ഞാൻ ഗാന്ധിജിയല്ല, വേണ്ടി വന്നാല്‍ മറ്റുള്ളവരെയും കൊല്ലും; കോടതിയെ വെല്ലുവിളിച്ച്‌ പ്രതി ചെന്താമര

പാലക്കാട്: കേരളത്തെ നടുക്കിയ പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ചെന്താമരയുടെ ശിക്ഷാവിധി കോടതി മറ്റന്നാള്‍ പ്രസ്താവിക്കും.

പാലക്കാട് അഡീഷണല്‍ സെഷൻസ് കോടതി കുറ്റക്കാരനാണെന്ന് വിധിച്ചതിന് പിന്നാലെ, യാതൊരു കുറ്റബോധവുമില്ലാതെ ജഡ്ജിയെയും പ്രോസിക്യൂഷനെയും വെല്ലുവിളിക്കുന്ന നിലപാടാണ് പ്രതി സ്വീകരിച്ചത്.

ഒരു ചെകിടത്ത് അടിച്ചാല്‍ മറ്റേ ചെകിടും കാണിക്കാൻ താൻ ഗാന്ധിജിയല്ല, വേണ്ടി വന്നാല്‍ ഇനിയും ആളുകളെ കൊല്ലും എന്ന് ചെന്താമര കോടതിയില്‍ പരസ്യമായി വിളിച്ചുപറഞ്ഞു. എഴുതാൻ പറ്റുന്നത് എഴുതിക്കോ, ഇത്തരം അവസ്ഥ നിങ്ങള്‍ക്കും വരണം അപ്പോള്‍ അറിയാം. എനിക്ക് തടസ്സം നിന്നാല്‍ ഇങ്ങനെയായിരിക്കും പെരുമാറ്റം എന്നും പ്രതി ജഡ്ജിയോട് പറഞ്ഞു.

ഭാരതീയ ന്യായ സംഹിത (BNS) പ്രകാരമുള്ള 103 (1), 126 (2) എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ തെളിഞ്ഞിരിക്കുന്നത്. ശിക്ഷയെക്കുറിച്ച്‌ എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് എന്നെ തൂക്കിക്കൊല്ലാൻ വിധിച്ചോളൂ എന്നായിരുന്നു ചെന്താമരയുടെ ധാർഷ്ട്യം നിറഞ്ഞ മറുപടി. 2025 ജനുവരി 27-നായിരുന്നു നെൻമാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും അയല്‍വാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പോത്തുണ്ടി മാട്ടായി വനമേഖലയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. 2019-ല്‍ സജിത എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിലും പ്രതിയായ ഇയാള്‍, ആ കേസില്‍ ജാമ്യത്തിലിറങ്ങി വ്യവസ്ഥകള്‍ ലംഘിച്ച്‌ താമസിക്കുന്നതിനിടയിലാണ് രണ്ടാമതും ഇരട്ടക്കൊലപാതകം നടത്തിയത്. 132 സാക്ഷികളും ശാസ്ത്രീയ തെളിവുകളും അടങ്ങിയ 480 പേജുള്ള കുറ്റപത്രത്തിന്മേല്‍ നീണ്ട വിചാരണ പൂർത്തിയാക്കിയാണ് കോടതി മറ്റന്നാള്‍ ശിക്ഷ പ്രഖ്യാപിക്കുന്നത്.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും