
പ്രൊഫ. ഡോ. ഓമന റസ്സൽ (റിട്ട).
സീനിയർ അക്കാദമിക് ഫെലോ
ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ ഡൽഹി
എൻ്റെ രണ്ടാമത്തെ അമേരിക്കൻ സന്ദർശന വേളയിലാണ് ഹ്യൂസ്റ്റണിൽ വച്ച് ഞാൻ ജോർജ് മണ്ണിക്കരോടിനെ പരിചയപ്പെടുന്നത്. ഞങ്ങളുടെ സുഹൃത്ത് നൈനാൻ മാത്തുള്ള യാണ് ഈ പരിചയപ്പെടുത്തലിന് അവസരമൊരുക്കിയത്. ഹ്യൂസ്റ്റണിലെ മലയാളി അസോസിയേഷൻ ഭാരവാഹികളായിരുന്നു ഇവരൊക്കെ. പ്രസിഡൻ്റ് ജോർജ് മണ്ണിക്കരോട് . പെന്തക്കോസ്തു സഭാംഗങ്ങളായ മാത്തുള്ളയും മറ്റൊരാളുമാണ്
ഈ സെക്കുലർ സംഘടനയിൽ ഉണ്ടായിരുന്നത്.
മണ്ണിക്കരോടുമായി പരിചയപ്പെടുവാൻ മറ്റൊരു കാരണം കൂടിയുണ്ട്. ഡോ. ഏബ്രഹാം ചാക്കോ ശുശ്രൂഷിക്കുന്ന ഹ്യൂസ്റ്റൺ ലിവിംഗ് വാട്ടേഴ്സ് ചർച്ചിൽ ഞാൻ അവതരിപ്പിച്ച ഒരു ചരിത്ര പഠന ക്ലാസിൽ ഡോ. മണ്ണിക്കരോടും ഉണ്ടായിരുന്നു.
കേരളത്തിലെ സ്ത്രീകളുടെ സാമൂഹ്യ പദവി ഉയർത്തിയതിൽ ബൈബിളിൻ്റെ പങ്ക് എന്നതായിരുന്നു വിഷയം. വിൽസൺ കിഴക്കേടത്ത് ആയിരുന്നു ആ സെമിനാറിൻ്റെ മുഖ്യസംഘാടകൻ.
ആ ക്ലാസ്സ് കഴിഞ്ഞ ഉടനെ മാത്തുള്ള വഴി എന്നോട് മലയാള ഭാഷയെ കുറിച്ച് ഒരു ക്ലാസ് എടുക്കാമോ എന്ന് ചോദിച്ചു. അദ്ദേഹം മലയാള ഭാഷയെ അത്രമാത്രം സ്നേഹിച്ചിരുന്നു. ഈടുറ്റ നിരവധി പുസ്തകങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. മലയാള ഭാഷയിൽ അഗാധമായ പാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഞാനൊരു ചരിത്രാദ്ധ്യാപികയായിരുന്നതുകൊണ്ടും മലയാള ഭാഷയ്ക്ക് നീണ്ട ചരിത്രമുള്ളതുകൊണ്ടും ഞാൻ സമ്മതിച്ചു. വിഷയം റ്റീച്ചറിന് തെരഞ്ഞെടുക്കാം എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ” മലയാള ഭാഷയുടെ വികാസപരിണാമങ്ങൾ ” എന്ന വിഷയത്തെ ആസ്പദമാക്കി ഞാൻ സംസാരിച്ചു. ഒരു ചരിത്രാദ്ധ്യാപികയ്ക്ക് മലയാള ഭാഷയെപ്പറ്റി ഇത്രയും ആധികാരികമായി പറയാൻ പറ്റുമോ എന്ന് നന്ദി പറയവേ ജോർജ് മണ്ണിക്കരോട് പറഞ്ഞത് ഞാനോർക്കുന്നു.
വനിതയായി ഡോ. പൊന്നു പിള്ള മാത്രമായിരുന്നു അന്നുണ്ടായിരുന്നത്. വിവിധ സമുദായസ്ഥരുടെ ബൗദ്ധികമായ ഒരു സദസായിരുന്നു അത്. പലരും എൻ്റെ കണ്ടെത്തലുകളെ ആധാരമാക്കിയും അല്ലാതെയും സംസാരിച്ചു. മടങ്ങവേ എനിക്ക് ഒരു പാരിതോഷികം തരാനും അവർ മറന്നില്ല. ആ കൂടെ ജോർജ് മണ്ണിക്കരോടിൻ്റെ ‘ മാറ്റമില്ലാത്ത മലയാളികൾ ‘ എന്ന പുസ്‌തകവും എനിക്ക് സമ്മാനിച്ചു. അന്നു രാത്രിയിൽ ഹ്യൂസ്റ്റണിലെ അങ്കമാലിക്കാരായ ഒരു കത്തോലിക്കാകുടുംബത്തിലും കുടുംബ ഭദ്രതയെപ്പറ്റി ഞാൻ സംസാരിക്കുകയുണ്ടായി.
ആരെയും അംഗീകരിക്കാൻ മടിക്കാത്ത വ്യക്തി. ഭാഷയെ പ്രണയിച്ച മഹാൻ. മലയാള രക്തം സിരകളിൽ പേറി നടന്ന എഴുത്തുകാരൻ, ഇഹ ലോകം വിട്ടു പോയിരിക്കുന്നു. മരിക്കാത്ത കുറെ ഓർമ്മകൾ നമുക്കായ് ബാക്കിവച്ചിട്ട് .
മലയാളഭാഷയെപ്പറ്റി മഹാകവി
വള്ളത്തോൾ നാരായണ മേനോൻ തൻ്റെ കവിതയിൽ ഇങ്ങനെ എഴുതി.
‘ മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ,
മർത്യന്നു പെറ്റമ്മ തൻ ഭാഷതാൻ,
മാതാവിൻ വാൽസല്യ ദുഗ്ധം നുകർന്നാലേ,
പൈതങ്ങൾ പൂർണ്ണ വളർച്ച നേടൂ’ .
ജോർജ് മണ്ണിക്കരോട് സാറിന് എൻ്റെ പ്രണാമം.



