വാഷിങ്ടൻ : യുഎസ് നാവികസേനയുടെ എംഎച്ച്-60എസ് സീ ഹോക്ക് ഹെലികോപ്റ്റർ തകർന്നു വീണു. സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തവേയാണ് ഹെലികോപ്റ്റർ അറബിക്കടലിൽ തകർന്നു വീണത്. യുഎസ്എസ് ജോർജ് എച്ച് ഡബ്ല്യു ബുഷ് വിമാനവാഹിനിക്കപ്പലിന്റെ ഭാഗമായ ഹെലികോപ്റ്ററാണ് തകർന്നത്. അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒരാളെ കാണാതായി. മൂന്ന് പേരെ രക്ഷപ്പെടുത്തി. നാല് പേരാണ് അപകടസമയത്ത് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതെന്ന് യുഎസ് നേവി വെളിപ്പെടുത്തി. ബുധനാഴ്ചയാണ് അപകടമുണ്ടായത്.
ശത്രുവിന്റെ ആക്രമണമല്ല ഹെലികോപ്റ്റർ അപകടത്തിൽപ്പെടാൻ കാരണമായതെന്ന് യുഎസ് സൈന്യം പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാനുമായുള്ള സംഘർഷത്തിൽ യുഎസ് ആക്രമണത്തിൽ വിമാനവാഹിനി കപ്പലായ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വലിയ പങ്കാണ് വഹിക്കുന്നത്. 2026 ഏപ്രിൽ മുതൽ ഈ വിമാനവാഹിനി കപ്പൽ പശ്ചിമേഷ്യയിലുണ്ട്.




