• സാബു തൊട്ടിപ്പറമ്പിൽ
തളരാത്ത മനസ്സും കഠിനാധ്വാനവും ഉണ്ടെങ്കിൽ എത്ര വലിയ സ്വപ്നവും നേടിയെടുക്കാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ചെന്നൈ സ്വദേശിയായ,കമ്പ്യൂട്ടർ സയൻസ് ബിരുദധാരി മഹേശ്വരി മോഹൻ എന്ന യുവതി.
തമിഴ്നാട്ടില്‍ നിന്നു തന്നെ
കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസം ഉണ്ടായിട്ടും ജോലി വേണ്ടെന്ന് വച്ച് പച്ചക്കറി കൃഷിയില്‍ വന്‍ വിജയം നേടിയ ഒരു യുവാവിന്റ കഥ കേട്ടു. തമിഴ്നാട്ടിലെ സേലം ജില്ലയിലുള്ള കമലപുരം ഗ്രാമ സ്വദേശിയായ ഗോകുൽരാജ് ആയിരുന്നു അത്.
ഇപ്പോളിതാ,തമിഴ്നാട് സ്വദേശിയായ ഒരു പെണ്‍കുട്ടിയാണ് മറ്റുള്ളവര്‍ക്ക് പ്രചോദനമായിത്തീരുന്ന കഠിനശ്രമത്തിലൂടെ വിജയം കൈവരിച്ചിരിക്കുന്ന കഥ ലോകത്തോട് പറയുന്നു.
രണ്ട് തവണ കടുത്ത തോല്‍വി നേരിട്ടിട്ടും, താൻ ഏറെ കൊതിച്ച കോഗ്നിസെന്റ് (Cognizant) എന്ന ആഗോള ഐടി കമ്പനിയിൽ ഒടുവിൽ ജോലി നേടിയെടുത്ത അവരുടെ കഥ ഇന്ന് സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് വലിയൊരു പ്രചോദനമാണ്.
സ്വപ്നങ്ങളിലേക്കുള്ള വഴിയിലെ തടസ്സങ്ങൾ
കോളേജ് പഠനകാലം മുതൽക്കേ കോഗ്നിസെന്റില്‍ കമ്പനിയുടെ ഭാഗമാകുക എന്നത് മഹേശ്വരിയുടെ വലിയൊരു ആഗ്രഹമായിരുന്നു. എന്നാൽ 2022-ൽ നടന്ന കാമ്പസ് സെലക്ഷൻ ഇന്റർവ്യൂവിൽ അവർ പരാജയപ്പെട്ടു. ആ പരാജയം അവരെ മാനസികമായി തളർത്തിയെങ്കിലും അവർ ശ്രമം ഉപേക്ഷിച്ചില്ല.
ഒരു വർഷത്തിന് ശേഷം, 2023 ജൂണിൽ കോഗ്നിസെന്റിന്റെ മറ്റൊരു ഇന്റർവ്യൂവിൽ കൂടി പങ്കെടുത്ത മഹേശ്വരി അവസാന റൗണ്ട് വരെ എത്തിയെങ്കിലും വീണ്ടും പരാജയം തന്നെയായിരുന്നു ഫലം. തുടർച്ചയായ ഈ രണ്ട് തിരസ്കരണങ്ങൾ തനിക്ക് ഈ ജോലിക്ക് ആവശ്യമായ യോഗ്യതയില്ലേ എന്ന് പോലും അവരെ സ്വയം സംശയിപ്പിച്ചു.
വഴിത്തിരിവും സ്വപ്ന സാക്ഷാത്കാരവും
പരാജയങ്ങളിൽ തളരാതെ മുന്നോട്ട് പോയ മഹേശ്വരിക്ക് 2023 നവംബറിൽ ‘HCLTech’ (ഐ ടി കമ്പനി) എന്ന പ്രമുഖ കമ്പനിയിൽ ജോലി ലഭിച്ചു. അവിടെ വെച്ച് കരിയറിൽ ഒട്ടനവധി കാര്യങ്ങൾ പഠിച്ചെടുക്കാനും ആത്മവിശ്വാസം വീണ്ടെടുക്കാനും അവർക്ക് സാധിച്ചു.
ഒടുവിൽ 2026 ഏപ്രിലിൽ കോഗ്നിസെന്റിൽ നിന്ന് ഒരു തസ്തികയിലേക്ക് (RTA role) മഹേശ്വരിയെ തേടി ഒരു അവസരമെത്തി. മുൻപ് നേരിട്ട പരാജയങ്ങളിൽ നിന്ന് ഉൾക്കൊണ്ട പാഠങ്ങളുമായി ഇന്റർവ്യൂവിനെ നേരിട്ട അവർ എല്ലാ റൗണ്ടുകളും മികച്ച രീതിയിൽ വിജയിച്ചു. അങ്ങനെ 2026 ജൂണിൽ, തന്റെ കരിയർ സ്വപ്നമായിരുന്ന കോഗ്നിസെന്റിൽ
(Cognizant )സീനിയർ പ്രോസസ് എക്സിക്യൂട്ടീവ്’ (Senior Process Executive) ആയി അവർ ജോലിയിൽ പ്രവേശിച്ചു.
തന്റെ ഈ കരിയർ യാത്രയെക്കുറിച്ച് അവർ ലിങ്ക്ഡ്ഇന്നിൽ (LinkedIn) പങ്കുവെച്ച കുറിപ്പ് നിമിഷനേരം കൊണ്ടാണ് വൈറലായത്.
“എനിക്ക് ഒരു ഫ്രഷർ ആയി കോഗ്നിസെന്റിൽ ചേരാനായിരുന്നു ആഗ്രഹം. എന്നാൽ ദൈവം എന്നെ അവിടെ ഒരു പരിചയസമ്പന്നയായ പ്രൊഫഷണൽ ആയി എത്തിച്ചു. നിങ്ങളുടെ സമയം വൈകിയതല്ല, മറിച്ച് നിങ്ങളെ അതിനായി കൂടുതൽ പ്രാപ്തയാക്കുകയായിരുന്നു,”
എന്ന അവരുടെ വരികൾ ഒരുപാട് ആളുകളുടെ ഹൃദയം കവർന്നു.
മഹേശ്വരിയെപ്പോലെ ലക്ഷക്കണക്കിന് ഐടി ഉദ്യോഗാർത്ഥികൾ സ്വപ്നം കാണുന്ന കോഗ്നിസെന്റ് (Cognizant) ലോകത്തിലെ തന്നെ ഏറ്റവും വലിയ വിവരസാങ്കേതിക (IT) സേവന ദാതാക്കളിൽ ഒന്നായ ഒരു അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയാണ്.
1994-ൽ ഇന്ത്യയിലെ ചെന്നൈയിൽ ഒരു ചെറിയ യൂണിറ്റായാണ് ഇത് ആരംഭിച്ചതെങ്കിലും, ഇന്ന് അമേരിക്കയിലെ ന്യൂജേഴ്സി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനി ലോകപ്രശസ്തമായ ഫോർച്യൂൺ 500 പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
പ്രധാന സേവനങ്ങൾ സോഫ്റ്റ്വെയർ നിർമ്മാണം, ബിസിനസ് കൺസൽട്ടിംഗ്, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ബിപിഒ (BPO) തുടങ്ങിയ വിവിധ മേഖലകളിൽ കമ്പനി സേവനങ്ങൾ നൽകുന്നു.
കമ്പനിയുടെ ആസ്ഥാനം അമേരിക്കയിലാണെങ്കിലും ഇതിന്റെ ഭൂരിഭാഗം ജീവനക്കാരും ഡെലിവറി സെന്ററുകളും പ്രവർത്തിക്കുന്നത് ഇന്ത്യയിലാണ്. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങൾക്ക് പുറമെ കേരളത്തിൽ കൊച്ചി ഇൻഫോപാർക്കിലും കോഗ്നിസെന്റിന് വലിയൊരു കാമ്പസ് ഉണ്ട്.
പരാജയങ്ങൾ എന്നത് കരിയറിന്റെ അവസാനമല്ല, മറിച്ച് കൂടുതൽ കരുത്തോടെ ലക്ഷ്യത്തിലേക്ക് തിരിച്ചെത്താനുള്ള ചവിട്ടുപടികൾ മാത്രമാണെന്ന് മഹേശ്വരി മോഹന്റെ ഈ ജീവിതകഥ നമ്മെ ഓർമ്മിപ്പിക്കുന്നു. ശരിയായ സമയത്ത് കഠിനാധ്വാനത്തിനുള്ള ഫലം നമ്മെ തേടിയെത്തുക തന്നെ ചെയ്യും.



