ബഹിരാകാശ പേടകത്തില്‍ വായു ചോര്‍ച്ച; ഐഎസ്എസ്-ലേക്ക് മാറാന്‍ ക്രൂ അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം

ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ റഷ്യൻ ഭാഗത്തെ വായു ചോർച്ച. അറ്റകുറ്റപ്പണികൾ താൽക്കാലികമായി നിർത്തിവച്ച് ബഹിരാകാശയാത്രികർക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേയ്ക്ക് മടങ്ങാൻ നിർദ്ദേശം നൽകി നാസ.

ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ അഭയം പ്രാപിച്ച ക്രൂ അംഗങ്ങളോട് ഐ‌എസ്‌എസി- (അന്താരാഷ്ട്ര ബഹിരാകാശ നിലയം) ലേക്ക് മടങ്ങാൻ പറഞ്ഞതായാണ് നാസ വ്യക്തമാക്കുന്നത്. നാസ വക്താവ് ബെഥാനി സ്റ്റീവൻസാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.

പി‌ആർ‌കെ എന്നറിയപ്പെടുന്ന സ്വെസ്ഡ സർവീസ് മൊഡ്യൂൾ ട്രാൻസ്ഫർ ടണലിനുള്ളിലെ ഘടനാപരമായ അറ്റകുറ്റപ്പണികൾ റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് വെള്ളിയാഴ്ച താൽക്കാലികമായി നിർത്തിവച്ചു. ഈ സംഭവവികാസം കണക്കിലെടുത്ത്, ഡ്രാഗൺ ബഹിരാകാശ പേടകത്തിനുള്ളിലെ ക്രൂ അംഗങ്ങളോട് സുരക്ഷിത താവള നടപടിക്രമങ്ങൾ അവസാനിപ്പിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സാധാരണ പ്രവർത്തനങ്ങളിലേക്ക് മടങ്ങാൻ നിർദ്ദേശിച്ചു’ എന്നാണ് നാസ വ്യക്തമാക്കുന്നത്.

ചോർച്ചകൾ പരിഹരിക്കുന്നതിനായി റോസ്‌കോസ്‌മോസുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും നാസ വ്യക്തമാക്കിയിട്ടുണ്ട്. എക്സ് പോസ്റ്റിലൂടെയായിരുന്നു നാസയുടെ പ്രസ്താവന.

അടിയന്തിര സാഹചര്യമുണ്ടായാൽ ഭൂമിയിലേക്ക് മടങ്ങാൻ ബഹിരാകാശ യാത്രികർ സ്പേസ് സ്യൂട്ടുകൾ ധരിച്ച് തയ്യാറെടുത്തിരുന്നു. ചോർച്ച പരിഹരിക്കാനുള്ള ശ്രമം താൽകാലികമായി നിർത്തിവെച്ചതിനാൽ യാത്രികരോട്ഐ എസ്എസിലേക്ക് മടങ്ങാൻ നാസ നിർദേശം നൽകുകയായിരുന്നു. രണ്ട് ചോർച്ചകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഒന്ന് ഇതിനകം പരിഹരിച്ചിട്ടുണ്ടെന്നുമാണ് റോസ്‌കോസ്‌മോസ് ബഹിരാകാശ ഏജൻസിയെ ഉദ്ധരിച്ച് റഷ്യയുടെ ഇന്റർഫാക്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.

സ്വെസ്ഡ മൊഡ്യൂളിൽ വീണ്ടും മർദ്ദം ചെലുത്തിയപ്പോൾ ചോർച്ച കണ്ടെത്തിയതായും രണ്ടാമത്തെ ചോർച്ച പരിഹരിക്കാനുള്ള തയ്യാറെടുപ്പിനിടെ ഒന്ന് വേഗത്തിൽ അടച്ചതായുമായാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ക്രൂവും ഐ‌എസ്‌എസിലെ ഓൺബോർഡ് സിസ്റ്റങ്ങളും അപകടത്തിലായിരുന്നില്ലെന്നാണ് റോസ്‌കോസ്‌മോസിനെ ഉദ്ധരിച്ച് റഷ്യയുടെ ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിലവില്‍ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള ഏഴ് ക്രൂ അംഗങ്ങളാണുള്ളത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) കഴിഞ്ഞ 25 വർഷമായി ഭൂമിയെ വലംവെക്കുന്നു, ഇത് ലോകത്തിലെ ഏറ്റവും സങ്കീർണ്ണമായ അന്താരാഷ്ട്ര എഞ്ചിനീയറിംഗ് പ്രോജക്റ്റുകളിൽ ഒന്നാണ്. ഈ നിലയത്തിൽ റഷ്യ, യുഎസ് എന്നീ രാജ്യങ്ങളുടെ ഭാഗങ്ങളും യൂറോപ്യൻ, ജാപ്പനീസ് ബഹിരാകാശ ഏജൻസികളുടെ മോഡ്യൂളുകളും അടങ്ങിയിരിക്കുന്നു. ഏകദേശം ഒരു ഫുട്ബോൾ മൈതാനത്തിന്റെ നീളമുള്ള ഈ നിലയം മണിക്കൂറിൽ 17,000 മുതൽ 17,500 മൈൽ വേഗതയിൽ സഞ്ചരിക്കുകയും, ഓരോ 90 മിനിറ്റിലും ഭൂമിയെ ഒരു തവണ വലംവെക്കുകയും ചെയ്യുന്നു.

വിവിധ ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുന്നതിനൊപ്പം, ദീർഘകാല ബഹിരാകാശ ദൗത്യങ്ങൾ മനുഷ്യശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്ന് മനസ്സിലാക്കാൻ ബഹിരാകാശയാത്രികരെ തന്നെ ഇവിടെ പഠനവിധേയരാക്കുന്നു. മിക്കവാറും എല്ലാ ക്രൂ അംഗങ്ങളും ഏകദേശം ആറ് മാസത്തോളമാണ് ഈ ബഹിരാകാശ നിലയത്തിൽ ചെലവഴിക്കുന്നത്.