തെഹ്റാന്‍ : തുടർച്ചയായ ഏഴാം ദിവസവും ഇറാനിലേക്ക് അമേരിക്കയുടെ ആക്രമണം. ചബഹാറിലെ തുറമുഖ നിരീക്ഷണ ടവർ തകർത്തതായി അമേരിക്ക. ഹോർമുസ് കടലിടുക്കിൽ കപ്പലുകൾ ട്രാക്ക് ചെയ്യാനും ലക്ഷ്യമിടാനുമുള്ള ഐആർജിസിയുടെ കഴിവിനെ ഇത് ബാധിക്കുമെന്ന് അമേരിക്കൻ സൈന്യം. ഇറാനിലേക്ക് കരയാക്രമണം നടത്തുമെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആകാശത്തു വച്ച് പോർവിമാനങ്ങളിൽ ഇന്ധനം നിറയ്ക്കാനാകുന്ന കൂടുതൽ ജെറ്റുകൾ ഇസ്രയേലിലേക്ക് അയക്കാനും ട്രംപിന്റെ നീക്കം.
ഇറാനിലെ സിരിക്കിലും ബന്ദർ അബ്ബാസിലും ഖഷാമിലും സ്ഫോടനങ്ങൾ ഉണ്ടായി. നാവിക ഉപരോധം ആരംഭിച്ചതിനു ശേഷം ഹോർമുസിൽ നാല് കപ്പലുകൾ തടഞ്ഞതായി യു എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഒരു കപ്പൽ ആക്രമിച്ച് നിശ്ചലമാക്കിയെന്നും, ഒരു കപ്പലിലേക്ക് സൈനികർ ഇറങ്ങിയെന്നും യുഎസ് സെൻട്രൽ കമാൻഡ് പറുന്നു. ഖാർഗ് ദ്വീപിൽ നങ്കൂരമിട്ടിരുന്ന ഇറാൻ്റെ എണ്ണ ടാങ്കർ അമേരിക്ക ആക്രമിച്ചതായി ബുഷെഹർ ഗവർണർ അറിയിച്ചു. ഹോർമുസ് കടക്കാൻ ശ്രമിച്ച തായ് പതാകയുള്ള കപ്പൽ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് ആക്രമിച്ചതായി ഇറാൻ.
യുഎസ് ആക്രമണത്തിൽ തെക്കൻ ഇറാനിലെ നിരവധി പാലങ്ങൾ തകർന്നതായാണ് വിവരം. ബന്ദർ അബ്ബാസിനെ മറ്റിടങ്ങളുമായി ബന്ധിപ്പിക്കുന്ന പാലങ്ങളാണ് തകർക്കപ്പെട്ടത്. അമേരിക്ക അടിസ്ഥാന സൗകര്യങ്ങൾക്കു നേരെ ആക്രമണം നടത്തുന്നത് യുദ്ധക്കുറ്റമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ഇന്നലെ ഇറാനിൽ കൊല്ലപ്പെട്ട എട്ടു പേരിൽ മൂന്നു പേർ കൊല്ലപ്പെട്ടത് പാലം ആക്രമിക്കപ്പെട്ടപ്പോഴെന്നും ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു.
അമേരിക്കയുടെ ആക്രമണം തുടർന്നാൽ വരും ദിവസങ്ങളിൽ പൂർണ്ണ തോതിലുള്ള ആക്രമണം നേരിടേണ്ടിവരുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി. ചർച്ചകളിലേക്ക് മടങ്ങാൻ ഇറാനോട് ഫ്രാൻസും ജർമനിയും ആവശ്യപ്പെട്ടു. ഇറാൻ്റെ അടിസ്ഥാന സൗകര്യങ്ങൾക്കു നേരെയുള്ള ആക്രമണം വ്യാപിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.യുദ്ധം ശക്തിപ്പെടുത്താനുള്ള നീക്കത്തിൻ്റെ ഭാഗമാണെന്ന് വിലയിരുത്തൽ




