
തിരുവനന്തപുരം: യു.ഡി.എഫ്. സർക്കാരിന്റെ ആദ്യബജറ്റിന്‍റെ അവതരണം ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ചു. അടിസ്ഥാനസൗകര്യവികസനവും ക്ഷേമപ്രവർത്തനങ്ങളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയെന്ന യു.ഡി.എഫിന്റെ പ്രഖ്യാപിത നയം യാഥാർഥ്യമാക്കുന്നതിനാണ് ബജറ്റിൽ ഊന്നൽ.
■സ്വപ്ന പദ്ധതി ‘മിഷൻ സമുദ്ര’ പ്രഖ്യാപിച്ചു,
മിഷൻ സമുദ്ര കേരളത്തിൻ്റെ സ്വപ്ന പദ്ധതിയെന്ന് മുഖ്യമന്ത്രി. മിഷൻ സമുദ്രയ്ക്ക് നീക്കി വച്ചിരിക്കുന്നത് 400 കോടി. 5 വർഷത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കും. വിഴിഞ്ഞത്ത് കപ്പൽ നിർമാണ കേന്ദ്രം സ്ഥാപിക്കും. മാരി ടൈം മ്യൂസിയത്തിന് 50 കോടി.
■കിഫ്ബി സമഗ്രമായി പരിഷ്കരിക്കും,
കിഫ്ബിയുടെ സമഗ്ര പരിഷ്ക്കരണം ഉണ്ടാവുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഇതിനായി വിദഗ്ധ സമിതിയെ നിയമിക്കുവാനും തീരുമാനം. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ നിക്ഷേപം വർധിപ്പിക്കും. വൻകിട നിക്ഷേപം കൊണ്ടു വരുന്നതിലൂടെ ഖജനാവ് നിറയ്ക്കുമെന്നും ബജറ്റിൽ പരാമർശം.
■സതേൺ കേരള ഇക്കണോമി കോറിഡോർ,
തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ ഏകീകൃത സാമ്പത്തിക കേന്ദ്രമാക്കുന്ന സതേൺ കേരള ഇക്കണോമിക് കോറിഡോർ തുടങ്ങും. ഇതിൻ്റെ പഠനത്തിനായി വിദഗ്ധ ഏജൻസിയെ നിയമിക്കും. ഇതിനായി 50 കോടി നീക്കി വച്ചു. ഏവിയേഷൻ ഹബ്ബിൻറെ ആരംഭ പ്രവർത്തനങ്ങൾക്കായി നീക്കി വച്ചിട്ടുള്ളത് 200 കോടി.
■റബ്ബർ കർഷകർക്കാശ്വാസം; താങ്ങുവില 50 രൂപ കൂട്ടി.
■നിക്ഷേപകരെ ആകർഷിക്കാൻ
‘ഇൻവെസ്റ്റ് കേരള’,
നിക്ഷേപകരെ ആകർഷിക്കാൻ ഡാറ്റ അധിഷ്ഠിത ഇൻവെസ്റ്റ് കേരള തുടങ്ങും. മുഖ്യമന്ത്രി അധ്യക്ഷനും വ്യവസായ മന്ത്രി ഉപാധ്യക്ഷനുമായി ഇൻവെസ്റ്റ്മെൻ്റ് അഡ്വൈസറി സമിതി രൂപീകരിക്കും. പതിനായിരം എസ്എംഇകൾ. ഇതിനായി 100 കോടി ബജറ്റിൽ വകയിരുത്തി.
■സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്നവർക്കായി കരുതൽ മിഷൻ,
മാരക രോഗങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സ നടത്താന്‍ കഴിയാത്തവര്‍ക്കും കുട്ടികള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസം നടത്താന്‍ കഴിയാത്ത തരത്തില്‍ സാമ്പത്തിക പരാധീനത അനുഭവിക്കുന്ന, അര്‍ഹരായവര്‍ക്കുള്ള പദ്ധതി. ഇത്തരത്തിലുള്ളവര്‍ക്ക് സഹായം ലഭിക്കുന്നതിനായി സാങ്കേതിക വിദ്യാധഷ്ഠിത പദ്ധതിയാണ് വണ്‍ കേരള കരുതല്‍ മിഷന്‍.
■വിദ്യാഭ്യാസ രംഗത്തിന് ഊന്നൽ,
ലോകോത്തര ഉന്നത വിദ്യാഭ്യാസ കേന്ദ്രം സ്ഥാപിക്കും. സ്വകാര്യ സർവകലാശാല ബില്ലിൽ കാലോചിതമായ മാറ്റം വരുത്തും. സ്വകാര്യ സർവകലാശാല ബിൽ മാറ്റം വരുത്തും. വയനാട് ട്രൈബൽ യൂണിവേഴ്സിറ്റിക്ക് 50 കോടി. കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റിക്ക് 100 കോടി. റിസർച്ച് പാർക്കിന് 60 കോടി.
■കേരള സിൽവർ എക്കണോമി വിപുലീകരിക്കും,
കേരള സിൽവർ എക്കണോമി കൊണ്ടുവരും. വയോജനവകുപ്പിന്റെ പ്രവർത്തനങ്ങൾക്കായി നീക്കി വച്ചിരിക്കുന്നത് പത്തു കോടി. ആരോഗ്യ സ്ഥാപനങ്ങളിൽ അന്താരാഷ്ട്ര കെയർ ഗിവൺ സർട്ടിഫിക്കറ്റ് കോഴ്സുകൾ.
■ഗ്രീൻ ഹൈഡ്രജൻ ഹബ്ബിന് 100 കോടി,
കേരളത്തിൻ്റെ ഭാവി ഊർജ പദ്ധതിക്ക് ഗ്രീൻ ഹൈഡ്രജൻ ഹബ്ബിന് 100 കോടി. സമഗ്രമായ ലാൻഡ് മാനേജ്മെൻറ് നയം രൂപീകരിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം.
■അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം,
മലബാറിൽ
ലോക നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം മലബാറിൽ. ആധുനിക സൗകര്യങ്ങൾ ഉറപ്പാക്കും. ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തി പരിശീലനം നൽകും. ഇതിനായി 50 കോടി നീക്കിവച്ചു.
■കൊച്ചിയിൽ ചിത്ര നഗരം
സിനിമ മേഖലയെ വികസിപ്പിക്കാൻ ബജറ്റിൽ സമഗ്ര പദ്ധതി,
കൊച്ചിയിൽ ചിത്രനഗരം സ്ഥാപിക്കും. ഇതിനായി 100 കോടി വകയിരുത്തി. എം.ടി. വാസുദേവൻ നായർ കൾചറൽ പാർക്ക് കോഴിക്കോട് സ്ഥാപിക്കും. ഇതിനായി കൾച്ചറൽ ടൂറിസം ട്രസ്റ്റ് രൂപീകരിക്കും. ജോൺസൻ മാഷിൻ്റെ പേരിൽ തൃശ്ശൂരിൽ മ്യൂസിക് അക്കാദമിയും ആരംഭിക്കും. കലാ സാംസ്കാരിക മേഖലയിൽ 203.9 കോടി രൂപ.
■ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി,
ഇന്ദിരാ ഗ്യാരണ്ടിയിലൊന്നായ ഒരു കുടുംബത്തിന് 25 ലക്ഷത്തിൻ്റെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കും. ഇതിൻ്റെ പ്രാരംഭ പ്രവര്‍ത്തനങ്ങൾക്കായി 10 കോടി രൂപ നീക്കിവച്ചു.
■തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ,
തിരുവനന്തപുരം- കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കും. പ്രാരംഭ പ്രവർത്തനങ്ങൾക്ക് 20 കോടി നീക്കി വച്ചു. കേരള ഗോൾഡ് ഹബ്ബിന് 10 കോടി അനുവദിച്ചു. കൊച്ചി ആലുവ പെരുമ്പാവൂർ ബെൽറ്റിനെ ഫർണിച്ചർ നിർമാണ ഹബ് ആക്കി മാറ്റും.
■കെഎസ്ആർടിസിയിലെ സൗജന്യ യാത്രയ്ക്ക് 600 കോടി,
കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രക്കായി ബജറ്റിൽ 600 കോടി വകയിരുത്തി. മലയാളം എഐ സംരംഭത്തിനായി 10 കോടി. പട്ടിക ജാതി മേഖലയ്ക്ക് 527.68 കോടി, പട്ടിക വർഗ മേഖലയ്ക്ക് 152.52 കോടി രൂപയും അധികമായി അനുവദിച്ചു.
■റബ്ബർ കർഷകർക്കാശ്വാസം; താങ്ങുവില കൂട്ടി
റബ്ബറിന്‍റ താങ്ങുവില 200ൽ നിന്നും 250 ആയി വർധിപ്പിച്ചു. കൃഷി അനുബന്ധ മേഖലയ്ക്കായി കൂടുതൽ തുക വകയിരുത്തി. നാളികേരത്തിന് പുതിയ സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കും. മണ്ണിн്റെ ആരോഗ്യം മെച്ചപ്പെടുത്താൻ പ്രത്യേക പദ്ധതി. 258.88 കോടി രൂപ മൃഗ സംരക്ഷണ പ്രവർത്തനത്തിന്. ഫാം ടൂറിസം പ്രോത്സാഹിപ്പിക്കും. വനം വന്യജീവി സംരക്ഷണത്തിന് 243 കോടി.
■ക്ഷീര വികസനത്തിന് ഊന്നൽ,
ക്ഷീര വികസനത്തിന് ബജറ്റിൽ 102.88 കോടി വകയിരുത്തി. നിലവിൽ 70 ലക്ഷം ലിറ്ററാണ് പാൽ ഉൽപാദനം. അടുത്ത മൂന്നുവർഷത്തിനുള്ളിൽ പാൽ ഉൽപാദനം ഒരുകോടി ലിറ്റർ ആക്കി ഉയർത്തും. അധികം വരുന്ന പാൽ മൂല്യ വർധിത ഉത്പന്ന നിർമാണത്തിന് ഉപയോഗിക്കും.
■ഫിഷറീസ് വികസനത്തിന് 200 കോടി,
ഫിഷറീസ് വികസനത്തിനായി ബജറ്റിൽ 200 കോടി രൂപ അനുവദിച്ചു. മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്സിഡി 75 രൂപയാക്കി. എല്ലാ തീരദേശ നിവാസികൾക്കും പട്ടയം ലഭ്യമാക്കും. മുതലപ്പൊഴി അശാസ്ത്രീയത പരിഹരിക്കാൻ നടപടികൾ സ്വീകരിക്കും.
■മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കാൻ ആധുനിക നടപടി,
മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാൻ ആധുനിക രീതികൾ നടപ്പാക്കും. വനം വന്യജീവി സംരക്ഷണത്തിന് 243 കോടി നീക്കി വച്ചു.
■വിലങ്ങാട് പാക്കേജിന് 5 കോടി,
വിലങ്ങാട് പാക്കേജിനായി 5 കോടി ബജറ്റിൽ വകയിരുത്തി. ഇടുക്കി,വയനാട്, കാസർകോട് ജില്ലകൾക്കായി പ്രത്യേക പാക്കേജ്. വിദ്യാഭ്യാസം, ഉപജീവനം,ആരോഗ്യം എന്നിവയ്ക്ക് മുൻഗണന നൽകിയുള്ളതാണ് പാക്കേജ്.
■എൻഡോസൾഫാൻ ബാധിത കുടുംബങ്ങളെ ഏറ്റെടുക്കും,
എൻഡോസൾഫാൻ ബാധിത കുടുംബങ്ങളെ സര്ക്കാർ ഏറ്റെടുക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഇവർക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്നും ബജറ്റിൽ.
■വ്യവസായ മേഖലയ്ക്ക് 1115.48 കോടി,
പരമ്പരാഗത വ്യവസായങ്ങൾ കടുത്ത പ്രതിസന്ധിയിലാണെന്നും വ്യാവസായ മേഖലയെ മെച്ചപ്പെടുത്തുന്നതിനായി 1115. 48 കോടി അനുവദിക്കുമെന്നും മുഖ്യമന്ത്രി. പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കും. മൺപാത്ര തൊഴിലാളികൾക്ക് പ്രത്യേക ആനുകൂല്യം. കയർ കയറ്റുമതിക്ക് പ്രോത്സാഹനം നൽകും. കശുവണ്ടി മേഖലയ്ക്ക് 56 കോടി നീക്കി വച്ചു. വളർന്നുവരുന്ന സംരംഭങ്ങൾക്ക് ഇൻക്യുബേഷൻ സെൻ്റർ.
■ഗതാഗത മേഖലയ്ക്ക് 1578.83 കോടി,
ഗതാഗത മേഖലയ്ക്ക് 1578.83 കോടി അനുവദിച്ചു. തീര ദേശ ജലഗതാഗതം മെച്ചപ്പെടുത്തും. റോഡ് അപകടങ്ങൾ കുറയ്ക്കുവാനും പദ്ധതി. നികുതി വെട്ടിപ്പ് തടയാൻ ടാക്സ് ഇൻറലിജൻസ് സംവിധാനം കൊണ്ടുവരും.
■ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കും,
ഉത്തരവാദിത്ത ടൂറിസം വിപുലീകരിക്കും. മുസിരിസ് ടൂറിസം പദ്ധതി വിപുലപ്പെടുത്താൻ 19 കോടി അനുവദിച്ചു. തീർഥാടന ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പാക്കും.
■സ്കൂളുകളിൽ പെൺകുട്ടികൾക്ക് സൗജന്യ നാപ്കിനുകൾ,
എല്ലാ പെൺകുട്ടികൾക്കും സ്കൂളുകളിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകാൻ പദ്ധതി. പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് 1478.57 കോടി നീക്കിവച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റം കൊണ്ടുവരും. ഗവേഷണത്തിന് പ്രാധാന്യം നൽകും. അർഹമായ സ്പെഷ്യൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകും.
■റാഗിങ് തടയാൻ സിദ്ധാർഥിൻ്റെ പേരിൽ സംവിധാനം,
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ് തടയാൻ പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥിയായിരുന്ന സിദ്ധാർഥിൻ്റെ പേരിൽ റാഗിംഗ് വിരുദ്ധ സ്ക്വാഡ്.
■കായിക യുവജന മേഖലയ്ക്ക് 173 കോടി,
കായിക യുവജന മേഖലയുടെ വികസനത്തിന് 173.77 കോടി അനുവദിച്ചു. 2036 ലെ ഒളിമ്പിക്സിൽ പങ്കെടുക്കാൻ താരങ്ങളെ പ്രാപ്തമാക്കാൻ മിഷൻ 2036.
■ആരോഗ്യ മേഖലയ്ക്ക് പ്രഥമ പരിഗണന,
തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ് പ്രവർത്ത സജ്ജമാക്കും. ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജ് കൊണ്ടുവരും. സ്‌കൂൾ ഹെൽത്ത് ബ്രിഗേഡ് രൂപീകരിക്കും. 40 വയസ്സിന് മുകളിലുള്ളവർക്ക് വർഷത്തിലൊരിക്കൽ ആരോഗ്യ പരിശോധന നടത്താൻ പദ്ധതി.
■പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് പുതിയ ഭവന പദ്ധതി,
പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങൾക്കായി പ്രത്യേക ഭവന പദ്ധതി കൊണ്ടുവരും. ഗ്രാൻഡ് സമയബന്ധിതമായി കൊടുത്തു തീർക്കും. ഭിന്നശേഷിക്കാർക്ക് തടസരഹിത യാത്ര ഉറപ്പാക്കാൻ റാംപ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പാക്കും.
■ശബരിമല, ഗുരുവായൂർ,മുതലായ ക്ഷേത്രങ്ങളിൽ തിരുപ്പതി മോഡൽ വികസനം,
ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ, തിരുവല്ലം ക്ഷേത്രങ്ങളിൽ തിരുപ്പതി മോഡൽ വികസനം കൊണ്ടുവരും.
■മലപ്പുറത്ത് ക്യാൻസർ സെൻ്റർ,
മലപ്പുറത്ത് ക്യാൻസർ സെൻ്റർ ആരംഭിക്കും. പ്രാരംഭ പ്രവർത്തനങ്ങൾക്കായി 10 കോടി അനുവദിച്ചു. ക്യാൻസർ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകും. എസ്എംഎ ഉൾപ്പെടെയുള്ള അപൂർവ രോഗങ്ങൾക്ക് മരുന്ന് ലഭ്യമാക്കും.
■കോട്ടയത്തെ ‘സ്കൈ വാക്ക്’ പദ്ധതി നടപ്പിലാക്കും,
തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ പദ്ധതിയായ കോട്ടയെത്തെ ‘സ്കൈ വാക്ക്’ പദ്ധതി നടപ്പിലാക്കും. ആറന്മുള വള്ളിയോടങ്ങൾക്കുള്ള ഗ്രാൻഡ് 15000 രൂപയാക്കി. സലിം കുമാർ സ്മാരകം എറണാകുളത്ത് നിർമിക്കും. ശ്രീനാരായണഗുരുവിന് ഡൽഹിയിൽ സാംസ്കാരിക കേന്ദ്രം.
■മെഡിസെപ്പ് സമഗ്രമായി പരിഷ്കരിക്കും,
സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി. ഡിഎ, ഡിആർ എന്നിവ മുടക്കു കൂടാതെ നൽകും. അഷ്വേഡ് പെൻഷനിൽ അപാകതയുള്ളതിനെ കുറിച്ച് പഠിക്കും. മെഡിസെപ്പ് സമഗ്രമായി പരിഷ്കരിക്കും.
■ഇലക് ട്രിക് വാഹനങ്ങളുടെ നികുതിയിൽ വർധന,
ഇലക്ട്രിക് വാഹനങ്ങളുടെ നികുതി 10 ൽ നിന്ന് 15 ശതമാനം ഉയർത്തി. 20% വരെ വീര്യമുള്ള മദ്യത്തിൻറെ നികുതി പുനഃക്രമീകരിച്ചു.
■ക്ഷേമ പെൻഷൻ വർധനവ് ഇല്ല,
ക്ഷേമ പെൻഷൻ വർധനവ് ഇല്ലാതെ വി.ഡി.സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റ്. കേന്ദ്ര ഫണ്ടിലും വിമർശനമില്ല. പദ്ധതികളും പരിപാടികളും വേഗം കൂട്ടുമെന്നും ബജറ്റിൽ പരാമർശം.
വലിയ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും, ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതിയും സ്ത്രീകളുടെ സൗജന്യ ബസ് യാത്രയും ഉൾപ്പെടെയുള്ള ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് മുൻഗണന നൽകിയാണ് സർക്കാർ ഈ ബജറ്റ് തയാറാക്കിയിരിക്കുന്നത്.




