ശതമാനവും ശതകോടീശ്വരൻമാരും

പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്

വാഴ്ത്തപ്പെട്ടവനായ കർത്താവ് ആരോടും ശതമാനം ചോദിച്ചു വാങ്ങിയില്ല. അനുഗമിച്ചവരോട് തന്നിട്ടേ പോകാവൂ എന്ന് നിർബന്ധം പിടിച്ചുമില്ല. എങ്കിലും കൈസർക്കുള്ളത് കൈസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കണം എന്ന് കൽപ്പിച്ചു. പണച്ചാക്കും ചുമന്നുകൊണ്ട് ആലയത്തിലേക്ക് ചുവട് വച്ചവരെ ചേർത്തുപിടിച്ചില്ല. രണ്ട് കാശ് വിറയ്ക്കുന്ന കൈകളോടെ ഭഡാരത്തിലിട്ട സാധുവായ സ്ത്രീയെ ഭീഷണിപ്പെടുത്തി വീണ്ടും കൊണ്ടുവരുവാൻ ആവശ്യപ്പെട്ടുമില്ല.

കർത്താവിൻ്റെ വേലയെ സ്നേഹിച്ച് സുവിശേഷത്തിൻ്റെ വ്യാപ്തിക്കായി ആരാലും അറിയപ്പെടാതെ ചുമൽ കൊടുക്കുന്ന ഭക്തന്മാർ നിരവധി പേർ നമുക്കു ചുറ്റുമുണ്ട്. സ്വർഗ്ഗത്തിൻ്റെ കണ്ണുകൾ ഇവരെ ദർശിക്കുന്നു. വചനം പറയുന്നു നിർബന്ധത്താൽ അല്ല സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു. (2 കൊരി 9:7)

മുമ്പിലിരിക്കുന്ന ജീവിതങ്ങളോട് തിരുവചനവുമായി പുലബന്ധം ഇല്ലാത്ത കെട്ടിച്ചമച്ച ദേമാസ് സുവിശേഷം പ്രസംഗിച്ച് സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിച്ച് കാശ് കീശയിൽ കുത്തി നിറയ്ക്കുന്ന സുവിശേഷ ലോകത്തിലെ അഭിനയവീരന്മാർ കോടീശ്വരന്മാരുടെ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

ആടുകൾ മുണ്ട് മുറുക്കിയുടുത്ത് മുമ്പിൽ ഇരിക്കുമ്പോൾ ഭയപ്പെടുത്തിയും പ്രലോഭിപ്പിച്ചും കാശ് അടിച്ചുമാറ്റുന്ന ഈ വിരുതന്മാർ സുവിശേഷ ലോകത്തിലെ പോക്കറ്റടിക്കാരത്രേ. പുസ്തകം പറയുന്നു അവർ ദ്രവ്യാഗ്രഹത്തിൽ കൗശല വാക്ക് പറഞ്ഞ് നിങ്ങളെ വാണിഭമാക്കും (2പത്രോ 2.3).

ദൈവം അരുളി ചെയ്യാത്തത് പരിശുദ്ധാത്മാവ് സംസാരിച്ചെന്നു പറഞ്ഞുകൊണ്ട് പച്ചക്കള്ളം വിളിച്ചു പറയുന്ന ഇവർ സഭയ്ക്കും സമൂഹത്തിനും ലജയാണ്. നിർബന്ധിച്ച് ശതമാനം കൊണ്ടുവരണമെന്ന് പുലമ്പുന്ന ഇവർ ശതകോടികളുടെ ആസ്തി ഉള്ളവരാണ്. സഭകളിൽ പട്ടിണി പാവങ്ങൾ ചോർന്നൊലിക്കുന്ന വീട്ടിൽ വിശന്ന വയറുമായി നട്ടം തിരിയുമ്പോൾ ഇവർ പ്രമാണിത്വത്തിൻ്റെ ചെങ്ങാടത്തിൽ ഇരുന്നുകൊണ്ട് നാട് ചുറ്റുകയാണ്. പൊള്ളയായ മോഹന വാഗ്ദാനങ്ങൾ മുമ്പിലിരിക്കുന്നവരുടെ മുമ്പിൽ വിളമ്പിയിട്ട് കേൾവിക്കാരെ സ്വപ്നലോകത്തിലേക്ക് എത്തിക്കുന്ന ഇക്കൂട്ടർ ചമ്പൽ കൊള്ളക്കാർക്ക് തതുല്യരത്രെ.

ഇരട്ടി കിട്ടും, ഇപ്പോൾ കിട്ടും ഇങ്ങനെ ചെയ്യണം എന്ന് പറഞ്ഞുകൊണ്ട് സാധുക്കളെ വട്ടം കറക്കുന്ന ഇവർ കറക്ക് കമ്പനികളാണ് എന്നുള്ളത് തിരിച്ചറിയണം. ഈ വെള്ളമില്ലാത്ത മേഘങ്ങൾക്ക് ഇതെല്ലാം വെറുമൊരു കലാപരിപാടിയും സൂത്രത്തിൻ്റെ മേൽ സൂത്രവും അത്രേ. ഈ ആത്മീയ അഭിനയ വീരന്മാർക്ക് കാൽവറിയും കർത്താവുമായി യാതൊരു ബന്ധവുമില്ല.

സമ്പത്തുകളുടെ അപഹാരം സന്തോഷത്തോടെ സഹിച്ച ഒരു തലമുറ മാറായുടെ അരുവിയിൽ നിന്ന് കുടിച്ച് മൺ മറഞ്ഞുപോയപ്പോൾ ഇത് പിരിയാ ബന്ധം എന്ന് അവർ ഉറക്കെ പാടിക്കൊണ്ട് അക്കരെ നാട്ടിനെ ലക്ഷ്യമാക്കി ഓടി ഒട്ടം തികച്ചു.

കാലം മാറി കലർപ്പില്ലാത്ത സുവിശേഷത്തിൽ അനുഗ്രഹവും വിടുതലും എന്ന മിറക്കിൾ ഗ്രോ ചേർത്തു വിളമ്പുന്ന വിതരണക്കാരുടെ എണ്ണം വർധിച്ചപ്പോൾ ആത്മീക ലോകം കാഴ്ച നഷ്ടപ്പെട്ട അഭിഷേകം ചോർന്നുപോയ ശിംശോന് തുല്യമായി മാറി. സോദോം രാജാവ് വെറുതെ തരാം എന്ന് പറഞ്ഞത് ധൈര്യത്തോടെ വേണ്ട എന്ന് പറഞ്ഞ അബ്രഹാമിൻ്റെ വിശ്വാസം പ്രസംഗിക്കുന്നവരുടെ തലമുറ പിടിച്ചു വാങ്ങുകയും ചോദിച്ചു വാങ്ങുകയും ചെയ്യുന്നത് എത്രയോ ലജ്ജാകരം.

ധനമോഹം കണ്മോഹം ജീവനത്തിൻ്റെ പ്രതാപം ഇതെല്ലാം ഹൃദയത്തിൻ്റെ അറകളിൽ സൂക്ഷിച്ചു കൊണ്ട് കൺകൾ കൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേ എന്ന് ഉച്ചത്തിൽ പാടുന്നത് അഖാൻ്റെ ആർപ്പുവിളിക്ക് തുല്യമത്രേ.

ശതമാന ലഹരി കയറിപ്പിടിച്ച് നിക്ഷേപത്തിൻ്റെ കലവറകൾ നിറയ്ക്കുന്ന പദ്ധതി ദൈവത്തിൻ്റെതല്ല. അത് മാമോൻ ഉപദേശമാണ്. ദൈവവചനത്തിന് ചെവി കൊടുത്തുകൊണ്ട് അവരുടെ നടുവിൽ നിന്ന് വേറിട്ടിരിപ്പിൻ.

ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. തോംസൺ കെ. മാത്യു സംസാരിക്കുന്നു