തിരുവനന്തപുരം: ബന്ധുനിയമന ആരോപണത്തെത്തുടര്‍ന്ന് മന്ത്രി സണ്ണി ജോസഫിന്റെ അളിയന് രാജിവച്ചു. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസിന്റെ രാജിക്കത്ത് മുഖ്യമന്ത്രി വി.ഡി സതീശന് കൈമാറി.
വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സഹോദരിയുടെ ഭര്‍ത്താവാണ് ബെന്നി തോമസ്.
സ്വന്തം സഹോദരിയുടെ ഭര്‍ത്താവിനെ സ്റ്റാഫില്‍ നിയമിച്ചതില്‍ തെറ്റില്ലെന്ന നിലപാടിലായിരുന്നു മന്ത്രി. എന്നാല്‍ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്ന് പോലും വിമര്‍ശനം ഉയരുകയും പ്രതിപക്ഷം വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയും ചെയ്തതോടെയാണ് രാജിയിലേക്ക് വഴിതെളിച്ചത്.
അതേസമയം തന്റെ സഹോദരിയുടെ ഭര്‍ത്താവ് എന്ന നിലയ്ക്ക് അല്ലായിരുന്നു ബെന്നിയുടെ നിയമനമെന്ന വിശദീകരണമാണ് സണ്ണി ജോസഫ് നല്‍കിയിരുന്നത്. പാര്‍ട്ടി ഡിസിസി തന്നെയാണ് മാതൃകാ പൊതുപ്രവര്ത്തകന് എന്ന നിലയില്‍ ബെന്നിയെ ശുപാര്‍ശ ചെയ്തതെന്നും മന്ത്രി പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ ചീഫ് ഏജന്റായി പ്രവര്‍ത്തിച്ചതും ബെന്നിയായിരുന്നുവെന്ന് സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു.
സത്യസന്ധനായ മാതൃകാ പൊതുപ്രവര്‍ത്തകനാണ് അദ്ദേഹം. നിയമനത്തില്‍ നിയമപരമായ തടസമില്ല. വേറെ എവിടെ എങ്കിലും നിയമിച്ചിട്ട് ഇവിടെ ജോലി ചെയ്യുന്ന തരത്തിലുള്ള കാപട്യത്തിന് തയ്യാറായിട്ടില്ല. സഹോദരീ ഭര്‍ത്തവാണെന്ന് എല്ലാവരെയും പരിചയപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. തന്റെ സ്വന്തം സഹോദരനെയല്ല സ്റ്റാഫ് ആയി നിയമിച്ചതെന്ന് ന്യായീകരണവും മന്ത്രി ഉയര്‍ത്തിയിരുന്നു.



