അമേരിക്കൻ മലയാളി വനിതകളെ അപമാനിച്ച് പ്രസംഗിക്കുന്നത് നിർത്തണം; അവർ ഒത്തിരി ത്യാഗം സഹിച്ചവർ

പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്

വിദേശരാജ്യങ്ങളിൽ ദൈവവചനം ആധികാരികമായി പ്രസംഗിക്കുന്നവരും പഠിപ്പിക്കുന്നവരും ആയ ദൈവഭ്യത്യന്മാർ അനവധി ഉണ്ട്. അമേരിയ്ക്ക പോലുള്ള വിദേശ രാജ്യങ്ങളിൽ ജീവിക്കുന്ന വിശ്വാസികൾ ബഹുഭൂരിപക്ഷവും വളരെ വിശ്വസ്തതയോടും തീക്ഷ്ണതയോടും കർത്താവിനു വേണ്ടി ജീവിക്കുന്നവരും പ്രവർത്തിക്കുന്നവരും ആണ്. ഇവിടെ ഉള്ള വിശ്വാസികൾ വളരെ കഷ്ടപ്പെട്ട് ജോലി ചെയ്ത് കുടുംബത്തെയും സഭയെയും സുവിശേഷ വേലയെയും അഭിമാനത്തോടെയും ആത്മാർത്ഥതയോടെയും സേവിക്കുന്നവരും സഹായിക്കുന്നവരും അത്ര.

ഇവരുടെ കൈകളിൽ നിന്ന് നന്മ പറ്റാത്തവർ കേരളത്തിൽ വിരളമാണ്. ഇന്നുള്ള കേരളത്തിലെയും ഇന്ത്യയിലെയും സുവിശേഷ പ്രവർത്തനങ്ങളുടെ നട്ടെല്ല് എന്ന് പറയുന്നത് വിദേശ പണം അത്രേ. അമേരിയ്ക്കൻ ഡോളറിനെ സ്നേഹിക്കുകയും അത് കൈക്കലാക്കുവാൻ മാസങ്ങൾ സ്വന്തം കുടുംബത്തെയും സഭയെയും വിട്ട് ചുറ്റിത്തിരിഞ്ഞ് വീടുകളിൽ മാറിമാറി താവളമടിച്ച് അവിടുത്തെ കൊതിയും നുണയും പിടിച്ചെടുത്ത വേദിയിൽ വിളമ്പുന്നത് ആണോ സുവിശേഷ പ്രസംഗം? ഇത് അപഹാസ്യമാണ്.

ചോറു കൊടുക്കുന്ന കൈക്ക് ഇവർ കടിക്കുകയത്രെ ചെയ്യുന്നത്. ഇവരുടെ പ്രശംസ എന്നു പറയുന്നത് ഞങ്ങളുടെ താമസം നാട്ടിൽ പ്രസംഗം അമേരിക്കയിൽ. ഇത് ആത്മഭാരം കൊണ്ടാണോ? അല്ല ഡോളറിനെ സ്നേഹിക്കുന്നതുകൊണ്ട് മാത്രം.

60 കളിലും 70കളിലും കേരളത്തിൻ്റെ മണ്ണിൽ നിന്ന് ഒന്നുമില്ലായ്മയുടെ ഒരു കാലഘട്ടത്തിൽ ഒട്ടനവധി കുടുംബങ്ങളിൽ നിന്നും നഴ്സിംഗ് പഠനത്തിനായി നമ്മുടെ പ്രിയ സഹോദരിമാർ ഇറങ്ങിത്തിരിച്ചു. അറിയാത്ത ദേശത്തും ഭാഷക്കാരുടെയും നടുവിൽ അവർ എത്തി വളരെ ത്യാഗങ്ങൾ സഹിച്ച് പഠിച്ചു. കുടുംബത്തിൻ്റെ രക്ഷയ്ക്കും സഹോദര വർഗ്ഗത്തിൻ്റെ ഉദ്ധാരണത്തിനും വേണ്ടി. അവസരങ്ങൾ വന്നു വീണപ്പോൾ അമ്മേരിയ്ക്ക പോലുള്ള വിദേശരാജ്യങ്ങളിൽ ജോലിക്കായി അവർ കുടിയേറി.

അന്ന് കുടിയേറിയ നഴ്സുമാരും ഒപ്പം മറ്റുള്ളവരും ഒത്തിരി ക്ലേശങ്ങളും ത്യാഗങ്ങളും സഹിച്ചു. പലരുടെയും വിവാഹങ്ങൾ വളരെ വൈകിയാണ് നടന്നത്. കാരണം അവർ സ്വന്തം സുഖവും സൗകര്യങ്ങളും മറന്ന് കുടുംബത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചു. അവർ നിമിത്തവും അവരുടെ കഠിന പ്രയത്നവും മൂലം കുടുംബങ്ങൾ പച്ചവെച്ചു സഭകൾ പുഷ്ടിപ്പെട്ടു. അങ്ങനെ ആളുകൾ ഒരു നല്ല ജീവിതം മുന്നിൽക്കണ്ട് വിദേശരാജ്യങ്ങളിലേക്ക് കുടിയേറി.

അവർ ചെയ്ത ഉപകാരങ്ങളും സേവനങ്ങളും നമുക്ക് ഒരിക്കലും മറക്കുവാൻ കഴിയില്ല. ഇന്നുള്ള തലമുറയ്ക്ക് വഴികാട്ടികളായി അവർ അടിസ്ഥാനമിട്ടു. വിദേശരാജ്യങ്ങളിൽ കുടുംബമായി
പാർക്കുന്നവർ വളരെ മാന്യമായി ജീവിക്കുകയും ദൈവവേലയെ അകമഴിഞ്ഞ് സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നവരാണ്. നാട്ടിൽ നിന്ന് കടന്നുവരുന്ന ദൈവദാസന്മാരെയും ദൈവമക്കളെയും ഒന്നുമറിയാതെ രണ്ട് കൈയും നീട്ടി ഭവനങ്ങളിൽ അവർ സ്വീകരിച്ചിട്ടുണ്ട് . അവരുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് അവർ ചിലവഴിക്കുകയും ഔദാര്യമായി കൊടുക്കുകയും ചെയ്തിട്ടുണ്ട്. സ്വന്തം കുഞ്ഞുങ്ങളെ അവരുടെ മുറികളിൽ നിന്നും മാറ്റി വെളിയിൽ കിടത്തി മാസങ്ങളോളം കടന്നുവരുന്ന ദൈവദാസന്മാർ എന്ന് പറയുന്നവർക്ക് കിടപ്പാടവും മൂന്നുനേരം ശാപ്പാടും അവർ ഒരുക്കി കൊടുത്തിട്ടുണ്ട്. ഇതൊന്നും മറക്കരുത്.

എന്തുകൊണ്ട്? ഒറ്റ ഉത്തരമേയുള്ളൂ അവർ ദൈവത്തെ അകമഴിഞ്ഞ് സ്നേഹിച്ചു. ഇന്നുള്ള പല ആത്മീയ ശൂരന്മാരുടെ പ്രസംഗങ്ങൾ കേൾക്കുമ്പോൾ ലജ്ജ തോന്നുന്നു. പൊതു വേദികളിൽ സ്ത്രീത്വത്തെ ഇടിച്ചു താഴ്ത്തിക്കൊണ്ടും പ്രാർത്ഥിക്കുന്ന ആരാധിക്കുന്ന സഹോദരിമാരെ നിന്ദിച്ചു കൊണ്ടും നടത്തുന്ന പ്രസംഗങ്ങൾ തിരുവചന അടിസ്ഥാനത്തിൽ അല്ല അത് വിദ്വേഷത്തിൽ നിന്നും പകയിൽ നിന്നും അസൂയയിൽ നിന്നും പുറത്തുവരുന്ന ശബ്ദമത്രേ. വാഴ്ത്തപ്പെട്ടവനായ ആയ കർത്താവ് സമൂഹത്തിൽ അന്ന് സ്ത്രീകളുടെ പദവിയെ പിടിച്ചുയർത്തിയവനാണ്. കല്ലെറിയണമെന്ന് ആക്രോശിച്ചവരുടെ കൂടെ ചേർന്ന് വീണ്ടും ആ സ്ത്രീയെ അവൻ അപമാനിച്ചില്ല. എന്നാൽ പാപിയെന്നു മുദ്രകുത്തിയവളെ ചവിട്ടി താഴ്ത്തുവാനും അവൻ അവസരം കൊടുത്തില്ല. ഞാൻ വണ്ടിയിൽ കയറി കേറടി ഇവിടെ ഇറങ്ങെടി ഇവിടെ എന്നു പറയുന്നത് നാട്ടിലെ വണ്ടിക്കാളകളോട് നട കാളേ പോ കാളേ നിൽക്ക് കാളെ എന്നു പറയുന്ന മൃഗ സംസ്കാരത്തിന് തുല്യമത്രെ.

ഇതൊക്കെ പ്രസംഗവേദികളിൽ വിളമ്പി മണ്ടൻ പ്രസംഗത്തിന് കൈയ്യടിക്കുന്നത് ലജ്ജാകരം. അമ്മേരിയ്ക്കയിൽ സഹോദരന്മാർ ബൊമ്മകളല്ല അവർ സഭയുടെ നെടുംതൂണുകളാണ്. അവർ വിശ്വസ്തരും നീതിയുള്ളവരും സമൂഹത്തിനും സഭയ്ക്കും വേണ്ടി പ്രവർത്തിക്കുന്നവരും ആണ്. ഇങ്ങനെയുള്ളവരെ കരിതേച്ചുകൊണ്ട് അമേരിയ്ക്കൻ സമൂഹത്തിൽ സഹോദരന്മാർ വെറും ബൊമ്മകളും മൊണ്ണകളെന്നും പറയുന്ന അമ്മേരിക്കൻ പ്രസംഗംങ്ങൾ വിശ്വാസികൾ പുച്ഛിച്ചു പുറന്തള്ളണം. ഇങ്ങനെയുള്ളവരെ പ്രോത്സാഹിപ്പിക്കുകയോ അവസരങ്ങൾ കൊടുക്കുകയോ ചെയ്യുന്നത് അവസാനിപ്പിക്കണം.

ഇവർ സ്നേഹിക്കുന്നത് മനുഷ്യരെ അല്ല ഇവർ സ്നേഹിക്കുന്നത് മാമോനെയും
അമേരിയ്ക്കൻ ഡോളറിനെയും ആണ് എന്നുള്ളത് മറക്കരുത്. ലജ്ജ കൂടാതെ വീട് വീടാന്തരം കയറിയിറങ്ങി കിട്ടുന്നതെല്ലാം തിരുകി വെച്ചിട്ട് തിരിഞ്ഞു കടിക്കുന്ന പണി ഉപേക്ഷിക്കണം.

ദൈവത്തിൻ്റെ നാട് എന്ന് പ്രഘോഷിക്കുന്ന കൊച്ചു കേരളത്തെ നന്നാക്കുവാൻ ഇന്നുള്ള പ്രസംഗികൾക്കും തലതൊട്ടപ്പന്മാർക്കും സാധിക്കാതിരിക്കുമ്പോൾ വിദേശരാജ്യങ്ങളിൽ പാർത്തുകൊണ്ട് അഭിമാനത്തോടെ വേല ചെയ്തു കുടുംബം പോറ്റുകയും സുവിശേഷ വേലയെ അകമഴിഞ്ഞ് സഹായിക്കുകയും ചെയ്യുന്നവരെ അധിക്ഷേപിക്കുന്ന പ്രസംഗങ്ങൾ ദൈവജനം പ്രോത്സാഹിപ്പിക്കരുത്. അമേരിക്കയിൽ തലമുറകൾ നഷ്ടപ്പെട്ടു കുടുംബങ്ങൾ ശിഥിലമായി എന്ന് കൊട്ടിഘോഷിക്കുന്നവർക്ക് അല്പമെങ്കിലും ആത്മ ഭാരമുണ്ടെങ്കിൽ എന്തുകൊണ്ട് ഇവിടെ ചില ദിവസങ്ങൾ ഉപവാസത്തിലും പ്രാർത്ഥനയിലും ഇരിക്കുവാൻ കഴിയുന്നില്ല.

സ്വന്തം വീഴ്ചകളെയും പരാജയങ്ങളെയും മൂടിവെച്ചുകൊണ്ട് പരീശ ഭക്തി പുറത്തു കാണിക്കുന്ന ആത്മീക മുഖംമൂടി ധാരികൾ ദൈവത്തിൻ്റെ കോടതിയിൽ കണക്ക് ബോധിപ്പിക്കേണ്ടിവരും. ദൈവവചന ശുശ്രൂഷയ്ക്ക് അവസരം ലഭിച്ചാൽ സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിക്കുക പങ്കുവയ്ക്കുക. പൊള്ളയായിട്ടുള്ള മണ്ടത്തരങ്ങളും വിമർശനങ്ങളും ഒഴിവാക്കുക. ക്രൂശിക്കപ്പെട്ടവൻ ആയി യേശുവിനെ ഉയർത്തുവാൻ കഴിയുന്നില്ല എങ്കിൽ പണി അവസാനിപ്പിക്കുന്നതല്ലയോ നല്ലത്.

*ആചാരങ്ങളെയും സംസ്‌കാരത്തെയും ഉപദേശമാക്കിയവർ*