• സാബു തൊട്ടിപ്പറമ്പിൽ
അമേരിക്കൻ ഭൂഖണ്ഡത്തിലെ മനുഷ്യവാസത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള പരമ്പരാഗത ധാരണകളെ പൂർണ്ണമായി നിഷ്പ്രഭമാക്കുന്ന പുതിയ കണ്ടെത്തലുകളുമായി ശാസ്ത്രലോകം രംഗത്തെത്തിയിരിക്കുകയാണെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ ‘ റിപ്പോര്ട്ട് ചെയ്യുന്നു.

വടക്കേ അമേരിക്കയിലെ ന്യൂ മെക്സിക്കോയിലുള്ള വരണ്ടതും പുൽക്കാടുകൾ നിറഞ്ഞതുമായ ‘വൈറ്റ് സാൻഡ്സ്ന പാർക്കിൽ’ കണ്ടെത്തിയ പുരാതനമായ ഒരു കൂട്ടം മനുഷ്യ കാൽപ്പാടുകൾ ഇതിന് വ്യക്തമായ തെളിവ് നൽകുന്നു. ശാസ്ത്രജ്ഞർ നടത്തിയ വിപുലമായ പുനപ്പരിശോധനയിലൂടെ ഈ കാൽപ്പാടുകൾക്ക് ഏകദേശം 23,000 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. മുൻപ് കരുതിയിരുന്നതിനേക്കാൾ പതിനായിരത്തോളം വർഷങ്ങൾക്ക് മുൻപ് തന്നെ ഇവിടെ സജീവമായ മനുഷ്യസാന്നിധ്യമുണ്ടായിരുന്നു എന്ന വിപ്ലവകരമായ തിരിച്ചറിവിലേക്കാണ് ഈ കണ്ടെത്തൽ വിരൽ ചൂണ്ടുന്നത്.
പൊതുവേ ശാസ്ത്രലോകം മുൻപ് അംഗീകരിച്ചിരുന്ന ചരിത്രരേഖകൾ പ്രകാരം, ഏകദേശം 13,000 മുതൽ 15,000 വർഷങ്ങൾക്ക് മുൻപ് മാത്രമാണ് മനുഷ്യർ ഏഷ്യയിൽ നിന്നും വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലേക്ക് കുടിയേറിയത് എന്നായിരുന്നു ധാരണ. അമേരിക്കയിലെ ആദ്യത്തെ മനുഷ്യർ ‘ക്ലോവിസ് സംസ്കാരത്തിൽ’ (Clovis culture) പെട്ടവരാണെന്ന നിഗമനത്തിലായിരുന്നു ചരിത്രകാരന്മാർ ഇത്രയും കാലം. ഏകദേശം പതിമൂവായിരം വർഷങ്ങൾക്ക് മുൻപ് അമേരിക്കയിൽ ജീവിച്ചിരുന്ന ഈ പുരാതന മനുഷ്യർ വേട്ടയാടാനായി ഉപയോഗിച്ചിരുന്ന സവിശേഷമായ കല്ല് കൊണ്ടുള്ള ആയുധങ്ങളും കുന്തമുനകളും ന്യൂ മെക്സിക്കോയിലെ ‘ക്ലോവിസ്’ എന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയതിനാലാണ് ഈ സംസ്കാരത്തിന് ആ പേര് ലഭിച്ചത്.
ദീർഘകാലമായി അമേരിക്കൻ മനുഷ്യചരിത്രത്തിന്റെ തുടക്കമായി കണക്കാക്കപ്പെട്ടിരുന്നതും ഈ ക്ലോവിസ് മനുഷ്യരെയായിരുന്നു.

എന്നാൽ വൈറ്റ് സാൻഡ്സിലെ പുരാതന തടാകക്കരയിലെ ചെളിയിൽ പതിഞ്ഞ്, പിന്നീട് കാലാന്തരത്തിൽ ജിപ്സം പാളികളായി മാറി സംരക്ഷിക്കപ്പെട്ട ഈ പുതിയ കാൽപ്പാടുകൾ ചരിത്രഗവേഷകരെയും നരവംശശാസ്ത്രജ്ഞരെയും ഒരുപോലെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ പഴയ കാലഗണനയെ പൂർണ്ണമായും തിരുത്തിക്കുറിക്കുകയാണ്. അതായത്, ഭൂമിയിൽ ഏറ്റവും കഠിനമായ ഹിമയുഗം നിലനിന്നിരുന്ന കാലഘട്ടത്തിൽ പോലും ഇവിടെ മനുഷ്യർ ജീവിച്ചിരുന്നു എന്ന് ഇത് സാക്ഷ്യപ്പെടുത്തുന്നു.
ഈ കണ്ടെത്തലുമായി ബന്ധപ്പെട്ട ആദ്യപഠനം 2021-ൽ പ്രശസ്തമായ ‘സയൻസ്’ (Science),
(അമേരിക്കൻ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് സയൻസ്’ (American Association for the Advancement of Science – AAAS) മാഗസിനിലാണ് പ്രസിദ്ധീകരിച്ചിരുന്നത്.
എന്നാൽ അന്ന് കാൽപ്പാടുകളുടെ പഴക്കം നിർണ്ണയിക്കാൻ അവിടെയുണ്ടായിരുന്ന ഒരു ജലസസ്യത്തിന്റെ വിത്തുകളാണ് കാർബൺ ഡേറ്റിംഗിനായി ഉപയോഗിച്ചിരുന്നത് എന്നതിനാൽ ശാസ്ത്രലോകത്ത് ചില തർക്കങ്ങളും സംശയങ്ങളും ഉയർന്നു വന്നിരുന്നു. ഈ സസ്യങ്ങൾ വെള്ളത്തിൽ നിന്നും വളരെ പഴയ കാർബൺ ആഗിരണം ചെയ്യാൻ സാധ്യതയുള്ളതുകൊണ്ട് പ്രായപരിശോധനയിൽ തെറ്റായ രീതിയിൽ കൂടുതൽ പഴക്കം കാണിച്ചതാകാം എന്നായിരുന്നു ഒരു വിഭാഗം ശാസ്ത്രജ്ഞരുടെ വാദം.
എന്നാൽ ഉയർന്നുവന്ന എല്ലാ സംശയങ്ങളെയും തർക്കങ്ങളെയും പൂർണ്ണമായി ദൂരീകരിച്ചുകൊണ്ടാണ് ഇപ്പോൾ പുതിയ പരിശോധനാ ഫലങ്ങൾ പുറത്തുവന്നിരിക്കുന്നത്. ഇത്തവണ ഒരൊറ്റ തെളിവിനെ മാത്രം ആശ്രയിക്കാതെ വൈവിധ്യമാർന്ന ആധുനിക സാങ്കേതികവിദ്യകളാണ് ഗവേഷകർ ഉപയോഗിച്ചത്. ഇതിനായി ജലസസ്യങ്ങളിൽ നിന്നും വ്യത്യസ്തമായി അന്തരീക്ഷത്തിൽ നിന്നും നേരിട്ട് കാർബൺ സ്വീകരിക്കുന്ന പുരാതന കോണിഫർ മരങ്ങളുടെ പൂമ്പൊടികൾ ശേഖരിച്ച് കാർബൺ ഡേറ്റിംഗിന് വിധേയമാക്കുകയുണ്ടായി. ഈ പരിശോധന മുൻപ് കണ്ടെത്തിയ അതേ കാലഘട്ടത്തെ വീണ്ടും കൃത്യമായി ശരിവെച്ചു. ഇതിനുപുറമേ, കാൽപ്പാടുകൾ അടങ്ങിയ മൺപാളികളിലെ ക്വാർട്സ് തരികൾ അവസാനമായി എപ്പോഴാണ് സൂര്യപ്രകാശം കണ്ടത് എന്ന് നിർണ്ണയിക്കുന്ന ഒപ്റ്റിക്കൽ ഡേറ്റിംഗ് രീതിയും ശാസ്ത്രജ്ഞർ ഉപയോഗിക്കുകയുണ്ടായി. ഈ രണ്ട് മിനറൽ സിഗ്നലുകളും കാൽപ്പാടുകളുടെ പുരാതനത്വം ഒട്ടും സംശയമില്ലാതെ സ്ഥിരീകരിച്ചു.
വിവിധ ശാസ്ത്ര ശാഖകളെ കോർത്തിണക്കി നടത്തിയ ഈ പുനപ്പരിശോധനയോടെ വൈറ്റ് സാൻഡ്സിലെ കണ്ടെത്തലുകൾക്കെതിരെ നിലനിന്നിരുന്ന എല്ലാ തർക്കങ്ങളും അവസാനിച്ചിരിക്കുകയാണ്.
വമ്പൻ ഹിമപാളികൾ വടക്കേ അമേരിക്കയെ ബാക്കി ലോകത്തുനിന്നും വേർതിരിക്കുന്നതിന് മുൻപ് തന്നെ മനുഷ്യർ ഈ ഭൂഖണ്ഡത്തിൽ എത്തിപ്പെട്ടിരുന്നു എന്ന് വേണം ഇതിലൂടെ മനസ്സിലാക്കാൻ. മനുഷ്യന്റെ അതിജീവനത്തിന്റെയും കുടിയേറ്റത്തിന്റെയും അതിപുരാതനമായ കഥയിലേക്ക് തികച്ചും വിപ്ലവകരമായ ഒരു അധ്യായമാണ് ഇതിലൂടെ കൂട്ടിച്ചേർക്കപ്പെടുന്നത്.




