സാബു തൊട്ടിപ്പറമ്പില്
അൻ്റാർട്ടിക്കയിലെ തണുത്തുറഞ്ഞ മഞ്ഞുപാളികൾക്ക് താഴെ ശാസ്ത്രലോകത്തെപ്പോലും അത്ഭുതപ്പെടുത്തുന്ന വിശാലമായ ഒരു ‘മത്സ്യ ലോകം’ കണ്ടെത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അൻ്റാർട്ടിക്കയിലെ ദക്ഷിണ വെഡൽ കടലിലുള്ള ‘മഞ്ഞുപാളിക്ക് താഴെയുള്ള കടലിന്റെ അടിത്തട്ടിൽ’ നൂറുകണക്കിന് മീറ്റർ താഴെ ലോകത്തിലെ ഏറ്റവും വലിയ മത്സ്യപ്രജനന കേന്ദ്രം കണ്ടെത്തിയിരിക്കുന്നത്.
ആൽഫ്രഡ് വെഗനർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ഓട്ടൺ പേർസറുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ഗവേഷക സംഘമാണ് അത്യാധുനിക റോബോട്ടിക് സബ്മറൈനുകൾ ഉപയോഗിച്ച് ഈ അപൂർവ്വ പ്രതിഭാസം സ്ഥിരീകരിച്ചത്.
ഫ്ലോറിഡയിലെ ഓർലാന്റോ നഗരത്തോളം വലുപ്പമുള്ള, അതായത് ഏകദേശം 240 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പടർന്നുകിടക്കുന്ന ഈ പ്രദേശത്ത് ആറ് കോടിയോളം മൽസ്യക്കൂടുകളാണ് ഉള്ളത്. ‘ബ്ലാക്ക്ഫിൻ ഐസ്ഫിഷ്’ എന്ന അപൂർവ്വ ഇനത്തിൽപ്പെട്ട മത്സ്യങ്ങളാണ് ഈ കൂറ്റൻ കോളനിയിലെ നിവാസികൾ. മറ്റ് ജീവികളെപ്പോലെ രക്തത്തിൽ ഹീമോഗ്ലോബിൻ ഇല്ലാത്തതിനാൽ ഇവയുടെ രക്തവും ശരീരവും സുതാര്യമാണ്. കൂടാതെ, മൈനസ് ഡിഗ്രി തണുപ്പിലും ശരീരം തണുത്തുറഞ്ഞുപോകാതിരിക്കാൻ സഹായിക്കുന്ന പ്രത്യേക ആന്റിഫ്രീസ് പ്രോട്ടീനുകളും ഇവയുടെ ശരീരത്തിലുണ്ട്.
കടലടിത്തട്ടിലെ ചെറിയ കല്ലുകൾ മാറ്റി നിർമ്മിച്ചിരിക്കുന്ന, മുക്കാൽ മീറ്ററോളം വ്യാസമുള്ള ഓരോ കൂടുകളിലും ആയിരക്കണക്കിന് മുട്ടകളാണ് ഉള്ളത്. ഇവ വിരിയുന്നത് വരെ ആൺമത്സ്യങ്ങൾ അക്ഷീണം കാവൽ നിൽക്കുകയും ചെയ്യുന്നു. അൻ്റാർട്ടിക്കയിലെ അതികഠിനമായ തണുപ്പിലും ഈ നിർദ്ദിഷ്ട പ്രദേശത്തു മാത്രം കടലിനടിയിലൂടെ ഒഴുകുന്ന ചെറുചൂടുള്ള നീരൊഴുക്കാണ് ഇത്രയധികം മത്സ്യങ്ങൾക്ക് ഒരുമിച്ച് പെറ്റുപെരുകാൻ അനുയോജ്യമായ അന്തരീക്ഷമൊരുക്കുന്നത്. ചുറ്റുമുള്ള വെള്ളത്തേക്കാൾ കേവലം രണ്ട് ഡിഗ്രി സെൽഷ്യസ് അധിക ചൂട് മാത്രമാണ് ഇവിടെയുള്ളതെങ്കിലും, ജീവന്റെ നിലനിൽപ്പിന് അത് വലിയ പങ്കുവഹിക്കുന്നു.
എന്നാൽ ഈ ശാന്തമായ അവസ്ഥ എപ്പോഴും നിലനിൽക്കാറില്ല.
ആകാശ ഉപഗ്രഹങ്ങൾ വഴിയുള്ള വിവരങ്ങൾ പ്രകാരം അൻ്റാർട്ടിക്കയിലെ വെഡൽ സീലുകൾ പ്രജനന സമയത്ത് സ്ഥിരമായി ഇവിടെയെത്തുകയും ഈ മത്സ്യങ്ങളെ ഇരയാക്കുകയും ചെയ്യാറുണ്ട്. ഇത് പ്രകൃതിദത്തമായ ആവാസവ്യവസ്ഥയുടെ ഭാഗമാണെങ്കിലും, ഭൂമിയിലെ ഏറ്റവും അപൂർവ്വമായ ഈ ‘മത്സ്യ നഗരം’ കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നും മറ്റ് ഭീഷണികളിൽ നിന്നും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ശാസ്ത്രജ്ഞർ ഓർമ്മിപ്പിക്കുന്നു. അതിനാൽ തന്നെ ഈ പ്രദേശത്തെ പ്രത്യേക സംരക്ഷണ മേഖലയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.




