യുഎസ് – ഇറാൻ സംഘര്‍ഷത്തിന് താല്‍ക്കാലിക ശമനം; നാളെ ദോഹയില്‍ ചര്‍ച്ച

യുഎസും ഇറാനുള്ള തമ്മിലുള്ള സംഘർഷങ്ങള്‍ക്ക് താല്‍ക്കാലിക ശമനം. പരസ്പരമുള്ള പ്രത്യാക്രമണങ്ങള്‍ നിർത്തിവെക്കാനും തർക്കപരിഹാരത്തിനായി ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി.

ചൊവ്വാഴ്ച ഖത്തറിൻ്റെ തലസ്ഥാനമായ ദോഹയില്‍ വെച്ച്‌ സമാധാന ചർച്ചകള്‍ പുനരാരംഭിക്കാനും അമേരിക്കയും ഇറാനും ധാരണയിലെത്തി.

ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ഒപ്പുവെച്ച ധാരണാപത്രത്തിലെ വ്യവസ്ഥകളെക്കുറിച്ചുള്ള തർക്കമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ സൈനിക നീക്കങ്ങള്‍ക്ക് കാരണമായത്. ഇറാൻ വാണിജ്യക്കപ്പലുകള്‍ ആക്രമിച്ചെന്ന് ആരോപിച്ച്‌ യുഎസ് സൈന്യം ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായി ബഹ്റൈനിലെയും കുവൈത്തിലെയും യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടു. ഇതോടെ മേഖല വീണ്ടും സംഘർഷഭരിതമായി.

എന്നാല്‍ നിലവില്‍ ഇരുപക്ഷവും ആക്രമണങ്ങളില്‍ നിന്ന് പിന്മാറാൻ സമ്മതിച്ചതായും സാങ്കേതികതല ചർച്ചകള്‍ ദോഹയില്‍ തുടരുമെന്നും യുഎസ് അധികൃതരെ ഉദ്ധരിച്ച്‌ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ചർച്ചകള്‍ തുടരുന്ന പശ്ചാത്തലത്തില്‍ കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസ്സപ്പെടില്ലെന്ന് യുഎസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ഈ മാസം ആദ്യം ഒപ്പുവെച്ച ധാരണാപത്രത്തിലെ അഞ്ചാം വകുപ്പിനെച്ചൊല്ലിയുള്ള വ്യത്യസ്ത വ്യാഖ്യാനങ്ങളാണ് പുതിയ സംഘർഷങ്ങള്‍ക്ക് വഴിവെച്ചത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യക്കപ്പലുകളുടെ സുരക്ഷിത യാത്ര ഇറാൻ ഉറപ്പാക്കണമെന്നായിരുന്നു വ്യവസ്ഥ. ഇതിന് പകരമായി ഇറാൻ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം നീക്കാൻ അമേരിക്കയും സമ്മതിച്ചിരുന്നു.

കഴിഞ്ഞ ആഴ്ച സ്വിറ്റ്സർലൻഡില്‍ നടന്ന ചർച്ചയില്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ നേതൃത്വത്തിലുള്ള സംഘം യുഎസ് സൈന്യവും ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡും (ഐആർജിസി) തമ്മില്‍ നേരിട്ടുള്ള ‘ഹോട്ട്‌ലൈൻ’ സംവിധാനം സ്ഥാപിക്കാൻ ധാരണയായിരുന്നു. എന്നാല്‍, കപ്പലുകള്‍ തങ്ങളുമായി മുൻകൂട്ടി ഏകോപനം നടത്തണമെന്ന നിലപാടില്‍ ഇറാൻ ഉറച്ചുനിന്നതോടെ ഈ കമ്മ്യൂണിക്കേഷൻ ചാനല്‍ യാഥാർത്ഥ്യമായില്ല. ഇതോടെയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്.

അതേസമയം ഇറാന്റെ ആണവപദ്ധതിയെക്കുറിച്ച്‌ സ്വിറ്റ്സർലൻഡില്‍ നടത്താനിരുന്ന സാങ്കേതിക ചർച്ചകളാണ് നിലവിലെ സാഹചര്യത്തില്‍ ദോഹയിലേക്ക് മാറ്റിയത്. അജണ്ട ആണവപദ്ധതിയില്‍ നിന്ന് മാറി ഹോർമുസ് കടലിടുക്കിലെ തർക്കപരിഹാരമാക്കുകയും ചെയ്തു.

അതിനിടെ യുഎസ് ആക്രമണങ്ങളില്‍ പ്രതിഷേധിച്ചും മുൻപ് ഒപ്പുവെച്ച ധാരണകളിലെ വ്യവസ്ഥകള്‍ വാഷിങ്ടണ്‍ പാലിച്ചില്ലെന്നും ആരോപിച്ച്‌ ഞായറാഴ്ച നടക്കേണ്ടിയിരുന്ന ചർച്ചകളില്‍ നിന്ന് ഇറാൻ പിന്മാറിയിരുന്നു. യുഎസ് മരവിപ്പിച്ച തങ്ങളുടെ ഫണ്ടുകള്‍ ലഭ്യമാക്കുന്നതില്‍ പുരോഗതിയുണ്ടാകാത്തതാണ് ചർച്ചകളില്‍ നിന്ന് പിന്മാറാൻ കാരണമെന്നാണ് ഇറാന്റെ പരമോന്നത നേതാവിന്റെ ഓഫീസ് വക്താവ് മെഹ്ദി ഫസേലി ഇറാൻ ഔദ്യോഗിക ടെലിവിഷനോട് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ദോഹയില്‍ നാളെ ചർച്ച തുടരാൻ ഇരുരാജ്യങ്ങളും സമ്മതിച്ചിരിക്കുന്നത് പ്രതീക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.

*ഐ. പി. സി പിളരുമോ ?*