വാഷിങ്ടൺ സിറ്റി: മാതാപിതാക്കളെയും മുത്തശിയേയും വെടിവച്ച് കൊന്ന കേസിൽ ഇന്ത്യൻ വംശജനായ 19-കാരൻ പിടിയിൽ. ഗൗരവ് ചോപ്രയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി തൻറ പിതാവ് സ്വീര റാം (56), അമ്മ കമലേഷ് റാണി (46), മുത്തശി മിന്ദർ കൗർ (73) എന്നിവരെ വെടിവച്ചു കൊലപ്പെടുത്തിയെന്ന് കെആർജിവി 5 ന്യൂസ് റിപ്പോർട്ട് ചെയ്തു.
സഹോദരന് നേരെയും പ്രതി വെടിയുതിർത്തുവെങ്കിലും അയാൾ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് ഉടൻ തന്നെ പൊലീസിൽ വിളിച്ച് വിവരം അറിയിച്ചു. തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് അമ്മയും മുത്തശിയും മരിച്ചതായി കണ്ടെത്തി. പിതാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
കാറിൽ പിന്തുടർന്ന് എത്തിയാണ് പൊലീസ് പ്രതിയെ കീഴടക്കിയത്. അമിത വേഗതയിൽ സഞ്ചരിച്ച പ്രതിയുടെ കാറിടിച്ച് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയും ജാമ്യം നിഷേധിക്കുകയും ചെയ്തു.
യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് റിയോ ഗ്രാൻഡെ വാലിയിലെ വിദ്യാർത്ഥിയാണ് ഗൗരവ് ചോപ്രയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ക്രൂരമായ ഈ കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് പോലീസ് ഇപ്പോഴും അന്വേഷിച്ചുവരികയാണ്. ഇവരുടെ കുടുംബം പഞ്ചാബിലെ നവൻഷഹർ ജില്ലയിലുള്ള ലഖ്പൂർ ഗ്രാമത്തിൽ നിന്നുള്ളവരാണ്. ഏതാനും മാസങ്ങൾക്ക് മുൻപാണ് ഇവർ നാട്ടിൽ വന്നു മടങ്ങിയത്.




