കൊച്ചി: സംസ്ഥാനത്തെ ലഹരിമുക്തമാക്കാനുളള ദൗത്യത്തിന്റെ ഭാഗമായുളള ‘തൂഫാന് ജാഗരണ്‍’ ബഹുജനറാലി ആരംഭിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് റാലിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറും റാലിയില്‍ പങ്കെടുത്തു. പെരുമ്പാവൂരിലെ ലഹരിയുടെ ക്യാപിറ്റല്‍ എന്ന കുപ്രസിദ്ധിയില് നിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
തൂഫാന് പെരുമ്പാവൂരില്‍ വലിയ മാറ്റമുണ്ടാക്കുമെന്നും അതിഥി തൊഴിലാളികളെ മറയാക്കി ലഹരി മാഫിയ പ്രവര്‍ത്തിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. തൂഫാന് ആഞ്ഞടിച്ചപ്പോള്‍ അയ്യായിരത്തിലേറെ കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്നും സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് ഫോര്‍ ഓപ്പറേഷന് തൂഫാന് ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക, തമിഴ്നാട്, തെലങ്കാന, പുതുച്ചേരി കേരളാ ഡിജിപിമാര്‍ പങ്കെടുക്കുന്ന സംയുക്ത യോഗം ഉടന്‍ ചേരുമെന്നും അതിര്‍ത്തി വഴി ലഹരി കടത്തുന്നത് തടയുകയാണ് ലക്ഷ്യമെന്നും ചെന്നിത്തല വ്യക്തമാക്കി.
ഇതര സംസ്ഥാന തൊഴിലാളികളെ മറയാക്കി പ്രവര്‍ത്തിക്കുന്ന മലയാളികളുണ്ട്. ലഹരിയുടെ വേരറുക്കാതെ പൊലീസ് പിന്മാറില്ല. പെരുമ്പാവൂരില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും. ഇവിടെ തന്നെ കനത്ത ശിക്ഷ നല്‍കും. സഹോദരിമാര്‍ക്കും അമ്മമാര്‍ക്കും സുരക്ഷിതമായി വഴിയിലൂടെ നടക്കാനാകണം. ഒരു അമ്മയും മക്കള്‍ ലഹരി ഉപയോഗിക്കുന്നത് കണ്ട് കരയരുത്. ഗുണ്ടകളല്ല, സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് ഫോര്‍ ഓപ്പറേഷന് തൂഫാന് ആരംഭിക്കും.
കേരളത്തിന്റെ തെരുവിലൂടെ അമ്മ പെങ്ങന്മാര്ക്ക് സുഗമമായി നടക്കാന്‍ അവസരമുണ്ടാകും. ഗുണ്ടകളെയും നിലയ്ക്ക് നിര്‍ത്താന്‍ കഴിയുന്ന സര്‍ക്കാരാണ് കേരളത്തിലുളളത്. ഒരു കാരവാനിലും ലഹരി ഉപയോഗം അനുവദിക്കില്ല. രമേശ് ചെന്നിത്തല വ്യക്തമാക്കി.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ദിവസവേതനം നല്‍കുന്നത് കേരളത്തിലാണെന്നും ഗുജറാത്തുള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളില്‍ 350 രൂപയാണ് ദിവസക്കൂലിയെന്നും ചെന്നിത്തല പറഞ്ഞു. ‘നാം ഗള്‍ഫില്‍ പോകുന്നത് കൂടുതല്‍ സമ്പാദ്യമുണ്ടാക്കാനാണ്. വാസ്തവത്തില്‍ അതിഥി തൊഴിലാളികളുടെ ഗള്‍ഫാണ് കേരളവും പ്രത്യേകിച്ച് പെരുമ്പാവൂരും. ധാരാളം തൊഴിലാളികള്‍ ഇവിടെ തൊഴില്‍ തേടി വന്നു. പെരുമ്പാവൂരിലെ തടി, പ്ലൈവുഡ് വ്യവസായങ്ങള്‍ കുതിച്ചുകയറി. വ്യാവസായികമായും സാമ്പത്തികമായും മുന്നേറുന്ന പെരുമ്പാവൂരിന്റെ ആ മുന്നേറ്റത്തിന് നേതൃത്വം കൊടുത്ത വ്യവസായികളെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു. പെരുമ്പാവൂരിന്റെ വളര്‍ച്ചയിലും സുരക്ഷയിലും ആഭ്യന്തര വകുപ്പിന് കൂടുതല്‍ ശ്രദ്ധയുളളതുകൊണ്ടാണ് തൂഫാന് ജാഗരണ്‍ ഇവിടെനിന്നും ആരംഭിക്കാന്‍ തീരുമാനിച്ചത്’: ചെന്നിത്തല കൂട്ടിച്ചേര്‍ത്തു




