ജോലി കഴിഞ്ഞ് അര്‍ദ്ധരാത്രിയില്‍ മടക്കം;അപകടത്തില്‍പ്പെട്ട യുവാവ് രക്തം വാര്‍ന്ന് മരിച്ചു

കുഴൽമന്ദം: ബുധനാഴ്ച രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്ക് മറിഞ്ഞ് പരിക്കേറ്റയാൾ ആറുമണിക്കൂറോളം റോഡരികിൽകിടന്ന് രക്തംവാർന്ന് മരിച്ചു. തേങ്കുറുശ്ശി വിളയന്നൂർ ചകിരാന്തൊടി വീട്ടിൽ ഷിയാസാണ് (28) മരിച്ചത്.

വ്യാഴാഴ്ച രാവിലെ ആറുമണിയോടെ നടക്കാൻ പോയവരാണ് പരിക്കേറ്റുകിടന്ന ഷിയാസിനെ കണ്ടത്. ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് ആലത്തൂരിലെ സ്വകാരാശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പത്തുമണിയോടെ മരിച്ചു.

അപകടത്തിലേറ്റ പരിക്കുമൂലം ഷിയാസിന് എഴുന്നേൽക്കാനായില്ല. രക്തംവാർന്ന് പോയതിനാൽ ആശുപത്രിയിലെത്തിക്കുമ്പോൾ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. അപകടം സംഭവിച്ച ഉടനെ എത്തിക്കാനായിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നാണ് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചത്.

കുനിശ്ശേരിയിൽ ആമസോൺ കമ്പനിയുടെ ഡെലിവറി പോയിന്റിലെ വാൻ ഡ്രൈവറാണ് ഷിയാസ്. ബുധനാഴ്ച രാത്രി വൈകിയും ജോലിയുണ്ടായിരുന്നു. രാത്രി പതിനൊന്നുമണിയോടെ വീട്ടുകാർ ഫോണിൽ വിളിച്ചപ്പോൾ വൈകാതെ ഇറങ്ങുമെന്ന് പറഞ്ഞിരുന്നു. പന്ത്രണ്ടുമണിയോടെയാണ് അപകടമെന്ന് കരുതുന്നു.

പാതയുടെ ഇടതുവശത്തുനിന്നും ബൈക്ക് നിയന്ത്രണംവിട്ട് വലതുവശത്ത് ടാറിങ്ങിന് വെളിയിലെ മണ്ണിലൂടെ ഓടിയശേഷം മരത്തിലിടിച്ച് മറിഞ്ഞതായാണ് മനസ്സിലാക്കിയതെന്ന് ആലത്തൂർ പോലീസ് പറഞ്ഞു.കാട്ടുപന്നിയോ നായയോ കുറുകേ ചാടിയതാകാം നിയന്ത്രണംവിടാൻ കാരണമെന്ന് സംശയുമുണ്ട്.