാരക്കുറവുള്ള ഭൂഖണ്ഡം 2025 ല്‍ ആഫ്രിക്കയായിരുന്നു. ഇവിടുത്തെ ജനസംഖ്യയില്‍ 309 ദശലക്ഷം ആളുകള്‍ക്ക് അതായത് അഞ്ച് ആഫ്രിക്കക്കാരില്‍ ഒരാള്‍ വീതം പോഷകാഹാരക്കുറവ് ഉള്ളവരായി കാണപ്പെട്ടു. യുഎൻ വിദഗ്ധരുടെ അഭിപ്രായത്തില്‍ 2030 ഓടെ ആഗോള പട്ടിണി കുറയുമെന്നാണ് കരുതപ്പെടുന്നത്.
നിലവില്‍ നടക്കുന്ന യുദ്ധവും ഹോർമൂസ് കടലിടുക്കിലെ പ്രശ്നങ്ങളുമാണ് ആഗോള ഭക്ഷ്യ സംവിധാനങ്ങള്‍ക്ക് ഇപ്പോള്‍ കാര്യമായ ഭീഷണിയുയർത്തുന്നതെന്ന് യുഎൻ റിപ്പോർട്ടില്‍ പറയുന്നു. ഇന്ധനം, വളം, ഗതാഗതം എന്നിവയുടെ വിലകള്‍ ഈ തടസ്സം വർദ്ധിപ്പിക്കുകയും ലോകമെമ്പാടുമുള്ള ഭക്ഷ്യ ഉല്‍പാദനച്ചെലവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.




