ആകാശവാണി കണ്ടതും കേട്ടതും!ആരാധന കണ്ടതും കേട്ടതും!

പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്

ഒത്തിരി വർഷങ്ങൾക്കു മുമ്പ് ആകാശവാണി കോഴിക്കോട് റേഡിയോ നിലയത്തിൽ നിന്നും എല്ലാ ദിവസവും കാത്തിരുന്നു കേട്ട മിനിറ്റുകൾ മാത്രം നീണ്ടുനിന്ന വളരെ രസകരവും കൗതുകകരവുമായ ഒരു കാര്യ പരിപാടിയായിരുന്നു കണ്ടതും കേട്ടതും.

വളരെ ചിന്തനീയവും ആകർഷണീയവും ആയ രീതിയിൽ വളരെ ഹാസ്യ രൂപത്തിൽ അവതരിപ്പിച്ച ആ പരിപാടി പലരുടെയും പുറം പൂച്ചും മുഖംമൂടിയും അഴിച്ചുമാറ്റി ശരം കണക്കേ സത്യങ്ങളും യാഥാർത്ഥ്യങ്ങളും അതിൽ കൂടി തൊടുത്ത് വിട്ടിരുന്നു. ചിന്തിപ്പിക്കുന്നതും ചിരിപ്പിക്കുന്നതും ചിലപ്പോൾ കരയിപ്പിക്കുന്നതുമായ ആ കാര്യപരിപാടി അതി ഗംഭീരവും അടുത്തത് കേൾക്കുവാൻ കാത്തിരിപ്പിക്കുന്നതും ആയിരുന്നു. ഇന്ന് അത് ഉണ്ടോ എന്നറിയില്ല. എങ്കിലും മനസ്സിൽ അത് മായാതെ കിടക്കുന്നു

കാലം മാറി കോലം മാറി എന്ന് പറയുന്നതുപോലെ ഇപ്പോൾ നമ്മുടെ പ്രസംഗവേദികളിലും വിശുദ്ധ ആരാധനകളിലും പ്രഥമ സമയം സത്യവചനവുമായി പുലബന്ധം ഇല്ലാത്ത കണ്ടതും കേട്ടതും കയ്യടക്കി. പ്രസംഗ വേദികൾ സമയം കൊല്ലി വേദികളായി മാറിക്കൊണ്ടിരിക്കുന്നു.

കാത്തിരിപ്പുയോഗം തുടങ്ങി വിവാഹ വേദി ചരമ യോഗങ്ങൾ ഇങ്ങനെ ഒട്ടുമിക്ക വിശുദ്ധ വേദികളിൽ കണ്ടതും കേട്ടതും വിളിച്ചു പറയുക ഒരു പതിവായി മാറി. കിഴവിക്കഥകൾ പോലും തോറ്റ് തുന്നം പാടുന്ന മണ്ടത്തരങ്ങളും പ്രസംഗികൻ്റെ പൊങ്ങച്ചങ്ങളും വിളമ്പുന്ന വേദികളായി മാറി നമ്മുടെ പുൾപീറ്റുകൾ. ഇതൊക്കെ കേട്ട് മനം പുരട്ടുന്ന വിശ്വാസികളും ജനങ്ങളും.

നീ പോടാ നീ ആരാടാ എന്നൊക്കെ വെല്ലുവിളിച്ചു കൊണ്ട് ഇല്ലാ കഥകൾ കെട്ടി മെനഞ്ഞ് വേദിയിൽ വിളമ്പി സായൂജ്യവും നിർവൃതിയും അടയുന്ന പാതിരിമാർ ഒന്ന് തിരിച്ചറിയണം ഇതെല്ലാം വെറും പതിർ അത്രേ. വിമർശനങ്ങൾ വളർച്ചയ്ക്ക് നല്ലതാണ് എന്നാൽ അത് അതിരുവിട്ട് പുറമ്പോക്കിൽ എത്തിക്കഴിയുമ്പോൾ അത് വിമർശനം അല്ല വളിച്ച വാക്കുകൾ അത്രേ. അവിടെ പരത്തുന്നത് സുഗന്ധമല്ല ദുർഗന്ധമത്രേ.
ഇത് ദൈവസഭകളുടെ കൂടിവരവുകളിൽ ഭൂഷണമല്ല .

ധന്യനായ യോഹന്നാൻ അപ്പോസ്തോലൻ പറഞ്ഞു ഞങ്ങൾ കേട്ടതും സ്വന്തം കണ്ണുകൊണ്ട് കണ്ടതും ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതുമായ ജീവൻ്റെ വചനം (1 യോഹന്നാൻ1:1-2). ഈ അനുഭവം ആർക്കും ചോദ്യം ചെയ്യുവാൻ കഴിയില്ല സ്വന്തം ജീവിതത്തിൻ്റെ ആഴങ്ങളിൽ നിന്ന് പുറത്തെടുത്ത് നിരത്തുന്ന ഈ മുത്തുകൾ നിശ്ചയമായും സഭയെ പണുതുറപ്പിക്കും. ഇന്ന് എല്ലാം മലവെള്ളത്തിൽ പമ്പയാറ്റിൽ കൂടിയൊഴുകുന്ന ഒതളങ്ങ പോലെ എവിടെയോ അറബി കടലിൽ ചെന്ന് അത്
പതിക്കുന്നു എങ്ങോ പോയി അടിയുന്നു ആർക്കും ഒരു പ്രയോജനവും ഇല്ല.

പിതാക്കന്മാർ സുവിശേഷവേലയിൽ കട്ടൻകാപ്പിയും കുടിച്ചുകൊണ്ട് കറുത്ത പുസ്തകം മാറോടു ചേർത്തുപിടിച്ച് കർത്താവിനെ ഉയർത്തി. കാലങ്ങൾ പിന്നിട്ടപ്പോൾ കഥയും കലയും കലാപരിപാടികളും വേദികളിൽ സ്ഥാനം പിടിച്ചു. എപ്പോൾ കർത്താവ് വരും എന്ന് ഒരിക്കൽ ചോദിച്ച വിശ്വാസികൾ ഈ കഥയില്ലാ പരിപാടികൾ കണ്ട് മനസ്സ്
മടുത്ത് ഇപ്പോൾ ചോദിക്കുന്നത് ഇത് എപ്പോൾ നിർത്തും എന്നത്രേ. ആരാധന യോഗങ്ങളിലും പ്രസംഗ വേദികളിലും കണ്ടതും കേട്ടതും വിളിച്ച് പറയുന്നത് അവസാനിക്കട്ടെ. കാൽവറിയെ ഉയർത്തുന്ന വചനങ്ങളും കാദേശ് മരുവിനെ
നടുക്കിയ ദൈവശബ്ദവും പുറത്തു വരട്ടെ.

യേശുവും അപ്പോസ്തോലൻമാരും അവിടെയും ഇവിടെയും നടന്നത് നിരത്തിവെച്ച് ജനത്തെ വലച്ചില്ല. പലപ്പോഴും സാക്ഷാൽ അത്ഭുതങ്ങളും അടയാളങ്ങളും നടന്നതിനു ശേഷം ഇതു പ്രസിദ്ധമാക്കരുത് എന്ന് പറഞ്ഞ് അവർ അടുത്ത ഗ്രാമത്തിലേക്ക് കാലുകൾ ചലിപ്പിച്ചു. വചനത്തിൻ്റെ വാതിലുകൾ തുറക്കണമെങ്കിൽ ദൈവസന്നിധിയിൽ ഇരിക്കണം. കറങ്ങി നടക്കുന്നവർക്ക് സമയം എവിടെ ? പിന്നെ എന്തെങ്കിലുമൊക്കെ പുലമ്പി ഇല്ലാ കഥകളും നിർമ്മിത കഥകളും കെട്ടിച്ചമച്ച് സംതൃപ്തിയടയുന്നു. ചിലരൊക്കെ അത് കേട്ട് കോൾമയിർ കൊള്ളുന്നു കയ്യടിക്കുന്നു ചാടുന്നു. ഈ വ്യർത്ഥ വാക്കുകളും മണ്ടൻ നിർമ്മിത കഥകളും അവസാനിക്കട്ടെ. പുസ്തകത്തിലേക്കും വചനത്തിലേക്കും മടങ്ങി വരുവാൻ സമയം വൈകി എന്നത് നാം മറന്നുപോകരുത്.

സത്യത്തിൻ്റെ സാക്ഷികളായി മഹിമ കണ്ട സാക്ഷികളായി തേജസ് കണ്ടവരായി ഒരു കൂട്ടം ദേശത്ത് എഴുന്നേൽക്കട്ടെ. എവിടെയെങ്കിലും എന്തെങ്കിലും കേട്ടതും നടന്നതും വിളിച്ചു കൂവി പ്രശസ്തിയും പ്രശംസയും എടുക്കുവാൻ തുനിയുന്നത് വെറും പൊള്ളയായ ശബ്ദമത്രേ.

ഇന്നയുടെ ദിനങ്ങളിൽ ഹൃദയത്തിൻ്റെ ആഴങ്ങളിൽ നിന്ന് ദൈവശബ്ദവും ദൈവീക വെളിപാടും പുറത്തു വരട്ടെ.

പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും